Wednesday, April 2, 2014

സിബിഐ കത്ത് മുക്കി; സര്‍ക്കാര്‍ വെട്ടില്‍

ടി പി ചന്ദ്രശേഖരന്‍ വധ ഗൂഢാലോചനക്കേസ് അന്വേഷിക്കാനാകില്ലെന്ന സിബിഐയുടെ കത്ത് സര്‍ക്കാര്‍ മുക്കിയതും രാഷ്ട്രീയത്തട്ടിപ്പ്. കഴിഞ്ഞ 22ന് സംസ്ഥാനസര്‍ക്കാരിന് സിബിഐയുടെ കത്ത് കിട്ടിയിട്ടും അതീവ രഹസ്യമാക്കിവച്ചു. നിലപാട് പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനസര്‍ക്കാര്‍ വീണ്ടും അയച്ച കത്തും രഹസ്യമാക്കി. ഈ കത്തിനും അനുകൂല പ്രതികരണമുണ്ടാകില്ലെന്ന് സര്‍ക്കാരിന് ബോധ്യമുണ്ട്. ഈ സാഹചര്യത്തിലാണ്, സിബിഐ അന്വേഷണം ഉടന്‍ നടക്കുമെന്ന് പ്രചരിപ്പിച്ച് വോട്ട് നേടാനുള്ള ശ്രമങ്ങള്‍ക്ക് സിബിഐ നിലപാട് തിരിച്ചടിയാകുമെന്നതിനാല്‍ കത്ത് മുക്കിയത്. എന്നാല്‍, സിബിഐ വക്താവ് കാര്യങ്ങള്‍ തുറന്നുപറഞ്ഞതോടെ സര്‍ക്കാര്‍ വെട്ടിലായി. സിബിഐ അന്വേഷണം ഒരു കാരണവശാലും നടക്കില്ലെന്ന് ഉത്തമ ബോധ്യമുണ്ടായിട്ടും രാഷ്ട്രീയ ദുഷ്ടലാക്കോടെയാണ് കേസ് സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫയാസ് ജയില്‍ സന്ദര്‍ശിച്ചുവെന്ന കാരണം മാത്രമാണ് അന്വേഷണത്തിന് കാരണമാക്കിയത്. ഇതിനായി തങ്ങളുടെ ചട്ടുകമായി പ്രവര്‍ത്തിക്കുന്ന ഒരുസംഘം പൊലീസുകാരെ ഉപയോഗിച്ച് റിപ്പോര്‍ട്ട് തട്ടിക്കൂട്ടി. ഈ റിപ്പോര്‍ട്ട് കണക്കിലെടുത്താലും ഒരു കേന്ദ്രഏജന്‍സിയും കേസ് എടുക്കില്ലെന്ന് സര്‍ക്കാരിന് ഉറപ്പായിരുന്നു.

ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ടുള്ള ചെറിയ കാര്യങ്ങള്‍പോലും മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തും പരസ്യമാക്കിയും മുതലെടുത്തവരാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും. സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനമെടുത്തതുള്‍പ്പെടെ എല്ലാ കാര്യങ്ങളിലും മുതലെടുപ്പ് വ്യക്തമായിരുന്നു. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു കൊലപാതകത്തിന് കൊലക്കേസിനു പുറമെ രണ്ട് ഗൂഢാലോചനക്കേസ് രജിസ്റ്റര്‍ ചെയ്തു. കൊലക്കേസില്‍ കോടതി വിധി പറഞ്ഞു. ആദ്യം രജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതിയില്‍ കുറ്റപത്രം നല്‍കി. ഇതൊന്നും പോരാതെയാണ് മൂന്നാമതൊരു കേസ് തട്ടിക്കൂട്ടിയത്. സിബിഐ അന്വേഷണം നടത്തി സിപിഐ എമ്മിനെ പ്രതിക്കൂട്ടിലാക്കുകയെന്ന് മാത്രമായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടത്. കേസ് ഏറ്റെടുക്കാനാകില്ലെന്ന് സിബിഐ തറപ്പിച്ചുപറഞ്ഞതോടെ ഈ ഗൂഢാലോചനകളെല്ലാമാണ് പൊളിഞ്ഞത്. അത് പുറത്തായാല്‍ ജനങ്ങള്‍ക്ക് മുമ്പില്‍ പരിഹാസ്യമാകുമെന്ന് ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലക്കുമറിയാം. അതുകൊണ്ട് തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ സിബിഐ നിലപാട് മൂടിവയ്ക്കാനായിരുന്നു ശ്രമം. എടച്ചേരി പൊലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ സംസ്ഥാന പൊലീസ് അന്വേഷണം തുടരുമെന്നാണ് ഇപ്പോള്‍ തടിതപ്പാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറയുന്നത്. ഇത് നിയമവിരുദ്ധമാണെന്ന് അറിഞ്ഞിട്ടും ചെന്നിത്തല മലക്കം മറിയുകയാണ്. സിബിഐ നിലപാട് അന്തിമമല്ലെന്ന എ കെ ആന്റണിയുടെ വാക്കുകളിലും ഗൂഢലക്ഷ്യമുണ്ട്. കേന്ദ്രഭരണം ഉപയോഗിച്ച് സിബിഐയെ വരുതിക്ക് കൊണ്ടുവരുമെന്ന ഭീഷണിയാണിതിന് പിന്നില്‍. സംസ്ഥാനസര്‍ക്കാര്‍ സിബിഐക്ക് വിടാന്‍ തീരുമാനിച്ചാല്‍ ബാക്കി താന്‍ ഏറ്റുവെന്ന് വീമ്പിളക്കി നടന്ന കേന്ദ്ര ആഭ്യന്തരമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനാകട്ടെ ഇപ്പോള്‍ മിണ്ടാട്ടവുമില്ല.

സിബിഐയില്‍ സമ്മര്‍ദം ശക്തമാക്കി കോണ്‍ഗ്രസ്

സംസ്ഥാന പൊലീസ് അന്വേഷണം പൂര്‍ത്തീകരിച്ച ടി പി ചന്ദ്രശേഖരന്‍ വധക്കേസ് ഏറ്റെടുക്കേണ്ടതില്ലെന്ന സിബിഐയുടെ തീരുമാനം പുനഃപരിശോധിപ്പിക്കാന്‍ കോണ്‍ഗ്രസ് രാഷ്ട്രീയസമ്മര്‍ദം ശക്തിപ്പെടുത്തി. കേസ് ഏറ്റെടുക്കുന്നതിനുള്ള നേരിയ സാധ്യതയെങ്കിലും പരിശോധിക്കാന്‍ ആവശ്യപ്പെട്ട് സിബിഐ ഡല്‍ഹി ഓഫീസ് ചെന്നൈ യൂണിറ്റിന് കത്ത് നല്‍കി. കേന്ദ്ര പേഴ്സണല്‍വകുപ്പിന്റെ നിര്‍ദേശത്തെതുടര്‍ന്നാണ് ഈ നടപടി. കെപിസിസി പ്രസിഡന്റ് വി എം സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഉള്‍പ്പെടെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടതുപ്രകാരം ഹൈക്കമാന്‍ഡ് ഇടപെടുകയായിരുന്നു. പ്രധാനമന്ത്രികാര്യാലയത്തില്‍ പേഴ്സണല്‍വകുപ്പ് കൈകാര്യംചെയ്യുന്ന സഹമന്ത്രി വി നാരായണസ്വാമിയുമായാണ് സംസ്ഥാന നേതാക്കള്‍ ബന്ധപ്പെട്ടത്. തുടര്‍ന്ന് നാരായണസ്വാമി സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയെ നേരിട്ടുവിളിച്ച് തീരുമാനം പുനഃപരിശോധിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ആഭ്യന്തരവകുപ്പ് കഴിഞ്ഞദിവസം പേഴ്സണല്‍വകുപ്പിന് കത്തയച്ചിരുന്നു. ഈ കത്ത് പേഴ്സണല്‍വകുപ്പ് സിബിഐക്ക് കൈമാറി. ഇതോടൊപ്പമാണ് മന്ത്രിയുടെ നേരിട്ടുള്ള ഇടപെടലുമുണ്ടായത്. സര്‍ക്കാരില്‍നിന്ന് സമ്മര്‍ദം വന്നതോടെ രഞ്ജിത് സിന്‍ഹ ചൊവ്വാഴ്ച സിബിഐ ഓഫീസില്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. പേഴ്സണല്‍വകുപ്പില്‍നിന്ന് ലഭിച്ച കത്ത് ചെന്നൈ യൂണിറ്റിന്റെ പരിഗണനയ്ക്ക് അയക്കാനായിരുന്നു യോഗത്തിന്റെ തീരുമാനം. ചെന്നൈ യൂണിറ്റിന്റെ ചുമതലയുള്ള ദക്ഷിണമേഖല ജോയിന്റ് ഡയറക്ടര്‍ എസ് യു അരുണാചലത്തിനാണ് പേഴ്സണല്‍വകുപ്പിന്റെ കത്ത് കൈമാറിയത്. നേരത്തെ സിബിഐ അന്വേഷണ ആവശ്യത്തില്‍ കഴമ്പില്ലെന്ന റിപ്പോര്‍ട്ട് സിബിഐ കേന്ദ്ര ഓഫീസിന് കൈമാറിയത് ചെന്നൈ യൂണിറ്റായിരുന്നു. ഇപ്പോള്‍ അതേയൂണിറ്റിനുതന്നെയാണ് തീരുമാനം പുനഃപരിശോധിക്കാനുള്ള നിര്‍ദേശം പോയതും. കേരളത്തില്‍ തെരഞ്ഞെടുപ്പിനുമുമ്പ് അനുകൂലതീരുമാനം ഉണ്ടാകണമെന്നാണ് പേഴ്സണല്‍വകുപ്പിന്റെ നിര്‍ദേശം.

വിശദമായ പരിശോധനയുടെയും നിയമോപദേശത്തിന്റെയും അടിസ്ഥാനത്തിലാണ് കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാടില്‍ സിബിഐ എത്തിയത്. എന്നാല്‍, ഇപ്പോള്‍ തികച്ചും രാഷ്ട്രീയപ്രേരിതമായി ഈ തീരുമാനം പുനഃപരിശോധിക്കാന്‍ ഭരണനേതൃത്വം നിര്‍ബന്ധിക്കുന്നതില്‍ സിബിഐയിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. തങ്ങള്‍ ആഗ്രഹിക്കുംവിധം സിബിഐ നീങ്ങിയില്ലെന്ന് കണ്ടതോടെയാണ് കോണ്‍ഗ്രസ് നേതൃത്വം നഗ്നമായ രാഷ്ട്രീയ ഇടപെടല്‍ നടത്തിയത്. രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം സ്വതന്ത്ര അന്വേഷണ ഏജന്‍സിയായ സിബിഐയുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ നടത്തുന്ന ഇടപെടല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമായിപ്പോലും കാണാമെന്ന് നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

സിപിഐ എമ്മിനെ കുടുക്കാന്‍ ബാഹ്യ ഇടപെടലുണ്ടായി: എസ് ആര്‍ പി

കണ്ണൂര്‍: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഐ എമ്മിനെ കുടുക്കാന്‍ ബാഹ്യ ഇടപെടലുണ്ടായതായി പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. ഡിജിപിയുടെ പരാമര്‍ശത്തെ അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തിരുത്തിയത് ഇതിന്റെ ഭാഗമാണ്. പരല്‍ മീനുകളല്ല, വന്‍ സ്രാവുകളാണ് ഇതിനു പിന്നിലെന്ന് പറഞ്ഞത് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനാണ്. മറ്റുള്ളവരെയും പ്രതിയാക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് മുല്ലപ്പള്ളി ഇങ്ങനെ പറഞ്ഞത്. ഇതെല്ലാം കേസില്‍ നിയമവിരുദ്ധമായി ഇടപെട്ടതിന്റെ സൂചനകളാണ്. പ്രസ്ക്ലബ്ബിന്റെ "ജനവിധി-2014" പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു എസ് ആര്‍ പി. നിയമവ്യവസ്ഥയനുസരിച്ച് നടക്കുന്ന അന്വേഷണത്തിലുള്ള ഇടപെടലാണിതൊക്കെ. കുറ്റക്കാരെ കണ്ടെത്തി കോടതി വിധിപുറപ്പെടുവിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത് പരിഹാസ്യമാണ്. സിബിഐക്ക് വിടാന്‍ തത്ത്വത്തില്‍ അംഗീകരിച്ചെന്ന സര്‍ക്കാര്‍ തീരുമാനവും ഗൂഢാലോചനയുടെ ഭാഗമാണ്. സിബിഐക്ക് ഈ കേസ് ഏറ്റെടുക്കാനാവില്ലെന്ന് സിപിഐ എം നേരത്തെ വ്യക്തമാക്കിയതാണ്. കൊലപാതകം സിപിഐ എം നയമല്ല. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ ആര്‍ക്കെങ്കിലും പങ്കുണ്ടോയെന്നാണ് പാര്‍ടി അന്വേഷിച്ചത്. ഇതിനെ തുടര്‍ന്നാണ് പാര്‍ടി നടപടി സ്വീകരിച്ചതെന്നും എസ് ആര്‍ പി വ്യക്തമാക്കി.

deshabhimani

No comments:

Post a Comment