Wednesday, August 15, 2012

കോടതിയില്‍ വീണ്ടും പൊലീസ് ഒഴിഞ്ഞുമാറി


സുപ്രീംകോടതി ജഡ്ജി കൈക്കൂലി വാങ്ങുന്നത് നേരില്‍ക്കണ്ടുവെന്ന് പ്രസംഗിച്ചതിന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ എംപിക്കെതിരായ കേസില്‍ പൊലീസ് വീണ്ടും കോടതിയില്‍ ഉരുണ്ടുകളിച്ചു. ഈ വിഷയത്തില്‍ സിബിഐ അന്വേഷണം നടക്കുന്നുണ്ടോ എന്ന് കണ്ടെത്താന്‍ ഒരു മാസംകൂടി സമയം വേണമെന്ന് ആവശ്യപ്പെട്ടാണ് കേസ് നീട്ടിക്കൊണ്ടുപോകാന്‍ പൊലീസ് ശ്രമിക്കുന്നത്.

സിബിഐ അന്വേഷണം നടക്കുന്നതിനാല്‍ ക്രൈംഡിറ്റാച്ച്മെന്റ് അന്വേഷണം അവസാനിപ്പിക്കുന്നുവെന്ന് കാണിച്ച് നേരത്തെ പൊലീസ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട്-മൂന്ന് എ ഇജാസ് മുമ്പാകെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അങ്ങനെയെങ്കില്‍ അതിന്റെ എഫ്ഐആറും പ്രതികളുടെ വിശദാംശങ്ങളും ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇതിന്റെ സമയപരിധി നീട്ടാന്‍ രണ്ടുതവണ ആവശ്യപ്പെട്ടു. അവസാന സിറ്റിങ് നടന്ന ജൂലൈ 30നുവീണ്ടും ഒരുമാസം സമയം ചോദിച്ചുവെങ്കിലും ഈ മാസം 14നുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് അന്തിമ നിര്‍ദേശം നല്‍കി.ചൊവ്വാഴ്ച വീണ്ടും ഒരു മാസത്തേക്ക് കൂടി സമയം ആവശ്യപ്പെടുകയായിരുന്നു. ദില്ലിയില്‍ ഒരു എസ്ഐയെ അയക്കാന്‍ കമീഷണര്‍ അനുമതി നല്‍കിയിട്ടുണ്ടെന്നാണ് ക്രൈംഡിറ്റാച്ച്മെന്റ് അസി. കമീഷണര്‍ കെ ഇ ബൈജു നല്‍കിയ റിപ്പോര്‍ട്ടില്‍ ഇതിന് ന്യായമായി പറഞ്ഞത്. ദില്ലിയില്‍ പോകുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നാണ് കഴിഞ്ഞ തവണ പറഞ്ഞ ന്യായം. ഓരോ ന്യായം പറഞ്ഞ് കേസ് നീണ്ടിക്കൊണ്ടുപോകുന്നതിന്റെ യഥാര്‍ഥ കാരണം ഈ വിഷയത്തില്‍ ഇതുവരെ സിബിഐ അന്വേഷണം ആരംഭിച്ചില്ലെന്നതാണ്. ഭരണസ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കുന്നതിന്റെ ഭാഗമായി പൊലീസ് കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.

അതിനിടെ, കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് സുധാകരനും ഹര്‍ജി ഫയല്‍ ചെയ്തു. ഈ ഘട്ടത്തില്‍ ഇത്തരം ഹര്‍ജി ഫയല്‍ ചെയ്യാന്‍ പ്രതിക്കെന്തധികാരമെന്ന് കോടതി ചോദിച്ചു. അത്യന്തം ഗൗരവമായ ഈ കേസ് പരിഗണിക്കവെ സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍നിന്നും വിട്ടുനിന്നും സുധാകരനെ സഹായിച്ചു. കേസ് 21ലേക്ക് മാറ്റി.

deshabhimani 150812

No comments:

Post a Comment