Monday, April 14, 2014

നിര്‍മാണമേഖല സ്തംഭിച്ചു

കുടിശ്ശിക അനുവദിക്കാതെ ജോലി ഏറ്റെടുക്കില്ലെന്ന കരാറുകാരുടെ തീരുമാനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് നിര്‍മാണമേഖല സ്തംഭിച്ചു. നിലവിലുള്ള പ്രവൃത്തി പൂര്‍ണമായി നിര്‍ത്തി. ചെറുകിട-വന്‍കിട വ്യത്യാസമില്ലാതെ പ്രവൃത്തികളെല്ലാം പാതിവഴിയിലായി. 2013 ജൂലൈ ഒന്നിനുമുമ്പ് പൂര്‍ത്തിയാക്കിയവയടക്കം പത്തുമാസത്തിലേറെയായി സമര്‍പ്പിച്ച ഒരു ബില്ലും സര്‍ക്കാര്‍ പാസാക്കാത്തതില്‍ പ്രതിഷേധിച്ചാണ് കരാറുകാര്‍ പ്രവൃത്തിനിര്‍ത്തിയത്.

2400 കോടിയിലേറെ രൂപ കരാറുകാര്‍ക്ക് ലഭിക്കാനുണ്ട്. കഴിഞ്ഞദിവസം ഇവരുടെ പ്രതിനിധികളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയില്‍ പരമാവധി തുക അനുവദിക്കുമെന്ന് അറിയിച്ചു. എന്നാല്‍, 337 കോടി രൂപ മാത്രം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. റോഡുകളുടെയും പാലങ്ങളുടെയും വിഭാഗത്തില്‍ 130 കോടിയും കെട്ടിടവിഭാഗത്തില്‍ 47 കോടിയും നബാര്‍ഡിന്റെ ഗ്രാമീണ അടിസ്ഥാനവികസന ഫണ്ടിലെ പദ്ധതികള്‍ക്ക് 60 കോടിയും ജലവിഭവവകുപ്പിനുകീഴില്‍ 40 കോടിയും 13-ാം ധന കമീഷന്റെ പദ്ധതികളില്‍ 60 കോടി രൂപയും അനുവദിക്കും. ബാക്കി 2060 കോടിയോളം രൂപ എന്ന് നല്‍കുമെന്ന് ധനവകുപ്പിനും നിശ്ചയമില്ല.

പ്രതിസന്ധി പരിഹരിക്കാന്‍ ഉന്നതതലസമിതിയെ നിയോഗിക്കാമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ബുധനാഴ്ച മന്ത്രിസഭായോഗം ഇത് ചര്‍ച്ചചെയ്യുമെന്നാണ് വിവരം. പൊതുമരാമത്തുവകുപ്പില്‍ നടക്കുന്ന സാമ്പത്തിക അരാജകത്വത്തില്‍ ധനവകുപ്പിന് കടുത്ത എതിര്‍പ്പുണ്ട്. ധനവകുപ്പിനെ നോക്കുകുത്തിയാക്കി പൊതുമരാമത്തു വകുപ്പ് എടുക്കുന്ന തീരുമാനങ്ങളാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ഉന്നതതല സംസാരം. റോഡ്, പാലം, കെട്ടിടം, കനാല്‍, പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യമൊരുക്കല്‍ തുടങ്ങി എല്ലാ മേഖലയിലും പ്രവൃത്തി നിലച്ചു. പുതിയ ജോലി ഏറ്റെടുക്കേണ്ടെന്നാണ് 15,000ല്‍പ്പരം വരുന്ന കരാറുകാരുടെ തീരുമാനം. നിലവിലെ സാമ്പത്തികപ്രതിസന്ധിയില്‍ ദൈനംദിന ചെലവുകള്‍ക്കുപോലും സര്‍ക്കാര്‍ ബുദ്ധിമുട്ടുന്നു.

കഴിഞ്ഞ ആഴ്ച കടമെടുത്ത 1000 കോടി രൂപയിലാണ് ട്രഷറി ഓടുന്നത്. തുടര്‍ച്ചയായ അവധിയുടെ ആശ്വാസത്തിലാണ് സര്‍ക്കാര്‍. അടുത്ത ആഴ്ചയോടെ ജീവനക്കാരുടെ പിടിച്ചുവച്ച ശമ്പളവും വിരമിച്ചവരുടെ പെന്‍ഷനും നല്‍കേണ്ടിവരും. ഏപ്രില്‍ 11 മുതല്‍ ലീവ് സറണ്ടറും പി എഫ് പെന്‍ഷനും യാത്രാബത്തയും ചികിത്സാ ചെലവുമൊക്കെ വിതരണം ചെയ്യുമെന്ന് ധനമന്ത്രി അവകാശപ്പെട്ടിരുന്നു. ഇവയ്ക്കെല്ലാംകൂടി 3000 കോടി രൂപയോളം വേണം.

ഈ സാഹചര്യത്തില്‍ അടുത്ത മൂന്നുമാസത്തില്‍ കരാറുകാര്‍ക്ക് കൂടുതല്‍ പണം നല്‍കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. തങ്ങളുടെ കുടിശ്ശിക വിതരണം ചെയ്യാന്‍ മാത്രമായി കടപ്പത്രം ഇറക്കണമെന്നും കരാറുകാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ജി രാജേഷ്കുമാര്‍ deshabhimani

No comments:

Post a Comment