Saturday, April 5, 2014

ബാബറി മസ്ജിദ് തകര്‍ത്തത് കോണ്‍ഗ്രസ് പിന്തുണയോടെ

ന്യൂഡല്‍ഹി: സംഘപരിവാര്‍ 1992ല്‍ ബാബറി മസ്ജിദ് തകര്‍ത്തത് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പിന്തുണയോടെയും അറിവോടെയുമായിരുന്നെന്ന് വെളിപ്പെടുത്തല്‍. പള്ളിപൊളിക്കാനുള്ള "കര്‍സേവ"നയിച്ചവരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വാര്‍ത്താപോര്‍ട്ടല്‍കോബ്രപോസ്റ്റാണ് ഒളിക്യാമറ ഓപ്പറേഷനിലൂടെ ഇക്കാര്യം തെളിവുസഹിതം പുറത്തുവിട്ടത്.

പള്ളി പൊളിക്കാന്‍ നരസിംഹറാവുസര്‍ക്കാര്‍ ഏതൊക്കെ വിധം സഹായിച്ചുവെന്ന് ബിജെപി എംപി വിനയ് കത്യാര്‍, ബി എല്‍ ശര്‍മ, സന്തോഷ് ദുബെ, സാക്ഷി മഹാരാജ്, മഹന്ത് രാംവിലാസ് വേദാന്തി എന്നിവര്‍ വെളിപ്പെടുത്തി. യുപിയില്‍ കല്യാണ്‍സിങ്ങിന്റെ ബിജെപി സര്‍ക്കാരും കേന്ദ്രത്തില്‍ പി വി നരസിംഹറാവുവിന്റെ കോണ്‍ഗ്രസ് സര്‍ക്കാരുമായിരുന്നു. പള്ളി പൊളിക്കുമെന്ന വിവരം കേന്ദ്രത്തിന് മുന്‍കൂട്ടി അറിയാമായിരുന്നു- വിനയ് കത്യാറും കൂട്ടരും പറയുന്നു.

പള്ളി പൊളിക്കുന്നതിനെ പ്രധാനമന്ത്രിയടക്കം അനുകൂലിച്ചു. കേന്ദ്രസേന ഇടപെടില്ലെന്ന് ഉറപ്പാക്കി. സംസ്ഥാന പൊലീസും സര്‍ക്കാര്‍സംവിധാനവും സഹായിച്ചു. ആക്രമിക്കുമ്പോള്‍ ആരും തടഞ്ഞില്ല. അതിനാല്‍ എളുപ്പത്തില്‍ എല്ലാം തീര്‍ത്തു. ഡിസംബര്‍ ആറിന് രാവിലെ പ്രധാനമന്ത്രി നരസിംഹറാവു ബിജെപി നേതാക്കളെ ഫോണില്‍ വിളിച്ച് കാര്യങ്ങളുടെ പുരോഗതി തിരക്കി. രാത്രി വീണ്ടും വിശേഷം ചോദിച്ചറിഞ്ഞു.

1990ലെ കര്‍സേവയില്‍നിന്ന് വ്യത്യസ്തമായിരുന്നു 1992ല്‍. 1990ല്‍ കേന്ദ്രത്തിലും യുപിയിലും ജനതാദള്‍ ഭരണം. കേന്ദ്രത്തില്‍ പ്രധാനമന്ത്രി വി പി സിങ്ങും ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി മുലായംസിങ് യാദവും സംഘപരിവാറിനെതിരെ കര്‍ക്കശനിലപാടെടുത്തു. പള്ളി ആക്രമിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ വെടിവച്ചു. പൊലീസ് കര്‍ക്കശമായി ഇടപെടുമെന്ന് ഉറപ്പായപ്പോള്‍ കര്‍സേവകര്‍ പിന്‍വാങ്ങി. കേന്ദ്രത്തിലെയും യുപിയിലെയും അധികാരമാറ്റമാണ് 1992 ഡിസംബര്‍ ആറിന് വീണ്ടും കര്‍സേവയ്ക്ക് സംഘപരിവാറിനെ പ്രേരിപ്പിച്ചത്. പള്ളി പൊളിക്കുമെന്നത് ചുരുക്കം ചില നേതാക്കള്‍മാത്രമാണ് അറിഞ്ഞിരുന്നതെന്ന് കര്‍സേവയില്‍ സജീവപങ്കാളികളായ 23 പേരുമായി നടത്തിയ സംഭാഷണങ്ങളില്‍ കോബ്രപോസ്റ്റ് വെളിപ്പെടുത്തുന്നു. "ഓപ്പറേഷന്‍ ജന്മഭൂമി" എന്ന പേരിലായിരുന്നു പദ്ധതി. ഇതിനായി 1992 ജൂണില്‍ ബജ്രംഗ്ദള്‍ 38 പേര്‍ക്ക് സൈനികസമാനമായ പരിശീലനം നല്‍കി. സൈന്യത്തില്‍നിന്ന് വിരമിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥരായിരുന്നു പരിശീലകര്‍. അയോധ്യയിലെ നീല്‍ടിലയിലും പരിശീലനമുണ്ടായി. പിന്നീട് ഇവരുടെ നേതൃത്വത്തില്‍ 1200 ആര്‍എസ്എസുകാരെ ഉള്‍പ്പെടുത്തി ലക്ഷ്മണ്‍സേനയുണ്ടാക്കി. ഇവരെ പത്തുപേരടങ്ങുന്ന സംഘമായി തിരിച്ചു. കപ്പി, കൊളുത്ത്, പിക്കാസ്, കയര്‍ തുടങ്ങിയ സാമഗ്രികള്‍ നല്‍കി. ബലിദാനിസംഘം എന്ന ചാവേര്‍പ്പടയെയും ഒരുക്കി.

ശിവസേനയും പള്ളി തകര്‍ക്കാന്‍ പ്രത്യേക സംഘമുണ്ടാക്കി. ഇവരുടെ പക്കല്‍ ഡൈനാമിറ്റും പെട്രോള്‍ബോംബുമുണ്ടായിരുന്നു. ഡിസംബര്‍ ആറിന് ആയിരക്കണക്കിന് കര്‍സേവകര്‍ ഒത്തുകൂടി. രാംവിലാസ് വേദാന്തി പ്രതിജ്ഞചൊല്ലിയതിനുപിന്നാലെയായിരുന്നു ആക്രമണം. 1949ല്‍ ബാബറിപള്ളിയില്‍ പെട്ടെന്ന് രാമവിഗ്രഹം പ്രത്യക്ഷമായത് എങ്ങനെയെന്നും കോബ്രപോസ്റ്റ് വെളിപ്പെടുത്തുന്നു. രണ്ടുവട്ടം കിഴക്കന്‍ ഡല്‍ഹി എംപിയായിരുന്ന വൈകുണ്ഠലാല്‍ ശര്‍മയുടേതാണ് വെളിപ്പെടുത്തല്‍.

1949 ഡിസംബര്‍ 15ന് ഫൈസാബാദ് ജില്ലാ മജിസ്ട്രേട്ട് കെ കെ നയാരും മജിസ്ട്രേട്ട് ഗുരുദത്ത് സിങ്ങും രാമചന്ദ്രദാസ് എന്ന പുരോഹിതനും ചേര്‍ന്ന് വിഗ്രഹം സ്ഥാപിക്കുകയായിരുന്നു. ഫൈസാബാദില്‍ സൈന്യത്തില്‍ വാറന്റ് ഓഫീസറായിരുന്ന വൈകുണ്ഠലാല്‍ വിഗ്രഹം സ്ഥാപിക്കുന്നതിന് സാക്ഷിയാണ്. കെ കെ നയാര്‍ "52ല്‍ സ്വയം വിരമിച്ച് ജനസംഘത്തില്‍ ചേര്‍ന്നു. "67ല്‍ എംപിയായി. "86ല്‍ രാജീവ്ഗാന്ധി സര്‍ക്കാര്‍ പൂജ നടത്താന്‍ ബാബറിപള്ളി തുറന്നുകൊടുത്തതോടെയാണ് വിഷയം വീണ്ടും സജീവമായതെന്നും കോബ്രപോസ്റ്റ് വെളിപ്പെടുത്തി.

എം പ്രശാന്ത് ദേശാഭിമാനി

No comments:

Post a Comment