Tuesday, January 24, 2012

ജനകീയ പ്രശ്‌നങ്ങളിന്‍മേല്‍ വിപുലമായ ജനാധിപത്യ ഐക്യം കെട്ടിപ്പടുക്കും: സിപിഐ

ഭൂമി, തൊഴില്‍, ഭക്ഷ്യസുരക്ഷ, ജലം, പാര്‍പ്പിടം, ആരോഗ്യപരിരക്ഷ, ജനാധിപത്യ അവകാശങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ജനകീയ പ്രശ്‌നങ്ങളില്‍ വിപുലമായ ജനകീയ പോരാട്ടങ്ങളും പ്രസ്ഥാനങ്ങളും കെട്ടിപ്പടുക്കുന്നതിന് സി പി ഐ ആഹ്വാനം ചെയ്തു. സി പി ഐ യുടെ 21-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്നതിനായി ദേശീയ കൗണ്‍സില്‍ അംഗീകരിച്ച കരട് രാഷ്ട്രീയ പ്രമേയത്തില്‍ ജനകീയ പ്രശ്‌നങ്ങളിന്മേല്‍ ജനാധിപത്യശക്തികളുടെ ഐക്യ വിപുലമാക്കാമെന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്. നവഉദാരീകരണത്തിന്റെ വിനാശകരമായ പാത പിന്തുടരുന്ന രണ്ടാം യു പി എ സര്‍ക്കാരിനെതിരെ വിശാലമായ ജനകീയ ഐക്യത്തിലൂടെ നിരന്തരമായ പോരാട്ടം ആവശ്യമാണ്.

പാര്‍ട്ടി ആസ്ഥാനമായ അജയ് ഭവനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സി പി ഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ധന്‍ കരട് രാഷ്ട്രീയ പ്രമേയത്തെക്കുറിച്ച് വിശദീകരിച്ചു.
ജനകീയ പോരാട്ടങ്ങളിലൂടെ പാര്‍ട്ടിയുടെ അടിത്തറ ശക്തമാക്കും. വരുന്ന തിരഞ്ഞെടുപ്പുകളില്‍ പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും പാര്‍ട്ടിയുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും  നടത്തും. ഇതിനുവേണ്ടി ബദല്‍ സാമ്പത്തിക നയങ്ങളുടെ അടിസ്ഥാനത്തില്‍ മറ്റ് ഇടതുപക്ഷ - മതേതര ജനാധിപത്യശക്തികളുമായി മുന്നണിയും സഖ്യവും ധാരണയും ഉണ്ടാക്കും.ബന്ധപ്പെട്ട സഭയില്‍ പാര്‍ട്ടിയുടെ മതിയായ പ്രാതിനിധ്യം ഉറപ്പ് വരുത്തുന്നതിനായിരിക്കും ഊന്നല്‍ നല്‍കുക.

ചരിത്രത്തിന്റെ പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടും രാജ്യത്തിന്റെ സവിശേഷമായ സാഹചര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ടും സോഷ്യലിസം എന്ന ലക്ഷ്യത്തിലേക്ക് പാര്‍ട്ടി മുന്നേറും. മുതലാളിത്തം നാശോന്മുഖമാണ്. സോഷ്യലിസം മാത്രമാണ് ബദല്‍.

പരിവര്‍ത്തനകാലഘട്ടത്തില്‍ ഇടതു ജനാധിപത്യ ബദലിനായിരിക്കും എല്ലാ ശ്രമങ്ങളും കേന്ദ്രീകരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഐക്യം ലക്ഷ്യമാക്കിക്കൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കിടയില്‍ കൂടുതല്‍ സഹകരണവും ഐക്യവും ഒഴിച്ചുകൂടാനാവാത്തതാണ്. സംയുക്ത പ്രസ്ഥാനങ്ങളും പ്രവര്‍ത്തനങ്ങളും ആവിഷ്‌കരിക്കുന്നതിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തമ്മിലും ഇടതുപക്ഷ പാര്‍ട്ടികള്‍ പൊതുവിലും തുടര്‍ച്ചയായതും നിരന്തരവുമായ കൂടിയാലോചനകള്‍ കൂടുതലായുണ്ടാകണം. ഉയര്‍ന്നുവരുന്ന അഭിപ്രായഭിന്നതകള്‍ ഇതിലൂടെ പരിഹരിക്കപ്പെടണം. സാമ്പത്തിക നവഉദാരീകരണത്തിന് ബദലായിട്ടുള്ള ഇടതുപക്ഷ ജനാധിപത്യബദലിന്റെ അടിസ്ഥാനം ഇടതുപക്ഷ ഐക്യമായിരിക്കണം.

രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുകയാണെങ്കിലും രാജ്യത്തെ വലിയ ഇടതുപക്ഷ ശക്തി സി പി ഐ തന്നെയാണ്. അഖിലേന്ത്യാ ഫോര്‍വേഡ് ബ്ലോക്ക്, ആര്‍ എസ് പി തുടങ്ങിയ ഇടതുപക്ഷ പാര്‍ട്ടികളുമായുള്ള ബന്ധം ശക്തിപ്പെടുത്തും. ഇടതുപക്ഷ ഐക്യം വിപുലമാക്കുന്നതിനു വേണ്ടി മറ്റ് ഇടതുഗ്രൂപ്പുകളേയും അടുപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ സി പി ഐ നടത്തുമെന്നും കരട് രാഷ്ട്രീയപ്രമേയത്തില്‍ പറയുന്നു.

janayugom 240112

1 comment:

  1. ഭൂമി, തൊഴില്‍, ഭക്ഷ്യസുരക്ഷ, ജലം, പാര്‍പ്പിടം, ആരോഗ്യപരിരക്ഷ, ജനാധിപത്യ അവകാശങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ജനകീയ പ്രശ്‌നങ്ങളില്‍ വിപുലമായ ജനകീയ പോരാട്ടങ്ങളും പ്രസ്ഥാനങ്ങളും കെട്ടിപ്പടുക്കുന്നതിന് സി പി ഐ ആഹ്വാനം ചെയ്തു. സി പി ഐ യുടെ 21-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്നതിനായി ദേശീയ കൗണ്‍സില്‍ അംഗീകരിച്ച കരട് രാഷ്ട്രീയ പ്രമേയത്തില്‍ ജനകീയ പ്രശ്‌നങ്ങളിന്മേല്‍ ജനാധിപത്യശക്തികളുടെ ഐക്യ വിപുലമാക്കാമെന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്. നവഉദാരീകരണത്തിന്റെ വിനാശകരമായ പാത പിന്തുടരുന്ന രണ്ടാം യു പി എ സര്‍ക്കാരിനെതിരെ വിശാലമായ ജനകീയ ഐക്യത്തിലൂടെ നിരന്തരമായ പോരാട്ടം ആവശ്യമാണ്.

    ReplyDelete