Saturday, April 5, 2014

മന്‍മോഹന്‍സിങ്ങും ഉമ്മന്‍ചാണ്ടിയും അഴിമതിയുടെ ചീഫ് പ്രൊമോട്ടര്‍മാര്‍: യെച്ചൂരി

കൊച്ചി: രാജ്യം മതേതരമായി നിലനില്‍ക്കണമെങ്കില്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ്, ബിജെപി ഇതര സര്‍ക്കാര്‍ അധികാരത്തിലേറണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. ജനവിരുദ്ധ നയങ്ങളിലൂടെ മഹാഭൂരിപക്ഷത്തിന്റെ ജീവിതമാണ് കോണ്‍ഗ്രസ് തകര്‍ത്തതെങ്കില്‍, മതേതര ഇന്ത്യയുടെ ഭാവിയാണ് ബിജെപി ഇല്ലാതാക്കുക. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും ഓഫീസ് അഴിമതിക്കാരുടെ കേന്ദ്രമായി. അഴിമതിയുടെ ചീഫ് പ്രൊമോട്ടര്‍മാരായി അവര്‍ മാറിയെന്നും യെച്ചൂരി പറഞ്ഞു. ചാലക്കുടി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇന്നസെന്റിന്റെ തെരഞ്ഞെടുപ്പു പ്രചാരണാര്‍ഥം പുത്തന്‍കുരിശിലും ശ്രീമൂലനഗരത്തും നടന്ന റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു യെച്ചൂരി.

ഇപ്പോഴത്തെ സാമ്പത്തികനയം തിരുത്തിയിരുന്നെങ്കില്‍ രാജ്യത്തെ എല്ലാവര്‍ക്കും ഭക്ഷണവും തൊഴിലും ലഭ്യമാക്കാമായിരുന്നു. എന്നാല്‍, കുറച്ചു പേര്‍ക്ക് തിളക്കമുള്ളതും ഭൂരിപക്ഷം പേര്‍ക്കും ദുരിതം നിറഞ്ഞതുമായ ഇന്ത്യയെയാണ് കോണ്‍ഗ്രസ് സമ്മാനിച്ചത്. ഈ നയംതന്നെയാണ് ബിജെപിയും പിന്തുടരുക. സാമ്പത്തികനയങ്ങളുടെ കാര്യത്തില്‍ ഇവര്‍ ഒന്നാണ്. ഈ സാഹചര്യത്തില്‍ "57-ല്‍ ബാലറ്റിലൂടെ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ അധികാരത്തിലേറ്റിയ കേരള ജനത ബദല്‍നയങ്ങളുള്ള സര്‍ക്കാരിനെ അധികാരത്തിലേറ്റുന്നതിലും ഉത്തരവാദിത്തം നിര്‍വഹിക്കണം. കേരളം രാജ്യത്തിന് വഴികാട്ടണം. കോണ്‍ഗ്രസ്സിലെ 56 നേതാക്കളാണ് ബിജെപി സ്ഥാനാര്‍ഥികളായി മാറിയത്. അഴിമതിയുടെ കാര്യത്തിലും രണ്ടിന്റെയും സ്വഭാവം ഒന്നാണെന്ന് ഇതു വ്യക്തമാക്കുന്നു. ചാലക്കുടി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ പി സി ചാക്കോ 2ജി സ്പെക്ട്രം കേസ് അന്വേഷിച്ച പാര്‍ലമെന്ററി കമ്മിറ്റിയുടെ അധ്യക്ഷനായി ഇരുന്ന് അഴിമതിക്കാരെ സംരക്ഷിച്ചയാളാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ രാജ്യത്തിന്റെ മതേതരത്വം സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് ഇടതുപക്ഷത്തെ പിന്തുണയ്ക്കണം.

രാജ്യത്ത് വര്‍ഗീയഭീഷണി ശക്തമാകാന്‍ കാരണം കോണ്‍ഗ്രസ് ആണ്. ഇവരാണ് ബിജെപിക്ക് അധികാരത്തിലേറാന്‍ വഴിയൊരുക്കിയത്. വര്‍ഗീയശക്തി അധികാരത്തില്‍ തുടരാതിരിക്കാനാണ് 2004-ല്‍ ഇടതുപക്ഷം യുപിഎ സര്‍ക്കാരിനെ പിന്തുണച്ചത്. വിദ്യാഭ്യാസ അവകാശം, വിവരാവകാശം തുടങ്ങിയ ജനോപകാരപ്രദമായ പലതും നടപ്പാക്കിയത് ഇടതുപക്ഷത്തിന്റെ സമ്മര്‍ദഫലമായാണ്. ബിജെപി അധികാരത്തിലെത്തിയാല്‍ ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ നടപ്പാക്കുമെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭൂമിയുടെ സ്വകാര്യവല്‍ക്കരണത്തിനാണ് അവരുടെ ഊന്നല്‍. ഗുജറാത്തില്‍ ഒരു നാനോ കാറിന് 60,000 രൂപ സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നു. ആ പണം കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും നല്‍കിയാല്‍ വിപ്ലവകരമായ മാറ്റമുണ്ടാകും. എന്നാല്‍, കുത്തകകളെ സഹായിക്കലാണ് ബിജെപിയുടെ നയം. ചടങ്ങില്‍ പി എ കൃഷ്ണന്‍ അധ്യക്ഷനായി. നടന്‍ ജാഫര്‍ ഇടുക്കി, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം സി ബി ദേവദര്‍ശനന്‍ എന്നിവര്‍ സംസാരിച്ചു. വി കെ അയ്യപ്പന്‍ സ്വാഗതം പറഞ്ഞു.ശ്രീമൂലനഗരം മേത്തര്‍ പ്ലാസ ഗ്രൗണ്ടിലെ യോഗത്തില്‍ പ്രഫ. എസ് രവീന്ദ്രന്‍ അധ്യക്ഷനായി. ടി കെ സന്തോഷ് സ്വാഗതം പറഞ്ഞു. സി എന്‍ മോഹനന്‍, അഡ്വ. ജി വിജയന്‍, അനില്‍ കാഞ്ഞിലി, മുരളി പുത്തന്‍വേലി, അഡ്വ. വി സലിം, ടി ഐ ശശി എന്നിവര്‍ സംസാരിച്ചു. പ്രകടനവും ഉണ്ടായി. കുറുമശേരിയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ ടി പി വിശ്വനാഥന്‍ അധ്യക്ഷനായി. എം പി പത്രോസ്, ചാള്‍സ് ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.

deshabhimani

No comments:

Post a Comment