Monday, April 14, 2014

അശ്ലീലവാരിക; ഇതിഹാസിനെതിരെ കേസെടുത്ത് തലയൂരാന്‍ ശ്രമം

ആലപ്പുഴ: യുഡിഎഫിന് വിടുപണിചെയ്യാന്‍ തെരഞ്ഞെടുപ്പ് ചട്ടലംഘനം പ്രോത്സാഹിപ്പിച്ച കലക്ടറുടെ നടപടി വിവാദമായതോടെ നിയമപ്രശ്നത്തില്‍നിന്ന് തലയൂരാന്‍ തീവ്രശ്രമം. ഇതിന്റെ ഭാഗമാണ് കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ ടി ഇതിഹാസിനെതിരെ കഴിഞ്ഞദിവസം ആലപ്പുഴ നോര്‍ത്ത് പൊലീസെടുത്ത കേസ്. കെ ആര്‍ ഗൗരിയമ്മയെ അപകീര്‍ത്തിപ്പെടുത്താന്‍ സര്‍ക്കാര്‍ വാഹനം ദുരുപയോഗപ്പെടുത്തി അശ്ലീലമാസിക പ്രചരിപ്പിച്ച ഇതിഹാസിനെ നാട്ടുകാര്‍ തൊണ്ടിസഹിതം പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചതാണ്.

എന്നാല്‍ കേസെടുക്കാന്‍ തയ്യാറാകാതെ മറ്റൊരു വാഹനത്തില്‍ ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു. സര്‍ക്കാര്‍ മുദ്രയുള്ള ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തത് ശ്രദ്ധയില്‍പ്പെട്ടിട്ടും ചട്ടപ്രകാരം അറസ്റ്റ്ചെയ്യാത്ത വരണാധികാരിയുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് ഇതിഹാസിനെതിരെ കേസെടുത്ത് മുഖം രക്ഷിക്കാന്‍ നീക്കം നടത്തിയത്. എന്നാല്‍ കേസില്‍ ഹാജരായി ജാമ്യം എടുക്കാന്‍ ഇതിഹാസിന് പൊലീസ് സമയം അനുവദിച്ചിട്ടുണ്ട്. കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ഔദ്യോഗിക വാഹനത്തില്‍ ആലപ്പുഴ ടൗണിലും വീടുകളിലും യുഡിഎഫിനുവേണ്ടി വോട്ട്പിടിച്ച നടപടി വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

വോട്ട് ചെയ്യാന്‍ ഇതിഹാസ് കുടുംബസമേതം പോളിങ് ബൂത്തില്‍ എത്തിയതും ഈ വാഹനത്തിലാണ്. ജില്ലാ വരണാധികാരിയായ കലക്ടറോ ഉപവരണാധികാരിയോ പൊലീസോ നിരീക്ഷകരോ ഇദ്ദേഹത്തെ തടയുകയോ കേസെടുക്കുകയോ ചെയ്തില്ല. ഒടുവില്‍ നാട്ടുകാരാണ് നിയമലംഘനം തടഞ്ഞത്. തെരഞ്ഞെടുപ്പു ചട്ടലംഘനവുമായി ബന്ധപ്പെട്ട് ഇടതുപക്ഷ ജനാധിപത്യമുന്നണി ആലപ്പുഴ ലോക്സഭ മണ്ഡലം കമ്മിറ്റി 17 പരാതി നല്‍കിയെങ്കിലും ഇതിലൊന്നും നടപടിയെടുക്കാന്‍ കലക്ടര്‍ തയ്യാറായില്ല. വരണാധികാരിക്കെതിരെ ബഹുജന പ്രക്ഷോഭത്തിനൊരുങ്ങുകയാണ് എല്‍ഡിഎഫ്. 16ന് കലക്ടറേറ്റ് മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്.

deshabhimani

No comments:

Post a Comment