Saturday, April 19, 2014

റബര്‍ സംഭരണം പാളി

കോട്ടയം: സംഭരണം വാഗ്ദാനത്തില്‍ ഒതുങ്ങിയതോടെ ആഭ്യന്തര വിപണിയില്‍ റബര്‍വില 141.50 രൂപയിലേക്ക് കൂപ്പുകുത്തി. റബര്‍ സംഭരണത്തിന് ചുമതലപ്പെടുത്തിയ ഏജന്‍സികള്‍ക്ക് സര്‍ക്കാര്‍ തുക നല്‍കാത്തതുമൂലമാണ് സംഭരണം പാളിയത്. ഇതുവരെ ആകെ 250 ടണ്‍ റബര്‍ മാത്രമാണ് സംഭരിച്ചത്. ഏജന്‍സികള്‍ക്ക് തുക കൈമാറാന്‍ ഉത്തരവിറങ്ങിയെന്ന് പറയുന്നുണ്ടെങ്കിലും ഇനിയും ലഭിച്ചിട്ടില്ല. വരും ദിവസങ്ങളിലും സംഭരണം നടക്കില്ലെന്നാണ് സൂചന. ഇതോടെ വില ഇനിയും ഇടിയും.

മാസങ്ങളായി റബര്‍ വില താഴേയ്ക്കാണ്. രണ്ടാഴ്ചക്കുള്ളില്‍ കിലോയ്ക്ക് 6.50 രൂപയാണ് കുറഞ്ഞത്. മൂന്നുവര്‍ഷത്തിനിടെ നൂറു രൂപയുടെ കുറവും. 2011 ന്റെ തുടക്കത്തില്‍ 226 രൂപയായിരുന്നു. ഏപ്രില്‍ ഒന്നിന് 147 രൂപ ലഭിച്ചിരുന്നത് ഇപ്പോള്‍ 141.50 രൂപയിലേക്ക് ഇടിഞ്ഞു. കര്‍ഷകര്‍ ഏറവുമധികം ഉല്‍പ്പാദിപ്പിക്കുന്ന തരംതിരിക്കാത്ത റബറിന്റെ വില 132 രൂപയിലുമെത്തി. തീരുവ കുറച്ച് അനിയന്ത്രിതമായി റബര്‍ ഇറക്കുമതി ചെയ്യുന്നതാണ് വില താഴാന്‍ കാരണം. ഇത് നിരോധിക്കണമെന്ന ആവശ്യം അംഗീകരിക്കാതെ സര്‍ക്കാര്‍ വന്‍കിട വ്യവസായികള്‍ക്ക് ഒത്താശ ചെയ്തു.

ടയര്‍ കമ്പനികള്‍ക്ക് ആവശ്യത്തിന് റബര്‍ സ്റ്റോക്കുണ്ട്. മാത്രമല്ല, ഇറക്കുമതി നിയന്ത്രണമില്ലാതെ തുടരുകയും ചെയ്യുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ കര്‍ഷകരോഷം മനസിലാക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ തിടുക്കത്തില്‍ റബര്‍ സംഭരണം പ്രഖ്യാപിച്ചത്. വില 170 ല്‍ എത്തുന്നതു വരെ ഏജന്‍സികള്‍ കര്‍ഷകരില്‍നിന്ന് നേരിട്ട് റബര്‍ സംഭരിക്കുമെന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ധനമന്ത്രി കെ എം മാണിയും നല്‍കിയ ഉറപ്പ്. റബര്‍മാര്‍ക്കറ്റിങ് ഫെഡറേഷന്‍(റബര്‍ മാര്‍ക്ക്), മാര്‍ക്കറ്റിങ്ഫെഡ്, റബര്‍ബോര്‍ഡിന് കീഴിലുള്ള ആര്‍പിഎസുകള്‍ എന്നിവയെയാണ് സംഭരണത്തിന് ചുമതലപ്പെടുത്തിയത്. ഓരോ ദിവസത്തെയും മാര്‍ക്കറ്റ് വിലയേക്കാള്‍ രണ്ടു രൂപ അധികം കര്‍ഷകര്‍ക്ക് നല്‍കി സംഭരിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, ഇത് ലക്ഷ്യത്തിലെത്തിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല.

സംഭരണ ഏജന്‍സികളുടെ തനതു ഫണ്ട് ഉപയോഗിച്ച് പേരിനു മാത്രമാണ് സംഭരണം നടന്നത്. ഒരു രൂപ പോലും സര്‍ക്കാര്‍ ഈ ഏജന്‍സികള്‍ക്ക് നല്‍കിയിട്ടില്ല. റബര്‍ മാര്‍ക്ക് ഇതുവരെ 150 ടണ്‍ റബര്‍ മാത്രമാണ് ശേഖരിച്ചതെന്ന് പ്രസിഡന്റ് ടി എച്ച് മുസ്തഫ "ദേശാഭിമാനി"യോട് പറഞ്ഞു. അയ്യായിരം ടണ്‍ റബര്‍ സംഭരിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, സര്‍ക്കാര്‍ സഹായം നല്‍കാത്തതിനാല്‍ തുടര്‍ന്ന് സംഭരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മാര്‍ക്കറ്റ്ഫെഡ് കഴിഞ്ഞ ദിവസം വരെ 100 ടണ്‍ റബറാണ് സംഭരിച്ചതെന്ന് ചെയര്‍മാന്‍ വി സത്യശീലന്‍ പറഞ്ഞു.

സര്‍ക്കാരില്‍ നിന്നും പണം ലഭിക്കാത്തതിനാല്‍ മാര്‍ക്കറ്റ്ഫെഡും സംഭരണം നിര്‍ത്തി. ഇതുവരെ സംഭരിച്ച റബര്‍ ഗോഡൗണിലുണ്ട്. വില ഇനിയും താഴ്ന്നാല്‍ ഈ നഷ്ടവും സഹിക്കേണ്ടി വരും. ആര്‍പിഎസുകള്‍ മുഖേനയുള്ള സംഭരണം നടന്നിട്ടുമില്ല. സംഭരണം പാളിയതോടെ ആഭ്യന്തരവില ഇനിയുമിടിക്കാന്‍ വ്യവസായികളും അവധിവ്യാപാരികളും രംഗത്തുണ്ട്. പ്രമുഖ വ്യവസായികളായ എംആര്‍എഫ് ആഭ്യന്തരവിപണിയില്‍നിന്ന് റബര്‍ വാങ്ങുന്നത് നിര്‍ത്തി. ഒരു മാസത്തേക്ക് 12,000 ടണ്‍ റബറാണ് ഇവര്‍ക്ക് ആവശ്യം. എംആര്‍എഫ് അടക്കമുള്ള കമ്പനികള്‍ ഇറക്കുമതിയിലൂടെയാണ് റബര്‍ സംഭരിച്ചുവെക്കുന്നത്്. ഇറക്കുമതിയിലൂടെ വ്യവസായികള്‍ കോടികളുടെ ലാഭം ഉണ്ടാക്കിയപ്പോള്‍ പത്തു ലക്ഷത്തിലേറെ വരുന്ന ചെറുകിട കര്‍ഷകര്‍ ദുരിതത്തിലായി.

കെ എസ് ഷൈജു ദേശാഭിമാനി

No comments:

Post a Comment