Wednesday, August 15, 2012
കാര്‍ട്ടൂണ്‍ അറസ്റ്റ്: മമത സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം
പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കഥാപാത്രമായ കാര്‍ട്ടൂണ്‍ വരച്ച് ഫെയ്സ്ബുക്കില്‍ പ്രസിദ്ധീകരിച്ചതിന് അറസ്റ്റുചെയ്യപ്പെട്ട അധ്യാപകനും സുഹൃത്തിനും 50,000 രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ആറാഴ്ചയ്ക്കകം പണം നല്‍കിയിരിക്കണം. ഇരുവരെയും അന്യായമായി അറസ്റ്റുചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കമീഷന്‍ നിര്‍ദേശിച്ചു.
ജാദവ്പുര്‍ യൂണിവേഴ്സിറ്റി അധ്യാപകന്‍ അംബികേഷ് മഹാപത്ര, സുഹൃത്ത് സുബ്രതാസെന്‍ ഗുപ്ത എന്നിവരെയാണ് ഏപ്രില്‍ 12ന് പൊലീസ് അറസ്റ്റുചെയ്തത്. മമതാ ബാനര്‍ജി, റെയില്‍വേമന്ത്രി മുകുള്‍റോയ്, മുന്‍ റെയില്‍വേമന്ത്രി ദിനേഷ് ത്രിവേദി എന്നിവരെ ചലച്ചിത്ര സംവിധായകനായ സത്യജിത്റായിയുടെ "സോനാര്‍ കെല്ല" എന്ന സിനിമയിലെ കഥാപാത്രങ്ങളോട് ഉപമിച്ച് കാര്‍ട്ടൂണ്‍ വരച്ച് ഫെയ്സ്ബുക്കില്‍ പ്രസിദ്ധീകരിച്ചതിനായിരുന്നു അറസ്റ്റ്. ഇതിനെതിരെ മാധ്യമങ്ങളും രാഷ്ട്രീയ, സാംസ്കാരികപ്രവര്‍ത്തകരും ശക്തമായി പ്രതിഷേധിച്ചതോടെ മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു.
സുപ്രീംകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് അശോക് കുമാര്‍ ഗാംഗുലി അധ്യക്ഷനായ മൂന്നംഗ കമീഷനാണ് വിധി പുറപ്പെടുവിച്ചത്. ഭരണകക്ഷിയെയും ഭരണാധികാരികളെയും വിമര്‍ശിക്കുകയോ, ഹാസ്യരൂപത്തില്‍ ചിത്രീകരിക്കുകയോ ചെയ്താല്‍ അത് അപരാധമായി കണക്കാക്കി നടപടിയെടുക്കുന്നത് പൗരാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് കമീഷന്‍ വിലയിരുത്തി. ഇത്തരം നടപടികളെ ജനാധിപത്യവിരുദ്ധവും അഭിപ്രായ സ്വാതന്ത്ര്യ ധ്വംസനവുമായി കണക്കാക്കുമെന്നും കമീഷന്‍ അഭിപ്രായപ്പെട്ടു.
മമത സ്വേച്ഛാധിപതിയെന്ന് പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശവുമായി പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു. മമത സ്വേച്ഛാധിപതിയും തന്നിഷ്ടക്കാരിയും അസഹിഷ്ണുതയുള്ള വ്യക്തിയുമാണെന്ന് കട്ജു പറഞ്ഞു. മിഡ്നാപ്പുരില്‍ പൊതുപരിപാടിക്കിടെ മമതയോട് ചോദ്യം ഉന്നയിച്ച കര്‍ഷകനെ മാവോയിസ്റ്റെന്നാരോപിച്ച് ജയിലില്‍ അടച്ചതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കര്‍ഷകനായ സിലാദിത്യ ചൗധരിയുടെ അറസ്റ്റിനെ ന്യായീകരിക്കാനാകില്ല. നാസി ഭരണകാലത്ത് ന്യൂറംബര്‍ഗ് വിചാരണവേളയില്‍ നടന്ന കാര്യങ്ങള്‍ ബംഗാളിലെ ഉദ്യോഗസ്ഥര്‍ ഓര്‍ക്കുന്നത് നല്ലതാണ്. ഹിറ്റ്ലറുടെ ഉത്തരവ് അനുസരിക്കുകമാത്രമാണ്് ചെയ്തതെന്ന് വാദിച്ച ഉദ്യോഗസ്ഥരെയും വിചാരണ കോടതി ശിക്ഷിച്ചു. മമതയുടെ ഭ്രാന്തമായ ആജ്ഞ നിയമം ലംഘിച്ച് നടപ്പാക്കുന്നവര്‍ക്കും അതേ അനുഭവം നേരിടേണ്ടി വരും. ജനാധിപത്യ രാജ്യത്തെ രാഷ്ട്രീയ നേതാവിന് യോജിക്കാത്ത പെരുമാറ്റമാണ് മമതയില്‍ നിന്ന് തുടര്‍ച്ചയായി ഉണ്ടാകുന്നത്. ഭരണഘടനയ്ക്കും പൗരാവകാശങ്ങള്‍ക്കും അവര്‍ വില കല്‍പ്പിക്കുന്നില്ലെന്നും കട്ജു പറഞ്ഞു. ദുരിതത്തിലായ കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ എന്തുചെയ്തെന്ന് മുഖ്യമന്ത്രിയോട് ചോദിച്ചതിനാണ് സിലാദിത്യയെ അറസ്റ്റുചെയ്തത്. തന്റെ മകന്‍ മാവോയിസ്റ്റല്ലെന്നും പത്തുവര്‍ഷമായി തങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസ് അനുഭാവികളാണന്നും സിലാദിത്യയുടെ അമ്മ സന്ധ്യ പറഞ്ഞു. തൃണമൂല്‍ പ്രവര്‍ത്തകര്‍ക്കൊപ്പമാണ് തന്റെ മകന്‍ മിഡ്നാപ്പുരിലെ ബെല്‍പാഹരിയില്‍ മമതയുടെ യോഗത്തിന് പോയതെന്നും അവര്‍ പറഞ്ഞു. തന്റെ ഭര്‍ത്താവിന് തീവ്രവാദ സംഘടനകളുമായി ബന്ധമില്ലെന്ന് സിലാദിത്യയുടെ ഭാര്യ കുങ്കുമണി പറഞ്ഞു.
(ഗോപി)
സ്ത്രീപീഡനങ്ങള്‍ തന്നെ കരിതേക്കാനെന്ന് മമത
കൊല്‍ക്കത്ത: ബംഗാളില്‍ അടിക്കടിയുണ്ടാകുന്ന സ്ത്രീപീഡനങ്ങള്‍ തന്നെയും ഭരണത്തെയും കരിതേച്ച് കാണിക്കാനെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തിങ്കളാഴ്ച ബംഗാളില്‍ വീട്ടമ്മയെ പത്തംഗസംഘം തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിന് വിധേയയാക്കി റോഡില്‍ തള്ളി. മുഖ്യമന്ത്രി താമസിക്കുന്ന ഹരീഷ് ചാറ്റര്‍ജി സ്ട്രീറ്റിനു സമീപം ചെത്തല പാലത്തിലാണ് സംഭവം. വൈകിട്ട് ജോലികഴിഞ്ഞ് വീട്ടിലേക്കുപോയ ഇരുപത്താറുകാരിയായ യുവതിയെ കാറിലെത്തിയ മൂന്നുപേര്‍ പിടിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. അവശനിലയിലായ യുവതിയെ അടുത്തദിവസം രാവിലെ, പിടിച്ചുകൊണ്ടുപോയ സ്ഥലത്തുതന്നെ കൊണ്ടുവന്ന് ഉപേക്ഷിച്ചു. സംസ്ഥാനത്ത് സ്ത്രീകളുടെനേരെയുള്ള അക്രമം വര്‍ധിക്കുകയാണ്. ഇതിനെതിരെ ഒരു നടപടിയും സ്വീകരിക്കാത്ത സര്‍ക്കാരിനെതിരെ ജനകീയരോഷം ശക്തമാകുകയാണ്.
deshabhimani news
Labels:
ബംഗാള്‍
Subscribe to:
Post Comments (Atom)
പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കഥാപാത്രമായ കാര്‍ട്ടൂണ്‍ വരച്ച് ഫെയ്സ്ബുക്കില്‍ പ്രസിദ്ധീകരിച്ചതിന് അറസ്റ്റുചെയ്യപ്പെട്ട അധ്യാപകനും സുഹൃത്തിനും 50,000 രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ആറാഴ്ചയ്ക്കകം പണം നല്‍കിയിരിക്കണം. ഇരുവരെയും അന്യായമായി അറസ്റ്റുചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കമീഷന്‍ നിര്‍ദേശിച്ചു.
ReplyDelete