Thursday, April 3, 2014

ബാര്‍ ലൈസന്‍സ് പുതുക്കാന്‍ 25 കോടി കോഴ

വന്‍കിട ഹോട്ടലുകള്‍ക്ക് മാത്രമായി ബാര്‍ ലൈസന്‍സ് പുതുക്കിനല്‍കാനുള്ള തീരുമാനത്തിനുപിന്നില്‍ 25 കോടിയുടെ കോഴ ഇടപാട്. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ബാര്‍ ഒന്നിന് 10 ലക്ഷം രൂപയാണ് ബാറുടമകളോട് ആവശ്യപ്പെട്ടത്. കോട്ടയത്തും കൊച്ചിയിലുമായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടന്ന രഹസ്യചര്‍ച്ചകള്‍ക്കൊടുവില്‍ മുന്തിയ ഇനത്തില്‍പ്പെട്ട 335 ബാറുകളുടെ ലൈസന്‍സ് ഉടന്‍ പുതുക്കാന്‍ ധാരണയിലെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ വിഷയം പരിഗണിക്കാന്‍ മാത്രമായി മന്ത്രിസഭായോഗം വിളിച്ചുചേര്‍ത്തു. ബുധനാഴ്ച രാത്രിതന്നെ ഉത്തരവും ഇറക്കി.

ബാര്‍ ലൈസന്‍സ് പുതുക്കല്‍പ്രശ്നം കഴിഞ്ഞ മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്ക് വന്നെങ്കിലും ധനമന്ത്രി കെ എം മാണിയുടെ എതിര്‍പ്പുമൂലം തീരുമാനം മാറ്റിയിരുന്നു. നിയമവകുപ്പിന്റെ വിശദമായ പരിശോധന വേണമെന്നായിരുന്നു മാണിയുടെ നിലപാട്. ലൈസന്‍സ് പുതുക്കുന്നതിന് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് 15 കോടിയാണ് ആദ്യം ആവശ്യപ്പെട്ടത്. മന്ത്രിസഭായോഗത്തില്‍ തടസ്സവാദം ഉയര്‍ന്നതോടെ ധന, നിയമ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയുടെ അനുമതിയും വേണമെന്നായി. തുടര്‍ന്നാണ് ഇടനിലക്കാര്‍ മുഖേന കോട്ടയത്ത് ഒത്തുതീര്‍പ്പ് ചര്‍ച്ച നടന്നത്. സര്‍ക്കാരില്‍ പദവിയുള്ള മാണി ഗ്രൂപ്പ് നേതാവാണ് ഇടനിലക്കാരനായി നിന്നത്. 10 കോടി രൂപ ഇദ്ദേഹംവഴി തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് തിങ്കളാഴ്ച എത്തിയതായാണ് വിവരം.

യോഗ്യതയുളള ബാറുകളുടെ ലൈസന്‍സ് പുതുക്കാം എന്ന ഒറ്റവരി തീരുമാനമാണ് മന്ത്രിസഭായോഗം കൈക്കൊണ്ടത്. യോഗ്യതയുള്ളവയും അല്ലാത്തവയും എത്ര എന്നതടക്കമുള്ള വിശദാംശങ്ങളൊന്നും പരിഗണിച്ചിട്ടില്ല. നിലവാരമില്ലെന്ന കാരണംപറഞ്ഞ് മാറ്റിവക്കുന്ന 418 ബാറുകള്‍ക്ക് തീരുമാനമാകുന്ന മുറയ്ക്ക് ലൈസന്‍സ് പുതുക്കി നല്‍കാനാണ് ധാരണ. ഇതിന് മുന്നോടിയായി എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍മാര്‍ നിലവാരം പരിശോധിക്കും. നിലവാരമുണ്ടെന്ന് തെളിഞ്ഞാല്‍ ലൈസന്‍സ് പുതുക്കിക്കൊടുക്കും. വന്‍ അഴിമതിക്ക് പഴുതുകളിടുന്നതാണ് ഈ തീരുമാനവും. അതേസമയം, ഒറ്റയടിക്ക് 418 ബാറുകള്‍ പൂട്ടിയത് ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവിതം വഴിമുട്ടിച്ചു. 1996ല്‍ എ കെ ആന്റണി സര്‍ക്കാര്‍ ചാരായം നിരോധിക്കാന്‍ തീരുമാനിച്ചതിന് സമാനമാണിത്.

ചാരായനിരോധനത്തെ തുടര്‍ന്നാണ് സംസ്ഥാനത്ത് ബാര്‍, വ്യാജ മദ്യലോബി ശക്തി പ്രാപിച്ചത്. നിലവിലുള്ള ബാറുകള്‍ പൂട്ടിയതോടെ വിദേശമദ്യ സെക്കന്‍ഡ്സും വ്യാജമദ്യവും സംസ്ഥാനത്ത് വ്യാപകമാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. മന്ത്രിസഭാതീരുമാനം വന്നയുടനെ ഉത്തരവ് ഇറക്കുന്നതിന് മിന്നല്‍വേഗത്തിലാണ് നടപടികള്‍ സ്വീകരിച്ചത്.

ബീമാപള്ളി ഉറൂസ് പ്രമാണിച്ച് തലസ്ഥാനജില്ലയില്‍ പൊതു അവധിയായിരുന്നെങ്കിലും നികുതി സെക്രട്ടറിയുടെയും എക്സൈസ് കമീഷണറുടെയും ഓഫീസുകള്‍ രാത്രി വൈകിയും പ്രവര്‍ത്തിച്ചു. വൈകിട്ട് നികുതി സെക്രട്ടറിയുടെ ഉത്തരവ് തെരഞ്ഞെടുപ്പ് കമീഷന്റെ അനുമതി വാങ്ങാന്‍ അയച്ചു. അനുമതി കിട്ടിയ ഉടനെ രാത്രി ഏഴിന് നികുതി സെക്രട്ടറിയുടെ ഉത്തരവ് പുറത്തുവന്നു. അത് അപ്പോള്‍ ത്തന്നെ എക്സൈസ് കമീഷണര്‍ക്ക് കൈമാറി. എക്സൈസ് കമീഷണറേറ്റില്‍നിന്ന് ബന്ധപ്പെട്ട ഡെപ്യൂട്ടി കമീഷണര്‍ക്ക് ഉത്തരവ് നല്‍കി. ലൈസന്‍സ് ഫീസിനുള്ള ഡിഡി സഹിതം ഓണ്‍ ലൈനില്‍ അപേക്ഷകളും മിനിറ്റുകള്‍ക്കുള്ളില്‍ എത്തി. പൊതു അവധിയായിരുന്നിട്ടും നികുതി സെക്രട്ടറി മുന്‍കൈ എടുത്ത് നടത്തിയ ഫയല്‍നീക്കം അമ്പരപ്പിക്കുന്നതായിരുന്നു.

കെ ശ്രീകണ്ഠന്‍ deshabhimani

No comments:

Post a Comment