ലോക്പാല്‍ ഭേദഗതി ബില്ലിന്റെ അന്തിമകരടിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐയെ ലോക്പാല്‍ പരിധിയില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കിയുള്ള ബില്ലിനാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ അധ്യക്ഷതയില്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ ചേര്‍ന്ന പ്രത്യേക കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്. ചില ഉപാധികളോടെ പ്രധാനമന്ത്രിയെ ലോക്പാലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതാണ് അന്തിമകരട്. നടപ്പ് പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ ബില്‍ അവതരിപ്പിക്കുമെന്ന് അറിയുന്നു. എന്നാല്‍ , കരടുബില്ലിനെതിരെ 27 മുതല്‍ മൂന്നുദിവസം സത്യഗ്രഹം ഇരിക്കുമെന്ന് അണ്ണ ഹസാരെ അറിയിച്ചു. 30, 31, ജനുവരി ഒന്ന് തീയതികളില്‍ ജയില്‍നിറയ്ക്കല്‍ സമരം നടത്താനും അണ്ണ ഹസാരെ ആഹ്വാനംചെയ്തു.
ലോക്പാല്‍ ബില്‍ പാസാക്കാനായി ലോക്സഭാ സമ്മേളനം 27നും 28നും 29നും ചേരാന്‍ കാര്യോപദേശകസമിതി തീരുമാനിച്ചിരുന്നു. രാജ്യസഭയും ഇതനുസരിച്ച് സമ്മേളനം നീട്ടിയേക്കും. ഇതോടൊപ്പം ന്യായാധിപ പ്രതിബദ്ധതാ ബില്ലും അഴിമതി ചൂണ്ടിക്കാട്ടുന്നവരെ സംരക്ഷിക്കാനുള്ള വിസില്‍ബ്ലോവര്‍ ബില്ലും പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസാക്കും. എട്ടുമണിക്കൂറാണ് ലോക്പാല്‍ ബില്ലിന്റെ ചര്‍ച്ചയ്ക്ക് അനുവദിച്ചിട്ടുള്ളത്. മറ്റു രണ്ടു ബില്ലിനും രണ്ടു മണിക്കൂര്‍വീതവും. എന്നാല്‍ , പാര്‍ലമെന്റ് സമ്മേളനം നീട്ടുന്നതിനെതിരെ എംപിമാരില്‍നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ബിഎസ്പി, ശിവസേന, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പാര്‍ടികള്‍ എന്നിവരാണ് ക്രിസ്മസിനുമുമ്പുതന്നെ ശീതകാലസമ്മേളനം പിരിയണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. സമ്മേളനം നീട്ടാനുള്ള തീരുമാനം പുനഃപരിശോധിക്കാനായി ബുധനാഴ്ച രാവിലെ ലോക്സഭാ കാര്യോപദേശകസമിതി യോഗം വീണ്ടും ചേരുമെന്ന് പാര്‍ലമെന്ററിമന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ അറിയിച്ചു. ബിജെപി നേതാവ് എല്‍ കെ അദ്വാനിയുമായി ബന്‍സല്‍ പ്രത്യേകം കൂടിക്കാഴ്ചയും നടത്തിയിരുന്നു.
സിബിഐയെ ലോക്പാലിന്റെ പരിധിയിലാക്കണമെന്ന അണ്ണ ഹസാരെ സംഘത്തിന്റെ ആവശ്യം പൂര്‍ണമായും തള്ളിയാണ് ബില്ലിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. ലോക്പാലിന് സിബിഐയുടെമേല്‍ ഒരു നിയന്ത്രണവും ഉണ്ടാകില്ല. പ്രധാനമന്ത്രിയുടെ കീഴിലുള്ള പേഴ്സണല്‍ ആന്‍ഡ് ട്രെയ്നിങ് മന്ത്രാലയത്തിന്റെ കീഴിലായിരിക്കും സിബിഐ തുടര്‍ന്നും പ്രവര്‍ത്തിക്കുക. സിബിഐക്ക് പ്രത്യേക പ്രോസിക്യൂഷന്‍ ഡയറക്ടറേറ്റ് രൂപീകരിക്കാനുള്ള നിര്‍ദേശവും സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. എന്നാല്‍ , സിബിഐ മേധാവിയെ നിശ്ചയിക്കുന്നത് പ്രധാനമന്ത്രിയും ലോക്സഭയിലെ പ്രതിപക്ഷനേതാവും ചീഫ് ജസ്റ്റിസും ചേര്‍ന്ന സമിതിയായിരിക്കും. നേരത്തെ ചീഫ് ജസ്റ്റിസിനുപകരം സ്പീക്കറുടെ പേരാണ് പരിഗണിച്ചിരുന്നത്. എട്ട് അംഗങ്ങളായിരിക്കും ലോക്പാലിലുണ്ടാകുകയെന്ന് അറിയുന്നു. ലോക്പാലിനെ ഇംപീച്ച് ചെയ്യാനുള്ള വകുപ്പും ബില്ലിലുണ്ടെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ സൂചിപ്പിച്ചു. 100 എംപിമാര്‍ ഒപ്പിട്ട നിവേദനം നല്‍കുന്നപക്ഷമാണ് ഇംപീച്ച്മെന്റ് നടപടികള്‍ ആരംഭിക്കുക. ലോക്പാലിന് സ്വമേധയാ അഴിമതിക്കേസുകള്‍ എടുക്കാന്‍ അധികാരമുണ്ടാകില്ല. പരാതിയിന്മേല്‍ അന്വേഷണം നടത്താനേ കഴിയൂ. കേന്ദ്ര മന്ത്രിസഭായോഗത്തിനുമുമ്പ് ആഭ്യന്തരമന്ത്രി പി ചിദംബരവും നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദും ടെലികോം മന്ത്രി കപില്‍ സിബലും യോഗം ചേര്‍ന്നാണ് അന്തിമ കരടുബില്‍ തയ്യാറാക്കിയത്. പ്രധാനമന്ത്രികാര്യാലയ സഹമന്ത്രി വി നാരായണസ്വാമിയും യോഗത്തില്‍ പങ്കെടുത്തിരുന്നു.
വി ബി പരമേശ്വരന്‍ deshabhimani 211211
No comments:
Post a Comment