Wednesday, April 2, 2014

മറുപടി ജനങ്ങള്‍ പറയിപ്പിക്കും

ഹൈക്കോടതിയില്‍നിന്ന് വന്ന തകര്‍പ്പന്‍ ആഘാതത്തില്‍നിന്ന് കുറുക്കുവഴിയിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ച ഉമ്മന്‍ചാണ്ടി കൂടുതല്‍ വലിയ കുരുക്കിലാണ് അകപ്പെട്ടത്. ഭൂമിതട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിനെതിരായ കേസ് സിബിഐക്ക് വിട്ട വിധി അതേപടി നിലനില്‍ക്കുന്നു. അതിലെ രണ്ടു വാചകങ്ങള്‍മാത്രം ഡിവിഷന്‍ബെഞ്ച് താല്‍ക്കാലികമായി സ്റ്റേചെയ്തപ്പോഴും മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനുമെതിരെ സിംഗിള്‍ ബെഞ്ച് വിധിന്യായത്തിനും അതിലെ കണ്ടെത്തലുകള്‍ക്കും മാറ്റമില്ല. വിധിയിലെ എഴുപതാം ഖണ്ഡിക മൊത്തവും മറ്റു പല പരാമര്‍ശങ്ങളും നീക്കണമെന്നാണ് സര്‍ക്കാരിനുവേണ്ടി അഡ്വക്കറ്റ് ജനറല്‍ നല്‍കിയ അപ്പീലില്‍ ആവശ്യപ്പെട്ടിരുന്നത്. എന്തുകൊണ്ട് ഇത്തരമൊരാവശ്യം ഉന്നയിക്കുന്നു എന്ന ഡിവിഷന്‍ ബെഞ്ചിന്റെ സംശയം ദൂരീകരിക്കാന്‍ അഡ്വക്കറ്റ് ജനറലിനു കഴിഞ്ഞില്ല. ഒടുവില്‍, ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ ഉള്‍പ്പെട്ടതിനെക്കുറിച്ച് മുഖ്യമന്ത്രി മറുപടിപറയണമെന്ന പരാമര്‍ശവും പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുള്ള ക്രിമിനല്‍പ്രവര്‍ത്തനങ്ങളെക്കുറിച്ച് സമഗ്രവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്ന പരാമര്‍ശവും മാത്രമാണ് സ്റ്റേചെയ്തത്.

വിധിയിലുടനീളം മുഖ്യമന്ത്രിക്കെതിരെയുള്ള മറ്റു പരാമര്‍ശങ്ങളെല്ലാം ഡിവിഷന്‍ ബെഞ്ച് ശരിവച്ചിരിക്കയാണ്. എഴുപതാം ഖണ്ഡികയില്‍ത്തന്നെ, ""രണ്ടുകേസിലും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഗണ്‍മാനായ (ഇപ്പോള്‍ സസ്പെന്‍ഷനിലുള്ള), ഭൂമാഫിയയുടെ ഗ്യാങ്ലീഡറായി വിശേഷിപ്പിക്കപ്പെടുന്ന സലിംരാജിനെതിരെയാണ് ആരോപണങ്ങള്‍ ഉയരുന്നത്... പറയുന്നതനുസരിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് കടകംപള്ളി കേസില്‍ ഗണ്‍മാന്‍ ഭീഷണിപ്പെടുത്തിയതായും പരാതികളുണ്ട്... മുഖ്യമന്ത്രിയുടെ മറ്റ് പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ "സരിതാകേസ്" എന്നറിയപ്പെടുന്ന ഒരു&ലരശൃര; വഞ്ചനകേസില്‍ ഉള്‍പ്പെട്ടതായും പരാതിക്കാരുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയിരുന്നു. സമാനമായ കാരണങ്ങള്‍ക്ക് മറ്റൊരു&ലരശൃര;പേഴ്സണല്‍ സ്റ്റാഫ് സസ്പെന്‍ഷനിലുമാണ്. ഈ സംഭവങ്ങളെല്ലാം കേരളത്തിലെ ജനങ്ങളില്‍ ഞെട്ടലും അത്ഭുതവും ഉണ്ടാക്കിയവയാണ്. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലുള്ളവര്‍ ഉള്‍പ്പെട്ടതായി ആരോപിക്കപ്പെടുന്ന ക്രിമിനല്‍ചെയ്തികള്‍ പലതവണ ഈ കോടതിയുടെ ശ്രദ്ധയില്‍ വന്നിട്ടുണ്ട്. സ്വഭാവമികവും ആര്‍ജവവുമുള്ളവരെ പേഴ്സണല്‍ സ്റ്റാഫില്‍ നിയമിക്കുന്ന കാര്യത്തില്‍ ഭരണത്തിന്റെ ഉന്നതതലത്തിലിരിക്കുന്നവര്‍ ജാഗ്രതയും ഉത്തരവാദിത്തവും കാട്ടിയിട്ടില്ലെന്നാണ് മുകളില്‍ പറഞ്ഞ സംഭവങ്ങള്‍ കാണിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് കേരളത്തിലെ ജനങ്ങളെ സേവിക്കുന്ന മാതൃകാസ്ഥാപനമാകേണ്ടതാണ്."" ഇത്രയും ഭാഗങ്ങള്‍ സ്റ്റേ ചെയ്യപ്പെടാതെ നില്‍ക്കുന്നു.

മുഖ്യമന്ത്രി ജനങ്ങളോടു പറയേണ്ട, അന്വേഷണം വേണ്ട എന്നീ രണ്ടു കാര്യങ്ങള്‍ സ്റ്റേചെയ്യിച്ചതുകൊണ്ട് എന്താണ് നേടിയതെന്ന് മുഖ്യമന്ത്രിയും യുഡിഎഫും ഇനി ഉത്തരം പറയണം. ജനങ്ങളെ അഭിമുഖീകരിക്കാന്‍; ജനങ്ങളോട് ഉത്തരവാദിത്തം കാണിക്കാന്‍ താന്‍ ബാധ്യസ്ഥാനല്ല എന്ന് എന്തുകൊണ്ട് ഉമ്മന്‍ചാണ്ടിക്ക് തോന്നുന്നു? തട്ടിപ്പുകളും ക്രമക്കേടുകളും അന്വേഷിക്കാതിരിക്കാന്‍ എന്താണിത്ര നിര്‍ബന്ധം?

സലിംരാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പുകേസുകള്‍ സിബിഐക്ക് വിട്ടത് അത് ഒരു സാധാരണ തട്ടിപ്പുകേസായതുകൊണ്ടല്ല എന്നത് സാമാന്യബുദ്ധിയില്‍ വ്യക്തമാകുന്ന വസ്തുതയാണ്. ആ കേസിന്റെ ചരടുകളും വ്യാപ്തിയും ഒരു പൊലീസ് കോണ്‍സ്റ്റബിളിന്റെ പരിമിത വൃത്തത്തിലുള്ളതല്ല. മുഖ്യമന്ത്രിയുമായുള്ള ബന്ധംതന്നെയാണ് അതിന്റെ പ്രാധാന്യം. അന്വേഷണം വന്നാല്‍, അതിന്റെ പ്രത്യാഘാതം വളരെ വലുതാകുന്നു എന്ന ഭയപ്പാട് യുഡിഎഫ് നേതൃത്വത്തിന്റെയും ഉമ്മന്‍ചാണ്ടിയുടെയും പ്രതികരണങ്ങളിലാകെ കാണാം. അതുകൊണ്ടാണ്, വിധി പറഞ്ഞ ജഡ്ജിയെ പരസ്യമായി ആക്ഷേപിക്കാനും വ്യക്തിപരമായി തേജോവധംചെയ്യാനും തന്റെ അനുയായികളെ ഉമ്മന്‍ചാണ്ടി നിയോഗിച്ചത്. ഒരു മന്ത്രിയുള്‍പ്പെടെ ജഡ്ജിയെ അധിക്ഷേപിക്കുന്നു. അദ്ദേഹത്തിന് പ്രതിപക്ഷ ബന്ധം ആരോപിക്കുന്നു. കോണ്‍ഗ്രസ് വക്താവ് "ഇംപീച്ച്മെന്റി"നെക്കുറിച്ച് പറഞ്ഞ് സ്വയം വിഡ്ഢിയാകുന്നു. അഹിതമായ വിധി വന്നാല്‍ കോടതിയെത്തന്നെ ബന്ധിച്ചുകളയാമെന്ന 1975ലെ അനുഭവത്തെ ഓര്‍മിപ്പിക്കും വിധമാണ് പ്രതികരണങ്ങളുണ്ടായത്. സര്‍ക്കാര്‍ അതീവ ഗുരുതരാവസ്ഥയിലാണ് എന്ന പ്രതീതിയുണ്ടാക്കിയാണ്, ഉടന്‍ ഇടപെടല്‍ വേണമെന്ന് എജി കോടതിയില്‍ ആവശ്യപ്പെട്ടത്. ആ ഗുരുതരാവസ്ഥ അങ്ങനെതന്നെ തുടരുകയാണ്. കോടതി രണ്ടുവരി സ്റ്റേചെയ്തതുകൊണ്ട് ജനങ്ങളോട് മറുപടി പറയാന്‍ തനിക്ക് ബാധ്യതയില്ല എന്ന് ഉമ്മന്‍ചാണ്ടിക്ക് ഭാവിക്കാം- എന്നാല്‍, മറുപടി പറയിക്കാനുള്ള ബാധ്യത ജനങ്ങള്‍ക്ക് വിട്ടുകളയാനാകില്ല.

deshabhimani editorial

No comments:

Post a Comment