Wednesday, August 15, 2012

ഓണക്കിറ്റില്‍ അരിയിടാന്‍ ഉച്ചക്കഞ്ഞിയില്‍ കയ്യിട്ടുവാരി


സപ്ലൈക്കോ വഴി വിതരണം ചെയ്യുന്ന ഓണക്കിറ്റിനായി സ്കൂള്‍ കുട്ടികളുടെ ഉച്ചക്കഞ്ഞിക്കുള്ള അരി മറിച്ചു. മൂവായിരത്തിലേറെ മെട്രിക് ടണ്‍ പുഴുക്കലരിയാണ് ഇതിനായി വകമാറ്റിയത്. ബിപിഎല്‍ ഓണക്കിറ്റില്‍ രണ്ടു കിലോ അരി, അരക്കിലോ പഞ്ചസാര, 200 മുളക്, 100ഗ്രാം തേയില എന്നിവയാണ് നല്‍കുന്നത്. സംസ്ഥാനത്തെ 20 ലക്ഷം കുടുംബങ്ങള്‍ക്ക് കിറ്റ് നല്‍കാന്‍ 4000 മെട്രിക് ടണ്‍ അരി വേണം. ഇത് ഒഎംഎസ്എസ് പദ്ധതി പ്രകാരം എഫ്സിഐയില്‍ നിന്ന് വാങ്ങുകയാണ് പതിവ്. എന്നാല്‍ സൗജന്യ ഓണക്കിറ്റ് നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനവും ഉത്തരവും വൈകിയതിനാല്‍ സമയത്ത് എഫ്സിഐയില്‍ നിന്ന് അരി വിട്ടുകിട്ടിയില്ല. സര്‍ക്കാരിന്റെ അനാസ്ഥ മൂലമുണ്ടായ കുറവ് നികത്താനാണ് സ്കൂള്‍ കുട്ടികളുടെ ഉച്ചക്കഞ്ഞിക്കുള്ള അരി മറിച്ചത്.

എഫ്സിഐയില്‍ നിന്ന് കിട്ടുന്ന അരി കാത്തു നിന്നിരുന്നുവെങ്കില്‍ സൗജന്യ കിറ്റ് നല്‍കാനാകുമായിരുന്നില്ലെന്ന് സപ്ലൈക്കോ വൃത്തങ്ങള്‍ പറഞ്ഞു. സൗജന്യ കിറ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞെങ്കിലും പലയിടത്തും കിറ്റ് പൂര്‍ണമായി സജ്ജമായിട്ടില്ല. സപ്ലൈക്കോയില്‍ പഞ്ചസാര സ്റ്റോക്ക് കുറവായതിനാല്‍ പലയിടത്തുനിന്നും ക്രമീകരിച്ചാണ് കിറ്റ് തയ്യാറാക്കുന്നത്. ഉള്ള പഞ്ചസാര ഇതിനായി എടുത്തതിനാല്‍ പല മാവേലി സ്റ്റോറിലും പഞ്ചസാര കിട്ടാനില്ല. ഒരു റേഷന്‍ കാര്‍ഡിന് ഒരു കിലോയില്‍ കൂടുതല്‍ കൊടുക്കരുതെന്ന് വാക്കാലും നിര്‍ദേശം നല്‍കി.

deshabhimani 150812

No comments:

Post a Comment