Wednesday, April 2, 2014

പെന്‍ഷന്‍ മുടങ്ങി; ശമ്പളവും അനിശ്ചിതത്വത്തില്‍


വിരമിച്ച ജീവനക്കാരടക്കമുള്ള അഞ്ചുലക്ഷംപേരുടെ പെന്‍ഷന്‍ മുടങ്ങി. സര്‍വീസ് പെന്‍ഷനും കുടുംബപെന്‍ഷനും സ്വാതന്ത്ര്യസമരസേനാനി പെന്‍ഷനുമടക്കം ചൊവ്വാഴ്ച വിതരണംചെയ്തില്ല. സാമ്പത്തികപ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ബാങ്കിങ്ങിതര ട്രഷറികളടക്കം എല്ലാ ട്രഷറികളിലും ഒരുവിധ ഇടപാടും നടത്തേണ്ടെന്നു തീരുമാനിച്ചു. ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളവും അനിശ്ചിതത്വത്തിലാണ്. ബുധനാഴ്ച ശമ്പളം വിതരണംചെയ്യുമെന്ന് ഉറപ്പില്ല. ആദായനികുതിയുമായി ബന്ധപ്പെട്ട "ചില ഉടക്കുകള്‍" ഉപയോഗിച്ച് ശമ്പളവിതരണം പരമാവധി നീട്ടിക്കൊണ്ടുപോകും. സാധാരണ മാസത്തിലെ ആദ്യ പ്രവൃത്തിദിനത്തില്‍ കൈയിലെത്തുന്ന പെന്‍ഷന്‍ എന്ന് ലഭിക്കുമെന്ന് ഉറപ്പില്ല. സര്‍വീസ് പെന്‍ഷന്‍, കുടുംബപെന്‍ഷന്‍, മുന്‍ നിയമസഭാ സാമാജികരും സ്വാതന്ത്ര്യസമരസേനാനികളും കലാകാരന്മാരുമടക്കം മറ്റ് വിഭാഗങ്ങള്‍ക്കുള്ള പെന്‍ഷന്‍ തുടങ്ങിയവ മുടങ്ങി. 2.41 ലക്ഷം സര്‍വീസ് പെന്‍ഷന്‍കാരും 98,015 കുടുംബപെന്‍ഷന്‍കാരുമുണ്ട്. 1.42 ലക്ഷത്തിനുമുകളിലാണ് ഇതര പെന്‍ഷന്‍കാര്‍. മരുന്ന് വാങ്ങുന്നതിനടക്കം പെന്‍ഷന്‍ കാത്തിരിക്കുന്നവരാണ് ബഹുഭൂരിപക്ഷവും. പെന്‍ഷന്‍വിതരണത്തിന് 987 കോടി രൂപ വേണം. ശമ്പളം ചൊവ്വാഴ്ച വിതരണം തുടങ്ങേണ്ടതാണ്. 1400 കോടിയിലേറെ രൂപ ഇതിന് വേണം. ആദ്യദിനം വരുമാനദായകവകുപ്പുകള്‍ക്കും രണ്ടാംദിനം സേവനമേഖലയിലുള്ളവര്‍ക്കും മൂന്നാംദിനം ഇതര വകുപ്പുകള്‍ക്കുമാണ് ശമ്പളം നല്‍കുന്നത്. അഞ്ചുലക്ഷത്തോളം ജീവനക്കാരും അധ്യാപകരുമുണ്ട്.

ശമ്പളം വൈകിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമായി ടിആര്‍ 46 ബില്‍ ഫോറം മാറ്റി. ആദായനികുതി പിടിച്ചതിന്റെ നാലുവര്‍ഷത്തെ രേഖ പരിശോധിച്ചതിന്റെ സാക്ഷ്യപത്രവും 2013 ഏപ്രില്‍ ഒന്നുമുതല്‍ സര്‍വീസില്‍ പ്രവേശിച്ചവരുടെ പ്രാന്‍ നമ്പരും (പെര്‍മനന്റ് റിട്ടയര്‍മെന്റ് അക്കൗണ്ട്് നമ്പര്‍) ഉള്‍പ്പെടെ അപേക്ഷിച്ചാലേ പുതിയ ബില്‍ ഫോറം ബുക്ക് ട്രഷറിയില്‍നിന്ന് നല്‍കാവൂ എന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. 2010 ഏപ്രില്‍ ഒന്നുമുതലുള്ള ആദായനികുതി ഒടുക്കിയതിന്റെ വിവരങ്ങള്‍ ആദായനികുതിവകുപ്പിന്റെ വെബ്സൈറ്റിലെ "ബിന്‍ വ്യൂ" എന്ന സംവിധാനത്തിലെ വിവരങ്ങളുമായി ഒത്തുനോക്കണം. ഇതില്‍ എന്തെങ്കിലും അപാകതയുണ്ടെങ്കില്‍ പരിഹരിച്ച്, വിവരങ്ങള്‍ ശരിയാണെന്ന സാക്ഷ്യപത്രം നല്‍കണം. കംപ്യൂട്ടര്‍വല്‍ക്കരണത്തിലെ പ്രശ്നങ്ങള്‍ ഇത് ശ്രമകരമാക്കുന്നു. പങ്കാളിത്ത പെന്‍ഷന്‍പദ്ധതി നടപ്പാക്കിയശേഷമുള്ള ജീവനക്കാര്‍ക്ക് പ്രാന്‍ നമ്പരുണ്ടെങ്കില്‍മാത്രമേ ശമ്പളം മാറാനാകൂ. സ്പാര്‍ക് (സര്‍വീസ് പേറോള്‍ അഡ്മിനിസ്ട്രേറ്റീവ് റെപ്പോസിറ്ററി ഫോര്‍ കേരള) വഴിയാണ് ഗസറ്റഡ് ഉദ്യോഗസ്ഥര്‍ ശമ്പളബില്‍ സമര്‍പ്പിക്കേണ്ടത്. കംപ്യൂട്ടര്‍സംവിധാനത്തിന്റെ സെര്‍വര്‍പ്രശ്നം, തള്ളിക്കയറ്റം തുടങ്ങിയ കാരണങ്ങളുണ്ടാക്കി ബഹുഭൂരിപക്ഷത്തിന്റെയും ശമ്പളം നീട്ടിക്കൊണ്ടുപോകും. ഇക്കാരണങ്ങളുടെ പേരില്‍, കഴിഞ്ഞമാസം ഒന്നിന് ലഭിച്ച ശമ്പളം പലര്‍ക്കും ഈ മാസം ഒന്നാംതീയതി ലഭിച്ചിട്ടില്ല.

deshabhimani

No comments:

Post a Comment