Thursday, April 17, 2014

ദ്വിലിംഗക്കാര്‍ക്ക് മൂന്നാംലിംഗ പദവി

ദ്വിലിംഗവിഭാഗത്തില്‍ പെട്ടവര്‍ക്ക് മൂന്നാംലിംഗ പദവിക്ക് ഭരണഘടനാപരമായ അവകാശമുണ്ടെന്ന് സുപ്രീംകോടതി ചരിത്രപ്രധാന വിധിയില്‍ വ്യക്തമാക്കി. കുടുംബമായി ജീവിക്കാനുള്ള അവകാശം ഇവര്‍ക്കുണ്ടെന്നും ജസ്റ്റിസുമാരായ കെ എസ് രാധാകൃഷ്ണന്‍, എ കെ സിക്രി എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു. ഇവരെ വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നോക്കവിഭാഗമായി പരിഗണിക്കണമെന്നും വിദ്യാഭ്യാസസ്ഥാപനങ്ങളിലും സര്‍ക്കാര്‍ നിയമനങ്ങളിലും ഒബിസിക്ക് സമാനമായ സംവരണം ഏര്‍പ്പെടുത്തണമെന്നും ഡിവിഷന്‍ബെഞ്ച് നിര്‍ദേശിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രഭരണപ്രദേശങ്ങളും ആറ് മാസത്തിനകം വിധി നടപ്പാക്കണം. ദ്വിലിംഗക്കാരെ മൂന്നാംലിംഗ വിഭാഗമായി പരമോന്നത നീതിപീഠം അംഗീകരിച്ചതോടെ ഇവര്‍ക്ക് പരസ്പരം വിവാഹംകഴിക്കാനും കുട്ടികളെ ദത്തെടുക്കാനും നിയമപരമായ അവകാശം ലഭിച്ചു. പാരമ്പര്യസ്വത്തിലും അവകാശമുണ്ടാകും. പാസ്പോര്‍ട്ട്, റേഷന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് എന്നിവയില്‍ മൂന്നാംലിംഗപദവി രേഖപ്പെടുത്താം.

ദ്വിലിംഗത്തില്‍ പെട്ടവര്‍ നേരിടുന്ന സാമൂഹികവും രാഷ്ട്രീയവും സാംസ്കാരികവുമായ വിവേചനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ ലീഗല്‍ സര്‍വീസസ് അതോറിറ്റി സമര്‍പ്പിച്ച പൊതുതാല്‍പ്പര്യഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതിയുടെ സുപ്രധാനവിധി. പൗരന്മാരുടെ അടിസ്ഥാന അവകാശങ്ങളായ സ്വകാര്യത, സ്വയം നിര്‍ണയാവകാശം, സ്വഭാവദാര്‍ഢ്യം എന്നീ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് വിധി. രാജ്യത്തെ 2.35 കോടി പുരുഷന്മാര്‍ സ്വവര്‍ഗരതി പിന്തുടരുന്ന സാഹചര്യത്തില്‍ ഇവര്‍ക്കായി സാമൂഹിക ക്ഷേമപദ്ധതികളും ആരോഗ്യപരിരക്ഷാ സംവിധാനങ്ങളും ആവിഷ്കരിക്കണമെന്ന് സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. ഹിജഡകള്‍, നപുംസകങ്ങള്‍, ശിവ-ശക്തികള്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ദ്വിലിംഗ വ്യക്തിത്വങ്ങള്‍ അന്തസ്സോടെ ജീവിക്കാന്‍ അര്‍ഹതയുള്ളവരാണ്. മനഃശാസ്ത്രപരമായ പരീക്ഷണം വഴിയോ ജൈവശാസ്ത്രപരമായ നിര്‍ണയം വഴിയോ ആണ് ഇവര്‍ക്ക് മൂന്നാംലിംഗപദവി നല്‍കേണ്ടത്. ലൈംഗികത പുനഃക്രമീകരിക്കാനുള്ള ശസ്ത്രക്രിയ നിയമവിരുദ്ധവും അധാര്‍മികവുമാണെന്നും കോടതി അഭിപ്രായപ്പെട്ടു.

ദ്വിലിംഗത്തില്‍ പെട്ടവരെ ഇന്ത്യയില്‍ സ്ത്രീകളായോ പുരുഷന്മാരായോ പരിഗണിച്ചിട്ടില്ല. ഇത് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളുടെയും സാമൂഹികനീതിയുടെയും നിഷേധമാണ്. ഭിന്നലിംഗ വ്യക്തിത്വങ്ങളെ അംഗീകരിക്കാനുള്ള സാമൂഹികമായ വിസമ്മതമാണ് ഈ ധാര്‍മിക പരാജയത്തിന് കാരണം. പുതിയ സാമൂഹിക ആവശ്യങ്ങളുടെ പശ്ചാത്തലത്തില്‍ സമൂഹത്തിന്റെ മാനസികഘടന മാറണമെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്വവര്‍ഗരതിക്ക് നിയമപരമായ സാധുത നല്‍കിയ 2009ലെ ഡല്‍ഹി ഹൈക്കോടതി വിധി നാലു മാസംമുമ്പ് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇന്ത്യന്‍ശിക്ഷാനിയമത്തിന്റെ 377-ാം വകുപ്പ് റദ്ദാക്കിയാണ് ഹൈക്കോടതി സ്വവര്‍ഗരതിക്ക് അംഗീകാരം നല്‍കിയത്. എന്നാല്‍, ഉഭയസമ്മതത്തോടെയാണെങ്കിലും സ്വവര്‍ഗരതി കുറ്റകൃത്യമായി കരുതണമെന്ന് സുപ്രീംകോടതി വിധിക്കുകയും 377-ാം വകുപ്പ് പുനഃസ്ഥാപിക്കുകയും ചെയ്തു. ഇതിനെതിരെ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജിയും തള്ളി. പരിഹാരഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തില്‍ ദ്വിലിംഗത്തില്‍ പെടുന്നവരെ മൂന്നാംലിംഗമായി അംഗീകരിച്ച വിധിക്ക് പ്രാധാന്യമേറുകയാണ്.

സാജന്‍ എവുജിന്‍ deshabhimani

1 comment:

  1. how do you identify them? is there any medical proof for it?

    ReplyDelete