Thursday, April 17, 2014

തിളച്ചുമറിഞ്ഞ് കന്യാകുമാരി

തമിഴ്നാട്ടിലെ വിശേഷപ്പെട്ട തെരഞ്ഞെടുപ്പ് പോരാട്ടമാണ് കന്യാകുമാരിയില്‍ അരങ്ങേറുന്നത്. ഷഡ്കോണ മത്സരമാണിവിടെ. എഐഎഡിഎംകെ, ഡിഎംകെ എന്നീ പ്രധാന ദ്രാവിഡ രാഷ്ട്രീയ പാര്‍ടികളല്ല ഇവിടെ ജനവിധിയില്‍ സുപ്രധാന പങ്ക് വഹിക്കുന്നതെന്നത് ചരിത്രം. സിപിഐ എം, കോണ്‍ഗ്രസ്, ബിജെപി എന്നീ പാര്‍ടികളും മത്സരരംഗത്ത് പ്രധാനികളാണ്. ഒപ്പം ആം ആദ്മി പാര്‍ടിയും ചേരുമ്പോള്‍ ഷഡ്കോണ മത്സരചിത്രമായി. കോണ്‍ഗ്രസിന്റെ സഹായമില്ലാത്ത ഡിഎംകെയും ഇടതു പാര്‍ടികളുടെ സഹായമില്ലാത്ത എഐഎഡിഎംകെയും മണ്ഡലത്തില്‍ വലിയ ശക്തികളല്ല. കാമരാജിനെ തോല്‍പ്പിക്കാന്‍ കരുണാനിധി ഇറങ്ങി പരാജയപ്പെട്ട സ്ഥലമാണിത്.

1969ല്‍ നേശമണിയുടെ മരണത്തെതുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായും പിന്നീട് 1971ല്‍ സംഘടനാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായും കാമരാജ് നാഗര്‍കോവിലില്‍ (കന്യാകുമാരി മണ്ഡലത്തിന്റെ മുന്‍ പേര്) നിന്ന് പാര്‍ലമെന്റിലെത്തി. കാമരാജിനെ തോല്‍പ്പിക്കാന്‍ അണ്ണാദുരൈയോട് രാജാജി പ്രത്യേകം സഹായാഭ്യര്‍ഥന നടത്തിയപ്പോഴാണ് കരുണാനിധിയെ തെരഞ്ഞെടുപ്പു ചുമതലയുമായി കന്യാകുമാരിക്കയച്ചത്. കരുണാനിധിയുടെ വാഗ്വൈഭവത്തിന് കാമരാജിന്റെ സ്വാധീനം തകര്‍ക്കാനായില്ല. പ്രമുഖരാണ് കന്യാകുമാരിയില്‍ മത്സരിക്കുന്നത്. 2004 മുതല്‍ 2009 വരെ നാഗര്‍കോവിലിനെ പാര്‍ലമെന്റില്‍ പ്രതിനിധാനംചെയ്ത എ വി ബെല്ലാര്‍മിന്‍ സിപിഐ എം സ്ഥാനാര്‍ഥിയായി രംഗത്തുണ്ട്. എച്ച് വസന്തകുമാറാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ബിജെപി സ്ഥാനാര്‍ഥിയായി മുന്‍ എംപി പൊന്‍ രാധാകൃഷ്ണനും ഡിഎംകെ സ്ഥാനാര്‍ഥിയായി എഫ് എം രാജരത്തിനവും എഐഎഡിഎംകെ സ്ഥാനാര്‍ഥിയായി ഡി ജോണ്‍ തങ്കവുമുണ്ട്. കൂടംകുളം ആണവനിലയവിരുദ്ധ സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന എസ് പി ഉദയകുമാറാണ് ആംആദ്മി സ്ഥാനാര്‍ഥി. ഇവര്‍ക്കു പുറമെ ബിഎസ്പി, സിപിഐ എംഎല്‍ ലിബറേഷന്‍, സിപിഐ എംഎല്‍ റെഡ്സ്റ്റാര്‍, ഇന്ത്യന്‍ വിക്ടറി പാര്‍ടി എന്നിവയുടെ സ്ഥാനാര്‍ഥികളും 15 സ്വതന്ത്രരും മത്സരരംഗത്തുണ്ട്. എ വി ബെല്ലാര്‍മിന്‍ എംപിയായ കാലത്താണ് മണ്ഡലത്തിന്റെ വികസനത്തിനായി പദ്ധതികളുണ്ടാക്കുകയും കേന്ദ്രസഹായം നേടുകയുംചെയ്തത്.

തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് സഹായകമായ രീതിയില്‍ മത്സ്യബന്ധന തുറമുഖങ്ങള്‍ സ്ഥാപിച്ചു. നിലവിലുള്ളവയുടെ സൗകര്യം മെച്ചപ്പെടുത്തുകയുംചെയ്തു. മത്സ്യത്തൊഴിലാളികള്‍ക്കായി ആശുപത്രി അനുവദിച്ചതും മണ്ഡലത്തില്‍ കേന്ദ്രീയ വിദ്യാലയം അനുവദിച്ചതും ബെല്ലാര്‍മിന്റെ ശ്രമഫലമായിത്തന്നെ. 2009ല്‍ വിജയിച്ച ഡിഎംകെയുടെ ഹെലന്‍ ഡേവിഡ്സണെ മണ്ഡലത്തില്‍ പിന്നീട് കണ്ടിട്ടില്ലെന്ന പരാതി ശക്തമാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വസന്തകുമാര്‍ നിലവില്‍ തിരുനെല്‍വേലി ജില്ലയിലെ നംഗുനേരിയില്‍നിന്നുള്ള എംഎല്‍എയാണ്. വസന്ത് ആന്‍ഡ് കോ എന്ന വന്‍ വ്യവസായ സ്ഥാപനത്തിന്റെ ഉടമകൂടിയാണ് അദ്ദേഹം. പണമൊഴുക്കി വിജയം നേടാമെന്ന പ്രതീക്ഷയാണ് കോണ്‍ഗ്രസിന്. ഡിഎംകെ, എഐഎഡിഎംകെ എന്നീ പാര്‍ടികളും പണമൊഴുക്കുന്നുണ്ട്. കൂടംകുളം സമരത്തിന്റെ മുന്നിലുണ്ടായിരുന്ന എസ് പി ഉദയകുമാറിനും ആം ആദ്മി പാര്‍ടിക്കും മണ്ഡലത്തില്‍ സ്വാധീനമില്ല. നാഗര്‍കോവില്‍ മണ്ഡലത്തില്‍നിന്ന് ട്രാവന്‍കൂര്‍ തമിഴ്നാട് കോണ്‍ഗ്രസ് ഒരു തവണയും കോണ്‍ഗ്രസ് ഏഴു തവണയും വിജയിച്ചു. കാമരാജും കുമരി അനന്തനും സംഘടനാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി വിജയിച്ചിട്ടുണ്ട്. തമിഴ് മാനില കോണ്‍ഗ്രസ് രണ്ടു തവണയും സിപിഐ എം, ബിജെപി എന്നീ പാര്‍ടികള്‍ ഓരോ തവണയും വിജയിച്ചു.

കന്യാകുമാരി, കൊളച്ചല്‍, കിള്ളിയൂര്‍, നാഗര്‍കോവില്‍, പത്മനാഭപുരം, വിളവങ്കോട് എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് കന്യാകുമാരി ലോക്സഭാ മണ്ഡലം. 2009 വരെ നാഗര്‍കോവില്‍ മണ്ഡലമെന്നാണ് അറിയപ്പെട്ടത്. മണ്ഡലത്തിന്റെ പകുതിയോളം ഭാഗങ്ങളിലും കേരളത്തിലെ രാഷ്ട്രീയസ്വഭാവമാണുള്ളത്. ഇവിടെ സിപിഐ എമ്മും കോണ്‍ഗ്രസും പ്രധാന ശക്തികളാണ്. കേരളത്തോട് ചേര്‍ന്നുകിടക്കുന്ന പത്മനാഭപുരം, വിളവങ്കോട് നിയമസഭാ മണ്ഡലങ്ങളില്‍ റബറിന്റെ വിലക്കുറവ് പ്രധാന പ്രശ്നമാണ്. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങളുടെ ഫലമായ ഈ വിലക്കുറവ് കോണ്‍ഗ്രസിനെതിരായ ജനവികാരം ഉയര്‍ത്തുന്നു. ബിജെപിക്ക് പ്രതികൂലമായ കാലാവസ്ഥയാണിവിടെ. ശനിയാഴ്ച സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ കെ പത്മനാഭനും 20ന് പിബി അംഗം സീതാറാം യെച്ചൂരിയും മണ്ഡലത്തില്‍ പ്രചാരണത്തിനെത്തും.

വി ജയിന്‍ deshabhimani

No comments:

Post a Comment