Wednesday, April 2, 2014

ഭൂതകാലത്തോടും നീതിയോടും പോരാട്ടം

സ്വന്തം ഭൂതകാലത്തോടാണ് എം പി വീരേന്ദ്രകുമാര്‍ മത്സരിക്കുന്നത് എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞത് "മ"കാര മാധ്യമങ്ങള്‍ സൗകര്യപൂര്‍വം മുക്കി. "നല്ല സുഹൃത്തായ" കെ സി വേണുഗോപാലിനെക്കുറിച്ച് കൂടുതല്‍ എന്തെങ്കിലും പറയാനുണ്ടാകുമോ എന്ന് ഇടതുപക്ഷത്തുനിന്ന് ഒരു ചോദ്യംവന്നത് സരിത "വെളിപ്പെടുത്തി"യതാണ് അവര്‍ക്ക് വലിയ വാര്‍ത്ത. സിപിഐ എമ്മിന്റെ ഒരു നേതാവ് "തന്നെ സമീപിച്ചു" എന്ന് സരിത പറയുമ്പോള്‍ വാര്‍ത്തയാകുന്നതിന്റെ രസതന്ത്രം ശ്രദ്ധിക്കേണ്ടതാണ്. എതിര്‍സ്ഥാനാര്‍ഥിക്കെതിരെ എന്തെങ്കിലും തുമ്പുകിട്ടാനുള്ള ശ്രമത്തെ സാധാരണ മട്ടില്‍ മോശമായി ആരും കാണില്ല. ആള്‍ സരിത എസ് നായരാണ്. താനുമായി "ബന്ധപ്പെട്ട" ഒരാള്‍ക്കെതിരെ അവര്‍ ബലാത്സംഗക്കേസ് കൊടുത്തിട്ടുണ്ട്. പാതിരാവില്‍ ഫോണില്‍ പല പ്രമുഖരും ദീര്‍ഘനേരം "ഔദ്യോഗിക" കാര്യങ്ങള്‍ സംസാരിക്കാറുണ്ട് എന്ന് അവര്‍തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അത്തരമൊരു വനിതയോട് വേണുഗോപാലിനെക്കുറിച്ച് അന്വേഷിച്ചറിയാന്‍ ശ്രമിച്ചത് കുറ്റമാണെന്ന് ആക്ഷേപിക്കുകയും അപഹസിക്കുകയും ചെയ്യുന്നവര്‍ ഇതേ സരിതയുടെ യഥാര്‍ഥ സുഹൃത്തുക്കളെക്കുറിച്ച് മൗനം തുടരട്ടെ. സരിതയായാലും ശാലു മേനോനായാലും സോളാര്‍ കേസില്‍ ബന്ധപ്പെട്ട മറ്റാരായാലും അവര്‍ക്ക് ഭരണനേതൃത്വവുമായുള്ള ബന്ധം പുറത്തുകൊണ്ടുവരുന്നതാണ് പ്രതിപക്ഷ രാഷ്ട്രീയം. "അബ്ദുള്ളക്കുട്ടി മോഡല്‍" വേറെ; ഇതു വേറെ.

വാര്‍ത്ത തമസ്കരിക്കുന്നതും വക്രീകരിക്കുന്നതുമായ രണ്ടു വഴിയാണ് പറഞ്ഞുവന്നത്. "ജീവിക്കാനുള്ള ഒരുപാധിയാണ് നുണ" എന്ന് പറഞ്ഞത് നീഷേയാണ്. പാലക്കാട്ടെ ശ്രീജിത്ത് എന്ന സ്ഥാനാര്‍ഥിയെ കാണാതിരിക്കുന്ന മകാര പത്രങ്ങളും സമാന ചാനലുകളും പ്രതിനിധാനംചെയ്യുന്നത് ജീവനോപാധിതന്നെ നുണയാക്കിമാറ്റുന്നവരെയാണ്. ""ഞാന്‍ മത്സരരംഗത്തേക്കു വരാനുണ്ടായ കാരണംതന്നെ എം പി വീരേന്ദ്രകുമാര്‍ മത്സരിക്കുന്നു എന്നതാണ്. എന്റെ പ്രതിഷേധം അദ്ദേഹം പ്രതിനിധാനംചെയ്യുന്ന വ്യവസ്ഥിതിയോടും അതിന്റെ തൊഴിലാളി വിരുദ്ധതയോടും ജനാധിപത്യ വിരുദ്ധതയോടുമാണ്."" എന്ന് പ്രഖ്യാപിച്ചാണ് മാതൃഭൂമിയിലെ മാധ്യമ പ്രവര്‍ത്തകനായിരുന്ന ശ്രീജിത്ത് പാലക്കാട്ട് എത്തിയത്.

ശ്രീജിത്ത് ജനങ്ങളോട് പറയുന്ന കാര്യങ്ങള്‍ വലതുപക്ഷ മാധ്യമങ്ങള്‍ തമസ്കരിച്ചാലും ജനം ചര്‍ച്ചചെയ്യേണ്ടതുണ്ട്. അദ്ദേഹത്തിന്റെതന്നെ വാക്കുകള്‍: ""യുഡിഎഫ് സ്ഥാനാര്‍ഥി പത്രത്തിന്റെ എംഡിസ്ഥാനത്തിരുന്നുകൊണ്ട് മത്സരിക്കുന്നതില്‍ നൈതികതയില്ല. ഒരു സ്ഥാനാര്‍ഥിയെ ഉയര്‍ത്തിപ്പിടിക്കുന്ന വിധം വാര്‍ത്തകള്‍ ചമയ്ക്കരുതെന്ന് തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിങ് സംബന്ധിച്ച് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിര്‍ദേശമുണ്ട്. ഉടമ മത്സരിക്കുമ്പോള്‍ അത് മാധ്യമത്തിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുക സ്വാഭാവികമാണ്. അതിനാല്‍ ആ സ്ഥാനം രാജിവച്ച് തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ധാര്‍മികത അദ്ദേഹം പുലര്‍ത്തണം. മാത്രമല്ല, എഡിറ്റോറിയല്‍ സ്വാതന്ത്ര്യം എന്നത് നേര്‍ത്തുവരുന്ന ഇക്കാലത്ത് മാധ്യമ ഉടമകള്‍ മത്സരിക്കുമ്പോള്‍ പരസ്യക്കൂലി ഇല്ലാതെ തന്നെ പെയ്ഡ് ന്യൂസ് ഇടംപിടിക്കും. ഇലക്ഷന്‍ കമ്മീഷനും പ്രസ് കൗണ്‍സിലും ഇക്കാര്യത്തില്‍ ഇടപെടണമെന്നും അഭ്യര്‍ഥിക്കുന്നു."" സ്വന്തം ജോലി രാജിവച്ചാണ് ശ്രീജിത്ത് ഇതുപറയുന്നത്. അതിലൂടെ, വീരേന്ദ്രകുമാറിനേക്കാള്‍ എത്രയോ മുകളിലാണ് തന്റെ വ്യക്തിത്വവും അന്തസ്സും നൈതികതയുമെന്നാണ് അദ്ദേഹം തെളിയിച്ചത്.

ശ്രീജിത്ത് ഉയര്‍ത്തുന്ന അനേകം പ്രശ്നങ്ങളുണ്ട്.

1. വര്‍ക്കിങ് ജേര്‍ണലിസ്റ്റ് ആക്ട് പ്രകാരമുള്ള വേജ്ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പാക്കാതെ പാര്‍ലമെന്റ് പാസാക്കിയ നിയമത്തെയും സുപ്രീംകോടതി വിധിയെയും തൃണസമാനമായി കാണുന്നവര്‍ക്ക് പാര്‍ലമെന്റിലേക്ക് മത്സരിക്കാന്‍ ധാര്‍മികമായി അവകാശമില്ല.

2. ശമ്പള പരിഷ്കരണത്തിനായി ജോലിക്ക് ഒരു തടസ്സവും വരുത്താതെ ധര്‍ണയിരുന്നതിന് പത്രപ്രവര്‍ത്തകരെ സ്ഥലംമാറ്റിയ മാധ്യമ ഉടമയ്ക്ക് എങ്ങനെയാണ് പാലക്കാടുപോലുള്ള ഒരു തൊഴിലാളിമേഖലയില്‍ അവരുടെ അവകാശങ്ങള്‍ക്കായി നിലകൊള്ളാന്‍ കഴിയുക?

3. ഉന്നത നീതിപീഠത്തെപ്പോലും അംഗീകരിക്കാത്ത ഒരാള്‍ എങ്ങനെയാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായതെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ജനങ്ങളോട് വിശദീകരിക്കണം. അതല്ല സുപ്രീംകോടതിയെ അംഗീകരിക്കേണ്ടതില്ല എന്നാണോ അവരുടെയും അഭിപ്രായം?.

അടിമുടി തൊഴിലാളിവിരുദ്ധനായ ഒരാള്‍ പാര്‍ലമെന്റിലെത്തണമെന്ന് ഒരു തൊഴിലാളിയും ആഗ്രഹിക്കുന്നില്ല എന്നാണ് ശ്രീജിത്ത് പറയുന്നത്. ""വേജ്ബോര്‍ഡ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ധര്‍ണയില്‍ പങ്കെടുത്തതിന് സ്ഥലംമാറ്റപ്പെട്ട പത്രപ്രവര്‍ത്തകരുടെ മിക്കവരുടെയും വീട്ടിലെ സാഹചര്യം അത്യധികം പരിതാപകരമാണ്. മാതാവും പിതാവും ഒരേസമയം രോഗശയ്യയില്‍ കിടക്കുന്ന അവസ്ഥയും പിഞ്ചുകുഞ്ഞുങ്ങളും ഭാര്യയുംമാത്രം വീട്ടില്‍ തനിച്ചാകുന്ന അവസ്ഥയുമുള്ള ജീവനക്കാര്‍വരെയുണ്ട്. ഒരു ദയയും മനഃസാക്ഷിയും ഇല്ലാതെയുള്ള പ്രതികാരത്തിന്റെ ഏക അടിസ്ഥാന കാരണം വേജ്ബോര്‍ഡ് ശുപാര്‍ശപ്രകാരമുള്ള ശമ്പളപരിഷ്കരണം നടപ്പാക്കണമെന്ന ആവശ്യത്തിനു വേണ്ടി ശബ്ദിച്ചു എന്നതാണ്.""

""ഇന്ത്യന്‍ മാധ്യമസ്ഥാപനചരിത്രത്തിലെ ഏറ്റവും വലിയ വെട്ടിനിരത്തലിനു പത്ര മാനേജ്മെന്റ് തുനിഞ്ഞു. രണ്ട് ന്യൂസ് എഡിറ്റര്‍മാര്‍ ഉള്‍പ്പെടെ മുപ്പതിലേറെപ്പേരെ മണിപ്പുര്‍, നാഗാലാന്‍ഡ്, അസം, ബംഗാള്‍, ത്രിപുര, സിക്കിം, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, കര്‍ണാടകം, തമിഴ്നാട്, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ തീവ്രവാദികളുടെ വിഹാരകേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള വിദൂര ഇടങ്ങളിലേക്കും പിന്നെ കേരളത്തിലെതന്നെ വനമേഖലകളിലേക്കും മാറ്റി. മാറ്റപ്പെട്ട പലയിടത്തും സ്വന്തമായി ഒരു ഓഫീസ്പോലും സ്ഥാപനത്തിന് ഉണ്ടായിരുന്നില്ല."" ഇത്രയും ചൂണ്ടിക്കാട്ടി ശ്രീജിത്ത് ചോദിക്കുന്നു: എങ്ങനെയുണ്ട് പൗരസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യ സംരക്ഷണവും! ആരാന്റെ കിടപ്പറയില്‍ ഒളിഞ്ഞുനോക്കി എത്ര വേണമെങ്കിലും എഴുതാന്‍ പാടുപെടുന്ന പത്രം അവനവന്റെ ഉമ്മറത്തുപോലും ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവും സഹിഷ്ണുതയും അനുവദിക്കുന്നില്ല എന്നത് എത്ര പരിതാപകരമാണ്? എവിടെയാണ് മാധ്യമ മാനേജ്മെന്റുകള്‍ വിളിച്ചുകൂവുന്ന ഫ്രീഡം ഓഫ് എക്സ്പ്രഷന്‍?

ക്രൂരതകളുടെയും കാപട്യത്തിന്റെയും ഉദാഹരണങ്ങള്‍ ഒന്നൊന്നായി നിരത്തുന്ന ശ്രീജിത്ത്, തന്റെ അഭ്യര്‍ഥന ഉപസംഹരിക്കുന്നത് ഇങ്ങനെയാണ്: ""ദന്തഗോപുരവാസികളെയും കടുത്ത ജനാധിപത്യവിരുദ്ധരെയും ക്രൂരമായ പ്രതികാരബുദ്ധിയുള്ളവരെയും തള്ളിക്കളയാനുള്ള മനസ്സുണ്ടാകണം. നൂറു കോടിയിലേറെ ജനങ്ങളുള്ള ഈ മഹത്തായ രാജ്യത്തിന്റെ ഉന്നത നീതിപീഠത്തെ പൂര്‍ണമായും ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യുന്ന, അവരുടെ ചരിത്രപരമായ വിധികളെ പുച്ഛത്തോടെ തള്ളിക്കളയാത്ത ഒരാളെമാത്രം ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുത്തയയ്ക്കണമെന്ന അപേക്ഷയാണ് ജനങ്ങളോടുള്ളത്.""

വീരേന്ദ്രകുമാറിനെ തോല്‍പ്പിക്കണം; ജനങ്ങളെ അറിയുന്ന സ്ഥാനാര്‍ഥിയെ വിജയിപ്പിക്കണം എന്ന്. തനിക്കുവേണ്ടിയല്ല വോട്ടഭ്യര്‍ഥന. നീതിക്കുവേണ്ടിയാണ്. തീര്‍ച്ചയായും മികച്ച പാര്‍ലമെന്ററി പ്രവര്‍ത്തനം നടത്തി ജനങ്ങളോടും നീതിയോടുമൊപ്പമാണ് എന്ന് തെളിയിച്ച എം ബി രാജേഷിനാണ് വോട്ടിനും വിജയത്തിനും അര്‍ഹത എന്നാണ് ഈ അഭ്യര്‍ഥനയുടെ അര്‍ഥം. വിഷയം അതല്ല-സ്വന്തം ജീവിതവുമായി ബന്ധപ്പെട്ട ഗൗരവമായ വിഷയങ്ങള്‍ ഒരു തെരഞ്ഞെടുപ്പില്‍ ഇങ്ങനെ ഒരു സഹപ്രവര്‍ത്തകന്‍ ഉയര്‍ത്തുമ്പോള്‍ അത് കൊച്ചു വാര്‍ത്തയായിപ്പോലും നല്‍കാനാവാത്ത മാധ്യമ പ്രവര്‍ത്തകരുടെ ദുര്യോഗമാണ്. അവരുടെ കൈകള്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. വീരേന്ദ്രകുമാറിനെപ്പോലുള്ള മാധ്യമ മുതലാളിമാര്‍ വാഴുന്നു. തെരഞ്ഞെടുപ്പുചര്‍ച്ചകളില്‍ അതും പ്രധാന വിഷയംതന്നെ.

പി എം മനോജ്

No comments:

Post a Comment