Wednesday, August 15, 2012

മുന്‍ ഭരണസമിതിക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതം: മേയര്‍


കോഴിക്കോട് കോര്‍പറേഷന്റെ മുന്‍ ഭരണസമിതിക്കെതിരായ വിജിലന്‍സ് കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് മേയര്‍ എ കെ പ്രേമജവും എല്‍ഡിഎഫ് നേതാക്കളും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2005-10 കാലത്ത് അധികാരത്തിലിരുന്ന കൗണ്‍സില്‍ സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. മുനിസിപ്പല്‍ നിയമം അനുശാസിക്കുന്ന രീതിയില്‍ കൗണ്‍സില്‍ യോഗങ്ങളില്‍ അജന്‍ഡ സമര്‍പ്പിച്ച് ചര്‍ച്ച ചെയ്ത് എടുക്കുന്ന തീരുമാനങ്ങള്‍ പ്രാവര്‍ത്തികമാക്കിയാണ് കൗണ്‍സില്‍ മുന്നോട്ടുപോയത്. യുഡിഎഫ് നേതൃത്വത്തിലെ ചിലരുടെ രാഷ്ട്രീയവും വ്യക്തിപരവുമായ ഗൂഢതന്ത്രത്തിന്റെ ഭാഗമായാണ് ചിലരെ മുന്‍നിര്‍ത്തി വിജിലന്‍സിനു പരാതി നല്‍കി അന്വേഷണത്തിന് തീരുമാനിക്കുകയും രണ്ടുകേസില്‍ എഫ്ഐആര്‍ നല്‍കുകയും ചെയ്തതായി അറിയുന്നത്. മുന്‍ മേയര്‍ എം ഭാസ്കരനെയും ഡെപ്യൂട്ടി മേയര്‍ പി ടി അബ്ദുള്‍ലത്തീഫിനെയും പ്രതിചേര്‍ത്തത് രാഷ്ട്രീയ ലക്ഷ്യം വച്ചാണ്.

ജെഎന്‍എന്‍യുആര്‍എം പദ്ധതിയുമായി ബന്ധപ്പെട്ട് സിറ്റി വികസന പ്ലാന്‍ തയാറാക്കാന്‍ കണ്‍സള്‍ട്ടന്‍സിയായി ഇഎംബി പ്ലാനേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സിനെ നിയമിക്കാന്‍ തീരുമാനമെടുത്തത് 2009 സെപ്തംബര്‍ 29ലെ കൗണ്‍സില്‍ ഏകകണ്ഠമായാണ്. ഇപ്പോഴത്തെ കൗണ്‍സിലര്‍മാരായ പി കിഷന്‍ചന്ദ്, കെ ടി ബീരാന്‍കോയ എന്നിവരും മനക്കല്‍ ശശി, പി മമ്മദ്കോയ, എ ടി മൊയ്തീന്‍കോയ, ഹന്‍സ ജയന്ത്, വാസുണ്ണിക്കുറുപ്പ്, ഇപ്പോഴത്തെ കൗണ്‍സിലര്‍ പി വി അവറാന്റെ ഭാര്യ സുഹറ അവറാന്‍, ഇപ്പോഴത്തെ കൗണ്‍സിലര്‍ കെ ബാലഗോപാലിന്റെ ഭാര്യ പ്രമീള ബാലഗോപാല്‍, കഴിഞ്ഞ കൗണ്‍സിലിലെ യുഡിഎഫ് നേതാക്കളായ അഡ്വ. തോമസ് മാത്യു, പി കെ മാമുക്കോയ, പി മാമുക്കോയ ഹാജി, പടിയേരി ഗോപാലകൃഷ്ണന്‍, ബിജെപി നേതാവ് കെ വി വേണുഗോപാലന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തിന്റേതാണ് തീരുമാനം. പദ്ധതിയില്‍ ഒരു അഴിമതിയും നടന്നിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ യുഎന്‍ഡിപി പദ്ധതികള്‍ക്ക് പ്രൊജക്ട് തയാറാക്കാന്‍ കില ചുമതലപ്പെടുത്തിയ സ്ഥാപനമാണ് ഇഎംബി പ്ലാനേഴ്സ്. നഗര വികസന പ്ലാന്‍ തയാറാക്കുന്നതിന് നിര്‍ദേശിക്കപ്പെട്ട മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് കോഴിക്കോടിന്റെ പ്ലാന്‍ തയാറാക്കിയത്. ഈ പ്ലാന്‍ നോഡല്‍ ഏജന്‍സിയായ കെഎസ്യുഡിപി വഴി സംസ്ഥാന സര്‍ക്കാരിന് അയച്ചുകൊടുക്കുകയാണുണ്ടായത്. ഫണ്ടിന്റെ അപര്യാപ്തത മൂലം പരിഗണിക്കാന്‍ കഴിയില്ല എന്ന മറുപടിയാണ് കേന്ദ്ര സര്‍ക്കാരില്‍നിന്ന് കോര്‍പറേഷനു ലഭിച്ചത്.

പഞ്ചാബ് നാഷണല്‍ ബാങ്കിന് എടിഎം കൗണ്ടറിന് സ്ഥലം നല്‍കിയതുമായി ബന്ധപ്പെട്ടാണ് മറ്റൊരു ആരോപണം. കോര്‍പറേഷന്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും എടിഎം വഴി വിതരണം ചെയ്യാനാണ് കൗണ്ടര്‍ സ്ഥാപിച്ചത്. 2010 സെപ്തംബര്‍ ആറിന് ചേര്‍ന്ന കൗണ്‍സില്‍ ഏകകണ്ഠമായാണ് ഇക്കാര്യവും തീരുമാനിച്ചത്. ഈ യോഗത്തിലും യുഡിഎഫ് കൗണ്‍സിലര്‍മാരും ബിജെപി കൗണ്‍സിലറും പങ്കെടുത്തതാണ്. ആരും വിയോജിപ്പ് രേഖപ്പെടുത്തിയിട്ടില്ല. നഗര വികസനത്തെ തുരങ്കം വെക്കുന്ന ചില ഛിദ്രശക്തികള്‍ മെനഞ്ഞെടുത്ത കല്‍പ്പിത കഥയനുസരിച്ച് രാഷ്ട്രീയ എതിരാളികളെ നശിപ്പിക്കാന്‍ ഭരണസംവിധാനത്തെ ഉപയോഗപ്പെടുത്തുന്നതിന്റെ ഉദാഹരണമാണിത്. ഇതിനെ രാഷ്ട്രീയമായി നേരിടും- മേയര്‍ പറഞ്ഞു. എല്‍ഡിഎഫ് നേതാക്കളായ എം മോഹനന്‍, കാനങ്ങോട്ട് ഹരിദാസന്‍, എം രാധാകൃഷ്ണന്‍, ടി മൊയ്തീന്‍കോയ, പി ടി ആസാദ്, പി കെ നാസര്‍, അഡ്വ. എം പി സൂര്യനാരായണന്‍, സി പി ഹമീദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

നഗരവികസനം അട്ടിമറിക്കാനുള്ള ഗൂഢാലോചന ജനം തിരിച്ചറിയും

കോഴിക്കോട്: കള്ളപ്രചാരണവും കള്ളക്കേസും കൊണ്ട് നഗരസഭാ ഭരണം അട്ടിമറിക്കാനും വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താനും നടത്തുന്ന ഗൂഢാലോചന ജനങ്ങള്‍ തിരിച്ചറിയുമെന്ന് മേയര്‍ എ കെ പ്രേമജം പറഞ്ഞു. നഗരവികസനത്തിന് കൃത്യമായ കാഴ്ചപ്പാടാണ് എല്‍ഡിഎഫിനുള്ളത്. കള്ള പ്രചാരണങ്ങളുടെ യഥാര്‍ഥ വസ്തുത ജനങ്ങളെ ബോധ്യപ്പെടുത്തി കൗണ്‍സില്‍ ആവിഷ്കരിക്കുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ അവരെ പങ്കാളികളാക്കി കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകും. വ്യക്തിവിരോധം തീര്‍ക്കാനും രാഷ്ട്രീയമായി ചിലരെ തകര്‍ക്കാനും ഏതാനും യുഡിഎഫ് കൗണ്‍സിലര്‍മാരുടെ താളത്തിന് തുള്ളുന്ന സംവിധാനമായി സംസ്ഥാന ഭരണാധികാരം ദുരുപയോഗപ്പെടുത്താനുള്ള ഗൂഢനീക്കത്തിനെതിരെ ജനങ്ങളെ ഒന്നാകെ അണിനിരത്തി എല്‍ഡിഎഫ് നേരിടും. യുഡിഎഫ് നേതൃത്വം പറയുന്നവര്‍ക്കെതിരെ കുറ്റപത്രം നല്‍കുന്ന പൊലീസും വിജിലന്‍സുമാണ് സംസ്ഥാനത്തുള്ളത് എന്നതിന് ഒട്ടനവധി അനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. യുഡിഎഫ് മന്ത്രിസഭയില്‍ വിജിലന്‍സ് കേസില്‍ കുറ്റപത്രം ലഭിച്ചവരും പ്രതിപ്പട്ടികയില്‍ പേരുള്ളവരുമായ നിരവധി മന്ത്രിമാരുണ്ട്. ഡെപ്യൂട്ടി മേയര്‍ രാജിവയ്ക്കണമെന്ന യുഡിഎഫ് വാദം പരിഹാസ്യമാണെന്നും മേയര്‍ വ്യക്തമാക്കി.

deshabhimani 150812

No comments:

Post a Comment