Saturday, July 2, 2011

ക്രിസ്ത്യന്‍ ദര്‍ശനത്തിനു കളങ്കം: കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്

കോട്ടയം: ക്രിസ്ത്യന്‍ പ്രൊഫഷണല്‍ കോളേജ് മാനേജ്മെന്റ് ഫെഡറേഷന്റെ നടപടികള്‍ കേരളത്തിലെ ക്രമസമാധാനനിലയെ പ്രതികൂലമായി ബാധിക്കുന്ന നിലയിലായെന്ന് കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രസിഡന്റ് ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയും സെക്രട്ടറി പ്രൊഫ. ഫിലിപ്പ് എന്‍ തോമസും പ്രസ്താവനയില്‍ പറഞ്ഞു.

സാമൂഹ്യനീതി നിര്‍വഹിക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണെന്നും തങ്ങള്‍ വിപണിനിയമങ്ങളും തന്ത്രങ്ങളും പിന്തുടരുമെന്നുമുള്ള നിലപാട് ക്രിസ്തീയ ദര്‍ശനത്തെയും ദൗത്യത്തെയും കളങ്കപ്പെടുത്തുന്നതാണ്. നിയമസംരക്ഷണത്തിനും ന്യൂനപക്ഷാവകാശങ്ങള്‍ക്കും അപ്പുറം ദൈവനീതിയും സ്നേഹവും ഉയര്‍ത്തിപ്പിടിക്കേണ്ട സഭാസ്ഥാപനങ്ങള്‍ പൊതുനിയമങ്ങളും സാമൂഹ്യനിയന്ത്രണങ്ങളും നിരാകരിക്കുന്നതിന് ന്യായീകരണമില്ല. ഫെഡറേഷന്റെ നടപടി മതാധിപത്യ ശാക്തീകരണങ്ങളാണ് പ്രതിഫലിപ്പിക്കുന്നത്. മതേതര പരമാധികാര വ്യവസ്ഥിതിയില്‍ ഈ സമീപനം ഒട്ടും സ്വീകാര്യമല്ല. വിദ്യാഭ്യാസം പൊതുവിഭവമാണെന്നതിനാല്‍ അതിന്റെ ചുമതല പൊതുസമൂഹത്തിലും സര്‍ക്കാരിലും നിക്ഷിപ്തമായിരിക്കണം. വിദ്യാഭ്യാസത്തിന്റെ ഗുണഭോക്താക്കള്‍ വിദ്യാര്‍ഥികള്‍ മാത്രമല്ല അവരുള്‍പ്പെട്ട സമൂഹം മുഴുവനാണ്. വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസത്തിന്റെ ചെലവ് മുഴുവന്‍ വഹിക്കണമെന്നുള്ള ചിന്ത സാമൂഹ്യനീതിക്ക് ചേര്‍ന്നതല്ലെന്നും കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രസ്താവനയില്‍ പറഞ്ഞു.

എന്‍ജി. പ്രവേശനം: സിഎജി റിപ്പോര്‍ട്ട് തെറ്റെന്ന് മാനേജ്മെന്റ്

ചേര്‍ത്തല: യോഗ്യരല്ലാത്ത കുട്ടികളെ എന്‍ജിനിയറിങ് കോഴ്സില്‍ പ്രവേശിപ്പിച്ചുവെന്ന കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമാണെന്ന് തുറവൂര്‍ വളമംഗലം കെ ആര്‍ ഗൗരിയമ്മ എന്‍ജിനിയറിങ് കോളേജ് ചെയര്‍മാന്‍ പി സനകന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 2010 മാര്‍ച്ചിലെ റിപ്പോര്‍ട്ടിലാണ് സിഎജി കുറ്റം ആരോപിച്ചത്. ഇക്കാലയളവില്‍ കെ ആര്‍ ഗൗരിയമ്മ കോളേജ് പ്രവേശിപ്പിച്ച 96 കുട്ടികളും പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാത്തവരാണെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇത് തെറ്റാണെന്ന് കോളേജ് അധികൃതര്‍ പറഞ്ഞു. 86 കുട്ടികളെയാണ് പ്രവേശിപ്പിച്ചത്. ഇവരെല്ലാം റാങ്ക്ലിസ്റ്റില്‍പ്പെട്ടവരാണ്. അത് സംബന്ധിച്ച രേഖകള്‍ കേരള സര്‍വകലാശാലാ അധികൃതര്‍ പരിശോധിച്ചതാണ്. 86 കുട്ടികളുടെ പേരുവിവരവും റാങ്ക് നമ്പരും അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു.

deshabhimani 020711

1 comment:

  1. രിസ്ത്യന്‍ പ്രൊഫഷണല്‍ കോളേജ് മാനേജ്മെന്റ് ഫെഡറേഷന്റെ നടപടികള്‍ കേരളത്തിലെ ക്രമസമാധാനനിലയെ പ്രതികൂലമായി ബാധിക്കുന്ന നിലയിലായെന്ന് കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രസിഡന്റ് ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയും സെക്രട്ടറി പ്രൊഫ. ഫിലിപ്പ് എന്‍ തോമസും പ്രസ്താവനയില്‍ പറഞ്ഞു

    ReplyDelete