Thursday, April 3, 2014

കാശ് തന്നാല്‍ പറയുന്ന പാര്‍ട്ടിയ്ക്ക് സീറ്റ് കൂട്ടാമെന്ന് സി വോട്ടര്‍

ന്യൂഡല്‍ഹി: പണം നല്‍കുന്നവരുടെ താല്‍പ്പര്യം അനുസരിച്ച് തെരഞ്ഞെടുപ്പ് അഭിപ്രായ സര്‍വേ നടത്തുന്ന ഏജന്‍സികള്‍ ഒളിക്യാമറ ഓപ്പറേഷനില്‍ കുടുങ്ങി. കേരളത്തില്‍ അഭിപ്രായസര്‍വേകള്‍ നടത്തിയ സി-വോട്ടര്‍ അടക്കം 11 ഏജന്‍സികളാണ് ഹിന്ദി ടെലിവിഷന്‍ വാര്‍ത്താചാനലായ ന്യൂസ് എക്സ്പ്രസ് നടത്തിയ ഓപ്പറേഷനില്‍ കുടുങ്ങിയത്. ഇതു പുറത്തുവന്നതോടെ സി-വോട്ടറുമായുള്ള സഹകരണം ഇന്ത്യ ടുഡെ അവസാനിപ്പിച്ചു. പണം കൊടുത്താല്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള സര്‍വേഫലം തയ്യാറാക്കിക്കൊടുക്കാമെന്ന് സി-വോട്ടര്‍ ജനറല്‍ മാനേജര്‍ ശര്‍മിഷ്ഠ ലോയിപാല്‍ ന്യൂസ് ചാനല്‍ റിപ്പോര്‍ട്ടറോട് പറയുന്നതിന്റെ ദൃശ്യം പുറത്തുവന്നു.

"വിശ്വസനീയത സൃഷ്ടിക്കാന്‍ പല ഘട്ടങ്ങളായാണ് ഫലം പ്രസിദ്ധീകരിക്കുക. മാധ്യമങ്ങള്‍ക്കും രാഷ്ട്രീയപാര്‍ടികള്‍ക്കുംവേണ്ടി സര്‍വേ നടത്താന്‍ തയ്യാറാണ്. കിട്ടുന്ന പണമാണ് പ്രധാനം. പണം കിട്ടുന്നതനുസരിച്ച് സീറ്റ് കൂട്ടിക്കൊടുക്കാം. ഇതിനുവേണ്ട കണക്കുകളും ഉണ്ടാക്കാം"- ശര്‍മിഷ്ഠ പറയുന്നു.

ഇരുവരും തമ്മിലുള്ള സംഭാഷണം ഇങ്ങനെ:

റിപ്പോര്‍ട്ടര്‍:
മാഗസിന്‍, ചാനല്‍ എന്നിവയുമായി എന്തെങ്കിലും ബന്ധം നിങ്ങള്‍ക്കുണ്ടോ?

$ ഉണ്ട്, നിങ്ങളെ വേണമെങ്കില്‍ അവരുമായി ബന്ധിപ്പിക്കാം. നിങ്ങളുടെ താല്‍പ്പര്യത്തിന് അനുസരിച്ച് വിവരങ്ങള്‍ ശേഖരിച്ച് സ്റ്റോറിചെയ്യാം. മാധ്യമങ്ങള്‍ക്ക് നല്‍കുന്നതോടെ അവര്‍ അത്യാവശ്യം ചേരുവ ചേര്‍ത്ത് പ്രസിദ്ധീകരിക്കും. ഇതൊക്കെ പതിവാണ്.

റിപ്പോര്‍ട്ടര്‍: ഞങ്ങള്‍ക്ക് എത്ര സീറ്റ് കിട്ടുമെന്ന് എങ്ങനെയാണ് പ്രവചിക്കാന്‍ കഴിയുക? വന്‍തോതില്‍ സീറ്റ് കിട്ടുമെന്ന് പ്രവചിക്കാന്‍ കഴിയില്ലെങ്കില്‍ രണ്ടു സീറ്റ് കൂടുതല്‍ കിട്ടുമെന്ന് കാണിക്കാന്‍ കഴിയില്ലേ?

$ നിങ്ങള്‍ ഉദ്ദേശിച്ചത് മനസ്സിലായി. ഒറ്റയടിക്ക് കൂടുതല്‍ സീറ്റ് പ്രവചിക്കാന്‍ കഴിയില്ല. ഘട്ടംഘട്ടമായി ചെയ്യുമ്പോള്‍ വിശ്വസനീയതയുണ്ടാകും. വോട്ടിങ് ശതമാനത്തില്‍ മാറ്റംവരുത്തി അവതരിപ്പിക്കാം. എല്ലാം മാനേജ്മെന്റുമായി സംസാരിച്ച് തീരുമാനിക്കാം.

റിപ്പോര്‍ട്ടര്‍: എണ്ണം പെരുപ്പിക്കാന്‍ മറ്റെന്തെങ്കിലും വഴി?

$ ഇത് എണ്ണത്തിന്റെമാത്രം കാര്യമല്ല. എഡിറ്റോറിയല്‍ ജോലികളുമുണ്ട്. പാര്‍ടിക്കും വ്യക്തിക്കും ഗുണംകിട്ടുന്ന രീതിയില്‍ അവതരിപ്പിക്കണം. കഴിഞ്ഞ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 27ഉം എഎപിക്ക് പത്തും സീറ്റാണ് സി-വോട്ടര്‍ പ്രവചിച്ചത്. ഫലം വന്നപ്പോള്‍ കോണ്‍ഗ്രസിന് എട്ടും എഎപിക്ക് 28ഉം ലഭിച്ചു. കഴിഞ്ഞദിവസം സിഎന്‍എന്‍- ഐബിഎന്‍- വീക്ക് പുറത്തുവിട്ട സര്‍വേ ഫലങ്ങളും പൊരുത്തക്കേട് നിറഞ്ഞത്. യുഡിഎഫിന് 11 മുതല്‍ 17 വരെ സീറ്റും എല്‍ഡിഎഫിന് നാലുമുതല്‍ എട്ടുവരെ സീറ്റുമാണ് പ്രവചിക്കുന്നത്. യുഡിഎഫിന് എല്‍ഡിഎഫിനെ അപേക്ഷിച്ച് ഒമ്പത് ശതമാനം വോട്ട് കൂടുതല്‍ കിട്ടുമെന്ന പ്രവചനവും വിചിത്രം. ഒരു കാലത്തും കേരളത്തില്‍ മുന്നണികള്‍ തമ്മില്‍ ഇത്രയും വ്യത്യാസം ഉണ്ടായിട്ടില്ല. രണ്ടാം യുപിഎ സര്‍ക്കാരിന്റെ പ്രവര്‍ത്തനം മികച്ചതാണെന്ന് ജനങ്ങള്‍ക്ക് അഭിപ്രായമുണ്ടെന്ന ശുദ്ധനുണയും തട്ടിവിട്ടു.

deshabhimani

No comments:

Post a Comment