Thursday, April 3, 2014

കേരളം എല്‍ഡിഎഫിന് അനുകൂലമാകും

ലോക്സഭാതെരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസിനും ബിജെപിക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ലെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജന്‍. കോണ്‍ഗ്രസിന് വീണ്ടും അധികാരത്തില്‍ തിരിച്ചെത്താന്‍ കഴിയില്ല. പി സി ചാക്കോ അടക്കമുള്ള നേതാക്കള്‍തന്നെ അക്കാര്യം പരസ്യമായി പറയുന്നു. അധികാരത്തില്‍ വരാമെന്ന ബിജെപിയുടെയും മോഡിയുടെയും മോഹം മലര്‍പ്പൊടിക്കാരന്റെ സ്വപ്നംമാത്രമാണ്. രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും കോണ്‍ഗ്രസിനും ബിജെപിക്കും എതിരാണ്. കോണ്‍ഗ്രസ്- ബിജെപി ഇതര മതനിരപേക്ഷ കക്ഷികളുടെ പ്രസക്തി വര്‍ധിക്കുന്ന സാഹചര്യമാണുള്ളത്. കേരളത്തില്‍ ഇടതുപക്ഷ തരംഗമാണ് ദൃശ്യമാകുന്നത്. കേവലം ഒരു സീറ്റിന്റെ പേരില്‍ ഇതുവരെ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയത്തെ മറന്ന് നേരെ വിപരീത ക്യാമ്പിലേക്കുപോയ കേരളത്തിലെ ആര്‍എസ്പിയുടെ അവസരവാദപരമായ സമീപനത്തിന് തൊഴിലാളിവര്‍ഗം മാപ്പുനല്‍കില്ലെന്നും ദേവരാജന്‍ ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

?കോണ്‍ഗ്രസിനെ ഇടതുപക്ഷം പിന്തുണയ്ക്കേണ്ടിവരുമെന്നാണ് എ കെ ആന്റണി പറഞ്ഞത്

രാജ്യത്തെ സാഹചര്യം മനസിലാക്കാതെയുള്ള പ്രസ്താവനയാണത്. 2004ല്‍ നിന്ന് തികച്ചും വ്യത്യസ്തമായ സാഹചര്യമാണിന്ന്. പത്തുവര്‍ഷംകൊണ്ട് കോണ്‍ഗ്രസ് ജനങ്ങളില്‍നിന്ന് പൂര്‍ണമായും അകന്നു. ജനങ്ങളെ അഭിമുഖീകരിക്കാനാകാതെ ഒരു ഡസനോളം കേന്ദ്രമന്ത്രിമാര്‍ തെരഞ്ഞെടുപ്പില്‍നിന്ന് ഒളിച്ചോടി. കോണ്‍ഗ്രസിന് ഏറ്റവും കുറഞ്ഞ അംഗസംഖ്യയായിരിക്കും ഈ തെരഞ്ഞെടുപ്പിലുണ്ടാവുക.

?മോഡിയുടെ നേതൃത്വത്തില്‍ ബിജെപി അധികാരത്തിലെത്തുമെന്ന പ്രചാരണം.

1999ല്‍ ബിജെപി അധികാരത്തിലെത്തുമ്പോള്‍ 24 രാഷ്ട്രീയ പാര്‍ടികളുടെ പിന്തുണയുണ്ടായിരുന്നു. അതില്‍ ഇപ്പോള്‍ കൂടെയുള്ളത് പഞ്ചാബിലെ അകാലിദള്‍മാത്രമാണ്. ശിവസേനപോലും രണ്ടായി പരിഞ്ഞു. ജനവിരുദ്ധ സാമ്പത്തിക നയത്തിന്റെ കാര്യത്തില്‍ ഒരേ തൂവല്‍പക്ഷികളാണ് കോണ്‍ഗ്രസും ബിജെപിയും. കോണ്‍ഗ്രസിനേക്കാള്‍ ഒരുപടികൂടി കടന്നതാണ് ബിജെപിയുടെ സാമ്പത്തിക നയം. അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസില്‍നിന്ന് ഒട്ടും വ്യത്യസ്തമല്ല ബിജെപിയും. തീവ്ര ഹിന്ദുത്വ നിലപാടുയര്‍ത്തിയാണ് അവരിപ്പോള്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇത് ജനം അംഗീകരിക്കില്ല.

?കോണ്‍ഗ്രസിനും ബിജെപിക്കും എതിരായ ബദലിന്റെ സാധ്യത

രണ്ടാം യുപിഎ അധികാരത്തില്‍വന്ന 2009ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്് 28.58 ശതമാനവും ബിജെപിക്ക് 19 ശതമാനവും വോട്ടാണ് ലഭിച്ചത്. ഇതിനര്‍ഥം 53 ശതമാനവും ബിജെപിയെയും കോണ്‍ഗ്രസിനെയും എതിര്‍ക്കുന്നുവെന്നാണ്. അതുകൊണ്ടുതന്നെ ഇടതു മതനിരപേക്ഷ കക്ഷികളുള്‍പ്പെട്ട ബദലിന്റെ പ്രസക്തി വര്‍ധിക്കുന്നു. വ്യക്തമായ പരിപാടിയും മൂര്‍ത്തമായ നേതൃത്വവുമുണ്ടെങ്കില്‍ അങ്ങനെയൊരു ബദല്‍ സാധ്യമാകും. തെരഞ്ഞെടുപ്പിനു ശേഷമാകും അത്തരമൊരു ബദലിന് മൂര്‍ത്തരൂപമുണ്ടാവുക.

?കേരളത്തിലെ രാഷ്ട്രീയ സാഹചര്യം

കേരളത്തില്‍ എല്‍ഡിഎഫിന് അനുകൂല സാഹചര്യമാണ് നിലനില്‍ക്കുന്നത്. കേന്ദ്ര- സംസ്ഥാന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്കെതിരായ ജനവികാരം ശക്തമാണ്. ബിജെപി കേരളത്തില്‍ ഒരു ഘടകമേയല്ല. രണ്ടാം യുപിഎ സര്‍ക്കാരില്‍ ക്യാബിനറ്റ് മന്ത്രിമാരടക്കം എട്ട് മന്ത്രിമാരുണ്ടായിട്ടും കേരളത്തിന് ഒരു ഗുണവുമുണ്ടായില്ല. മൂന്നുവര്‍ഷമായി കേരളത്തില്‍ ഭരണമെന്നൊന്നില്ല. സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ ഉപയോഗിക്കപ്പെട്ടു. കോടതികളില്‍നിന്ന് തുടരെത്തുടരെ വിമര്‍ശമുണ്ടായിട്ടും തല കുമ്പിട്ടിരിക്കുകയാണ് മുഖ്യമന്ത്രി.

?കേരളത്തില്‍ ആര്‍എസ്പി യുഡിഎഫില്‍ ചേക്കേറിയത് തിരിച്ചടിയാകുമോ.

കേവലം ഒരു സീറ്റിന്റെ പേരില്‍ ഇതുവരെ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയം മറന്ന് നേരെ വിപരീത ക്യാമ്പിലേക്കാണ് കേരളത്തില്‍ ആര്‍എസ്പി പോയത്. ഈ അവസരവാദപരമായ സമീപനത്തിന് തൊഴിലാളിവര്‍ഗം മാപ്പുനല്‍കില്ല. കൊല്ലം തൊഴിലാളിവര്‍ഗത്തിന്റെ ശക്തികേന്ദ്രമാണ്. അവരുടെ വിയര്‍പ്പിന്റെ വിലയും ദുഃഖത്തിന്റെ കാഠിന്യവും തിരിച്ചറിയുന്നത് ഇടതുപക്ഷ പാര്‍ടികള്‍ മാത്രമാണ്. അതുകൊണ്ടാണ് അവര്‍ ഇടതുപക്ഷത്തെ ആവോളം സ്നേഹിക്കുന്നത്. അവസരവാദപരമായ നിലപാടെടുത്തവരെ ജനം തള്ളിക്കളയും. സീറ്റിന്റെ വിഷയം മുന്നണിക്കുള്ളില്‍ ചര്‍ച്ചചെയ്ത് പരിഹരിക്കാമായിരുന്നു. കോണ്‍ഗ്രസിന്റെ നവലിബറല്‍ നയങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി പൊരുതിയ അവര്‍ സ്വന്തം ജനതയെ വഞ്ചിച്ചതിനെ ന്യായീകരിക്കാന്‍ ഫോര്‍വേഡ് ബ്ലോക്കിനാകില്ല.

?ടി ജെ ചന്ദ്രചൂഡന്റെ നിലപാടിനെ എങ്ങനെ കാണുന്നു.

ടി ജെ ചന്ദ്രചൂഡന്‍ ഇങ്ങനെയൊരു നിലപാടിനൊപ്പം നില്‍ക്കുന്നതെങ്ങനെയെന്ന് മനസിലാകുന്നില്ല. വിശാലമായ കാഴ്ചപ്പാടിനു പകരം ഒരു സീറ്റ് എന്ന സൂചിക്കുഴലിലൂടെ കാര്യങ്ങളെ കാണാന്‍ എങ്ങനെ അദ്ദേഹത്തിനു കഴിയുന്നു. സങ്കുചിത മനോഭാവത്തോടെ ഇത്തരം വിഷയങ്ങളെ കാണുന്ന രീതി ഇടതുപക്ഷ സമീപനമല്ല. തൊഴിലാളികളുടെ വിയര്‍പ്പിന്റെ വിലയറിഞ്ഞ് പ്രവര്‍ത്തിക്കുന്നത് രാജ്യത്ത് ഇടതുപക്ഷംമാത്രമാണ്. ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ തൊഴിലാളികളുടെ പ്രശ്നങ്ങളുയര്‍ത്തി രാജ്യവ്യാപകമായി പണിമുടക്കിയപ്പോള്‍ ഐഎന്‍ടിയുസി അടക്കമുള്ളവര്‍ പങ്കുചേര്‍ന്നു. വിശാലമായ ആ ഇടതുപക്ഷ താല്‍പ്പര്യം മറക്കാന്‍ ചന്ദ്രചൂഡന് എങ്ങനെ കഴിയുന്നു എന്നതാണ് പ്രശ്നം.

മില്‍ജിത് രവീന്ദ്രന്‍ deshabhimani

No comments:

Post a Comment