Monday, April 14, 2014

"കാലില്ലാത്തവന്റെ യാതന ഷൂ ഉള്ളവന്‍ അറിയണം"

""കാലില്ലാത്തവന്റെ യാതന ഷൂ ഉള്ളവരെ അറിയിക്കണമെന്നതാണ് ഈ തെരഞ്ഞെടുപ്പ് എന്നില്‍ ഊട്ടി ഉറപ്പിച്ച പാഠം. ഗ്രാമങ്ങളില്‍ മാത്രമല്ല, നഗരങ്ങളിലെ ചേരികളിലടക്കം സഹായം ആവശ്യമുള്ള മനുഷ്യരുണ്ട്. ഇവരെ തിരിച്ചറിയാന്‍ സമ്പത്തും ഉന്നത വിദ്യാഭ്യാസവും ഉയര്‍ന്ന ജോലിയുമൊക്കെയുള്ള വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കഴിയണം. പറ്റുമെങ്കില്‍ ഗ്രാമങ്ങളിലെയോ ചേരികളിലെയോ ഒരു കുടുംബത്തെയെങ്കിലും ദത്തെടുക്കണം. കഴിയുന്ന സഹായമെത്തിക്കണം. ഇടവേളകളില്‍ ഇവരെ നേരില്‍കണ്ട് വിവരങ്ങള്‍ ആരായണം. ഈ കുടുംബങ്ങളുടെ ജീവിതമെന്തെന്ന് തങ്ങളുടെ കുട്ടികളെയും നേരിട്ട് ബോധ്യപ്പെടുത്തണം. എങ്കിലേ സഹപാഠിയുടെ ഷൂവിന്റെ വില തന്റേതിനേക്കാള്‍ കൂടുതലാണെന്നുള്ള അമര്‍ഷം പ്രകടിപ്പിക്കുന്ന പുതിയ തലമുറയില്‍ മാറ്റമുണ്ടാകൂ""- എല്‍ഡിഎഫ് തിരുവനന്തപുരം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ബെനറ്റ് എബ്രഹാം നാലാഴ്ചയോളം നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കുശേഷം അനുഭവങ്ങള്‍ വിലയിരുത്തുന്നു.

""എന്റെ പൊതുപ്രവര്‍ത്തന മേഖല ഗ്രാമങ്ങളായിരുന്നു. കഴിയുന്നത്ര സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നു. എന്നാല്‍, ഗ്രാമങ്ങളിലെ ദരിദ്ര ജീവിതത്തേക്കാള്‍ ദുരിതമയമായ നഗര ജീവിതം കാണാനും നേരിട്ടു മനസിലാക്കാനും തെരഞ്ഞെടുപ്പ് സഹായിച്ചു. തീരമേഖലയിലും ഇതേ സ്ഥിതിയുണ്ട്. സ്വീകരണ കേന്ദ്രങ്ങളില്‍ തടിച്ചുകൂടിയവരില്‍ പലരും സഹായം തേടുന്നവരായിരുന്നു. ഇവിടെ സാമൂഹികമായി മുന്നിട്ടുനില്‍ക്കുന്നവര്‍ യാന്ത്രിക ജീവിതത്തിലാണെന്നാണ് എന്റെ പക്ഷം. ചുറ്റുപാടുകളെ കാണുന്നവര്‍ വിരളം. ശേഷിയുള്ളവര്‍ നടത്തുന്ന സന്നദ്ധ പ്രവര്‍ത്തനം വെറും പ്രകടിപ്പിക്കല്‍ മാത്രമാണോയെന്ന് സംശയമുദിച്ചത് സ്വാഭാവികം. ഇവിടെയും സുതാര്യതയുടെ ആവശ്യമുണ്ടെന്നുതോന്നുന്നു. പ്രാദേശിക സര്‍ക്കാരുകളെയടക്കം ഇത്തരം കാര്യങ്ങളില്‍ സഹകരിപ്പിക്കുകയോ, പങ്കാളിത്തം തേടുകയോ ചെയ്താല്‍ കൂടുതല്‍ പ്രയോജനമുണ്ടാകുമെന്നാണ് മനസിലാക്കുന്നത്"". മണ്ഡലത്തിലെ നഗര കേന്ദ്രീകൃത മേഖലയില്‍ വോട്ടിങ് നില കുറയുന്നതിനും ഗ്രാമീണ മേഖലയില്‍ ഉയരുന്നതിനും ബെനറ്റിന് സ്വന്തമായ നിരീക്ഷണമുണ്ട്. ""പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് ജനാധിപത്യത്തിലുള്ള വിശ്വാസം സാമൂഹികമായി ഉയര്‍ന്ന വിഭാഗത്തില്‍പ്പെട്ടവര്‍ക്കില്ല. ഉയര്‍ന്ന ജീവിത സാഹചര്യമുള്ള പ്രദേശങ്ങളില്‍ പോളിങ് ശതമാനം കുറയുന്നു. അവര്‍ക്ക് തെരഞ്ഞെടുപ്പ് വലിയ വിഷയമല്ല. പാവപ്പെട്ട ഗ്രാമീണര്‍ തെരഞ്ഞെടുപ്പ് ഉത്സവമാക്കുന്നു. ആ ആഘോഷത്തിനെ എല്ലാ അര്‍ഥത്തിലും ആസ്വദിക്കാനുള്ള അവസരമാണ് ലഭിച്ചത്""- തെരഞ്ഞെടുപ്പ് രംഗത്ത് കന്നിക്കാരനായ ബെനറ്റ് വിലയിരുത്തുന്നു.

ജി രാജേഷ്കുമാര്‍ deshabhimani

No comments:

Post a Comment