Saturday, April 19, 2014

പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് കണക്കില്ലാത്ത സ്വര്‍ണം കടത്തി

തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍നിന്ന് കണക്കില്ലാത്ത സ്വര്‍ണം കടത്തിയതായി അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. സ്വര്‍ണം മണലില്‍ കടത്തി ലോറികളിലാക്കിയാണ് കടത്തിയത്. 17 കിലോ സ്വര്‍ണവും മൂന്ന് കിലോ ശരപ്പൊളിമാലയും കടത്തിയതില്‍പ്പെടുന്നു. ഉത്രാടം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ അറിവോടെയാണ് ഇത്തരം കാര്യങ്ങള്‍ നടന്നിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

തഞ്ചാവൂരിലെ ജ്വല്ലറികളിലേക്കാണ് സ്വര്‍ണം കടത്തിയത്. പഴവങ്ങാടിയില്‍ ജ്വല്ലറി നടത്തുന്ന രാജു എന്നയാളുടെ സഹായത്തോടെയാണ് സ്വര്‍ണം കടത്തിയത് . ക്ഷേത്രത്തിലെ സ്വര്‍ണപണികള്‍ ചെയ്യുന്നത് രാജുവാണ്. സ്വര്‍ണം കടത്താന്‍ സഹായിച്ചതിന് മൂന്ന് കിലോയുടെ സ്വര്‍ണം രാജുവിന് നല്‍കിയതായും പറയുന്നു. സ്വര്‍ണക്കടത്തിന് പിന്നില്‍ ഉന്നത ബന്ധങ്ങളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ ക്ഷേത്രത്തിലെ മേല്‍പ്പാടി മുറി എന്നറിയപ്പെടുന്ന ഒന്നും രണ്ടും മുറികളില്‍നിന്ന് നിരവധി അമൂല്യ നിധികളും കടത്തിയതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഈ മുറികള്‍ ഏതെങ്കിലും നിലവറയുടെ ഭാഗമല്ല. അമിക്കസ്ക്യൂറി ഇത് തുറന്ന് കാണണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അവയുടെ താക്കോല്‍ കളഞ്ഞുപോയി എന്നായിരുന്നു അധികൃതരുടെ വിശദീകരണം തുടര്‍ന്ന് ഗ്യാസ്കട്ടര്‍ ഉപയോഗിച്ച് മുറികള്‍ തുറന്നപ്പോള്‍ കണക്കില്‍പ്പെടാത്ത നിരവധി നിധികളാണ് കണ്ടെത്തിയത്. എന്നാല്‍ മുറിയിലെ പല അലമാരകളും ശൂന്യമായിരുന്നു. ഇവയിലെ നിധികള്‍ കടത്തിയതാവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജകുടുംബവും സര്‍ക്കാരും തമ്മില്‍ അവിശുദ്ധ ബന്ധം: വി എസ്

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തെ കുറിച്ചുള്ള അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെ കുറിച്ച് സര്‍ക്കാര്‍ മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. രാജകുടുംബവും സര്‍ക്കാരും തമ്മില്‍ അവിശുദ്ധ ബന്ധമാണുള്ളത്. രാജകുടുംബത്തെ സര്‍ക്കാരിന് ഭയമാണ്. ക്ഷേത്രത്തില്‍നിന്ന് സ്വത്ത് കടത്തികൊണ്ടുപോയതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനാണ്. ക്ഷേത്രത്തില്‍നിന്ന് സ്വര്‍ണം കടത്തുന്നുണ്ടെന്ന് രണ്ടരവര്‍ഷം മുമ്പ് താന്‍ പറഞ്ഞത് ഇപ്പോള്‍ ശരിയെന്ന് തെളിഞ്ഞിരിക്കുകയാണ്. ഗുരുവായൂര്‍ മോഡല്‍ ഭരണസമിതിയാണ് പത്മനാഭസ്വാമി ക്ഷേത്രത്തിനും വേണ്ടത്. ഇത്തരം വിവരങ്ങള്‍ വെളിച്ചത്തുകൊണ്ടുവന്ന അമിക്കസ് ക്യൂറിയെ അഭിനന്ദിക്കുന്നതായും വി എസ് പറഞ്ഞു.

deshabhimani

No comments:

Post a Comment