Wednesday, April 2, 2014

മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുന്നു

ഉമ്മന്‍ചാണ്ടിയെപ്പോലെ മൂന്നുവര്‍ഷത്തെ ഭരണത്തിനിടെ ഇത്രയധികം കോടതിവിമര്‍ശം ഏറ്റുവാങ്ങിയ മറ്റൊരു മുഖ്യമന്ത്രി സംസ്ഥാനചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. ഗണ്‍മാനായിരുന്ന സലിംരാജിന്റെ നേതൃത്വത്തില്‍ നടന്ന ഭൂമിതട്ടിപ്പുകേസില്‍ കോടതിയില്‍നിന്ന് പലതവണ വിമര്‍ശം ഏറ്റുവാങ്ങി. കോടതിയുടെ പരിശുദ്ധിയെക്കുറിച്ച് ഊറ്റംകൊള്ളുകയും അസഹിഷ്ണുത ഒരുകാര്യത്തിലും കാട്ടരുതെന്ന് ഉപദേശിക്കുകയുംചെയ്യുന്ന ഉമ്മന്‍ചാണ്ടി കടകംപള്ളി ഭൂമിയിടപാടിലെ കോടതിവിധിയെ തള്ളിപ്പറഞ്ഞതിലൂടെ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയത്. "തന്റെ ഭാഗം കേട്ടില്ലെ"ന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് വസ്തുതയ്ക്ക് നിരക്കുന്നതല്ല. പ്രതിയുടെ ഭാഗം കേള്‍ക്കാതെ കോടതി വിധി പറഞ്ഞെന്നു പറയുന്നതിലൂടെ കോടതിയെ അദ്ദേഹം വെല്ലുവിളിച്ചു. ജനങ്ങളില്‍ കോടതിയെക്കുറിച്ച് അവമതിപ്പുണ്ടാക്കുംവിധം മുഖ്യന്ത്രിതന്നെ പറയുന്നത് ഭരണഘടനാലംഘനമല്ലേ? പാമൊലിന്‍ കേസിലും സോളാര്‍ തട്ടിപ്പിലും സമാനമായ വിമര്‍ശം മുഖ്യമന്ത്രി ഏറ്റുവാങ്ങി. അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ വിടുവായത്തം പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണ് ഉമ്മന്‍ചാണ്ടി. കെ കരുണാകരന്‍ മുഖ്യന്ത്രിയായിരിക്കെ ചാരക്കേസിന്റെ പേരില്‍ പുകമറ സൃഷ്ടിച്ച് അദ്ദേഹത്തെ രാജിവയ്പിക്കാന്‍ ഒളിഞ്ഞുംതെളിഞ്ഞും പ്രവര്‍ത്തിച്ചത് ഇന്നത്തെ മുഖ്യമന്ത്രിയാണെന്നും വൈക്കം വിശ്വന്‍ "ദേശാഭിമാനി"യോട് പറഞ്ഞു.

അഭിമുഖത്തില്‍നിന്ന്:

? തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഉന്നയിക്കുന്ന പ്രധാന വിഷയങ്ങള്‍

കേന്ദ്രസര്‍ക്കാരിന്റെ അഴിമതിയും വിലക്കയറ്റംമൂലം ജനജീവിതം വഴിമുട്ടിച്ച നയങ്ങളുമാണ് പ്രധാനമായും ചര്‍ച്ചചെയ്യുക. ഒന്നാം യുപിഎയുടെ കാലംമുതല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിയന്ത്രണം നീക്കാന്‍ ശ്രമംനടന്നു. ഇടതുപക്ഷം എതിര്‍ത്തതിനാല്‍ അത് നടന്നില്ല. രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരമേറ്റതോടെ കോണ്‍ഗ്രസ് അത് നടപ്പാക്കി. പിന്നീട് എല്ലാ മാസവും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വിലകൂടി. നിത്യോപയോഗ സാധനങ്ങള്‍ക്കും വില കൂടുന്നു. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്, ധനമന്ത്രി പി ചിദംബരം, പ്രതിരോധമന്ത്രി എ കെ ആന്റണി എന്നിവരൊന്നും ഈ തെരഞ്ഞെടുപ്പില്‍ ജനവിധി തേടാന്‍ തയ്യാറല്ല. ജനങ്ങളുടെ പ്രതിഷേധം പ്രതിഫലിക്കുമെന്നതിനാല്‍ അവര്‍ മറഞ്ഞുനില്‍ക്കുന്നു. ഇത് എല്‍ഡിഎഫ് ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാട്ടി. ഭരണമാറ്റം ജനം ആഗ്രഹിക്കുന്നുണ്ട്. ബിജെപി പിന്തുടരുന്നതും ഇതേ നയങ്ങളാണ്. അതുകൊണ്ടുതന്നെ ഇടതുപക്ഷ നേതൃത്വത്തിലുള്ള ബദല്‍ മുന്നണി അധികാരത്തിലെത്തണമെന്നാണ് ജനം ആഗ്രഹിക്കുന്നത്.

? കേന്ദ്രഭരണത്തില്‍ നടന്ന അഴിമതി എങ്ങനെ പ്രതിഫലിക്കും

പ്രധാനമന്ത്രിപോലും അഴിമതിയുടെ കരിനിഴലിലാണ്. 2ജി സ്പെക്ട്രം, കല്‍ക്കരി, കോമണ്‍വെല്‍ത്ത് ഗെയിംസ് ഇങ്ങനെ പട്ടിക നീളുന്നു. രാജ്യത്തിന് നഷ്ടമായ കോടികള്‍ക്ക് കണക്കില്ല. സുപ്രീംകോടതിയടക്കം ഇക്കാര്യം ചൂണ്ടിക്കാണിച്ചു. പ്രതിരോധരംഗത്തും നിരവധി ക്രമക്കേടുകള്‍ നടന്നു. രാജ്യസുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തിയ സംഭവങ്ങള്‍പോലും നടന്നു. കേന്ദ്രവും കേരളവും ഒരു കൂട്ടര്‍ ഭരിച്ചാല്‍ ഗുണം കിട്ടുമെന്നായിരുന്നു പ്രചാരണം. എ കെ ആന്റണിയും വയലാര്‍ രവിയുമടക്കമുള്ള കേന്ദ്രമന്ത്രിമാരും 16 എംപിമാരും ഉണ്ടായിട്ട് കേരളത്തിന് എന്ത് കിട്ടി? റെയില്‍വേ വികസനം, വിഴിഞ്ഞം തുറമുഖം എന്നിവയിലെല്ലാം അവഗണിക്കപ്പെട്ടു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലൂടെയും റബര്‍ ഇറക്കുമതി നയത്തിലൂടെയും കര്‍ഷകതാല്‍പ്പര്യം ബലികഴിച്ചു. ജനങ്ങളെ ദുരതത്തിലേക്ക് നയിച്ച ഈ തീരുമാനങ്ങള്‍ക്കെല്ലാം പിന്നില്‍ കോര്‍പറേറ്റ് താല്‍പ്പര്യമാണ്. ഇക്കാര്യങ്ങള്‍ ചിന്തിച്ചാകും വോട്ടര്‍മാര്‍ ഇക്കുറി വിധിയെഴുതുക.

? ആര്‍എസ്പി മുന്നണി വിട്ട സാഹചര്യം

ദേശീയ പാര്‍ടിയായ ആര്‍എസ്പി പ്രഖ്യാപിത നയപരിപാടികളുടെ അടിസ്ഥാനത്തില്‍ ദേശീയതലത്തില്‍ ഇടതുപക്ഷത്തിലെ മുഖ്യകക്ഷിയാണ്. കേരളത്തില്‍ സീറ്റ് ചര്‍ച്ച തുടങ്ങിയ ദിവസം അവര്‍ എല്‍ഡിഎഫ് വിടുമെന്ന് പ്രഖ്യാപിച്ചു. മാര്‍ച്ച് ഏഴിന് നടന്ന എല്‍ഡിഎഫ് യോഗത്തിലേക്ക് അവരെ ക്ഷണിച്ചു. കണ്‍വീനര്‍ എന്ന നിലയില്‍ പലവട്ടം വിളിച്ചു. ഘടകകക്ഷി നേതാക്കള്‍ യോഗത്തിനെത്തിയശേഷം വീണ്ടും വിളിച്ചു. ""ഞങ്ങളെ ഇനി പ്രതീക്ഷിക്കേണ്ട"" എന്നു പറഞ്ഞ് എ എ അസീസ് ഫോണ്‍ കട്ടാക്കി. കൊല്ലം സീറ്റ് സംബന്ധിച്ച് ഏതുതരം ചര്‍ച്ചയും നടത്താമെന്നു പറഞ്ഞിട്ടും വഴങ്ങിയില്ല. അന്നുതന്നെ മുഖ്യമന്ത്രിയടക്കം കോണ്‍ഗ്രസ് നേതാക്കളെ കണ്ട് കൊല്ലത്ത് യുഡിഎഫ് പിന്തുണ ഉറപ്പിച്ചു. എന്‍ കെ പ്രേമചന്ദ്രന്റ നേതൃത്വത്തില്‍ യുഡിഎഫുമായി ഗൂഢാലോചന നടന്നുവെന്ന് ഇതിലൂടെ വ്യക്തമായി. ഏതാനും മാസംമുമ്പ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തിയ സംസ്ഥാന ജാഥാംഗമായിരുന്നു പ്രേമചന്ദ്രന്‍. നിരവധി കേന്ദ്രങ്ങളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രസംഗിച്ചു. സോളാര്‍ തട്ടിപ്പും സരിതയുമായി അദ്ദേഹത്തിന്റെ ഓഫീസിലുള്ളവര്‍ക്കുള്ള ബന്ധവും പറഞ്ഞ് കൈയടി നേടി. ഉറങ്ങി ഉണര്‍ന്നപ്പോള്‍ ഉമ്മന്‍ചാണ്ടിക്കുവേണ്ടി പ്രസംഗിച്ച് വോട്ടുതേടുന്നു. ഈ ഇരട്ടത്താപ്പ് ജനം തിരിച്ചറിയും.

? സീറ്റ് സംബന്ധിച്ച ആര്‍എസ്പിയുടെ അവകാശവാദത്തില്‍ കഴമ്പുണ്ടോ

തുടര്‍ച്ചയായി 15 വര്‍ഷം സിപിഐ എം മത്സരിച്ച സീറ്റാണ് കൊല്ലം. എന്നാലും ചര്‍ച്ച നടത്തി യുക്തമായ തീരുമാനമെടുക്കാം. ഇതിന് ആര്‍എസ്പി കാത്തുനിന്നില്ല. സിപിഐ എം നേരത്തെ സ്ഥാനാര്‍ഥികളെ നിശ്ചയിച്ചെന്നാണ് മറ്റൊരു വാദം. സിറ്റിങ് സീറ്റുകളെ സംബന്ധിച്ച് അതതു പാര്‍ടികള്‍ പ്രാഥമികാലോചന നടത്തുക സ്വാഭാവികം. ഇക്കാര്യം പ്രേമചന്ദ്രനും എ എ അസീസിനും അറിയാം. ഉമ്മന്‍ചാണ്ടിയുടെ ഉറപ്പില്‍ നേരത്തെ എടുത്ത തീരുമാനം നടപ്പാക്കാന്‍ സാഹചര്യം ഒരുക്കുകയായിരുന്നു അവരുടെ ലക്ഷ്യം.

? ജെഎസ്എസും സിഎംപിയും എല്‍ഡിഎഫുമായി സഹകരിക്കുന്നത് തെരഞ്ഞെടുപ്പിനെ എങ്ങനെ സ്വാധീനിക്കും

കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള വലിയ വിഭാഗം വോട്ടര്‍മാരില്‍ ഇവരുടെ നിലപാട് സ്വാധീനം ചെലുത്തും. യുഡിഎഫിന്റെ നയസമീപനങ്ങളിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിലപാടുകളിലുംപ്രതിഷേധിച്ചാണ് ഇരുപാര്‍ടികളും എല്‍ഡിഎഫുമായി സഹകരിക്കുന്നത്. രണ്ടു പാര്‍ടികള്‍ എന്നതിലുപരി യുഡിഎഫിനൊപ്പം നില്‍ക്കുന്ന വലിയ വിഭാഗം ജനങ്ങള്‍ മാറിചിന്തിക്കുന്നുവെന്നതിന്റെ പ്രകടരൂപമാണ് ഇതിലൂടെ വ്യക്തമാകുന്നത്.

എസ് മനോജ്

No comments:

Post a Comment