Wednesday, August 15, 2012

കൊച്ചി മെട്രോ: ടോം ജോസിനെതിരായ ആക്ഷേപം ശരിയെന്നു തെളിഞ്ഞു


ടോം ജോസിനെ മാറ്റിയതിലൂടെ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനും (കെഎംആര്‍എല്‍) എംഡിക്കുമെതിരെ പ്രതിപക്ഷവും മാധ്യമങ്ങളും ഉന്നയിച്ച ആക്ഷേപം ശരിയാണെന്നു തെളിഞ്ഞു. മെട്രോ പദ്ധതിയുടെ പ്രവര്‍ത്തനം സുതാര്യമാണെന്നും ടോം ജോസ് കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥനാണെന്നുമാണ് സര്‍ക്കാരും മുഖ്യമന്ത്രിയും ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ (ഡിഎംആര്‍സി) ഒഴിവാക്കി കൊച്ചി മെട്രോയെ അഴിമതിയുടെ കൂത്തരങ്ങാക്കാനുള്ള ടോം ജോസിന്റെയും കെഎംആര്‍എല്‍ ബോര്‍ഡിന്റെയും ശ്രമം പ്രതിപക്ഷവും മാധ്യമങ്ങളും തുറന്നുകാട്ടി. കെഎംആര്‍എല്‍ ഒന്നാം പിറന്നാള്‍ ആഘോഷിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് ടോം ജോസിന് പുറത്തുപോകേണ്ടിവരുന്നത്.

കഴിഞ്ഞവര്‍ഷം ആഗസ്ത് രണ്ടിനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും ധനമന്ത്രി കെ എം മാണിയുടെയും വിശ്വസ്തനായ ടോം ജോസിനെ എംഡിയാക്കി കെഎംആര്‍എല്‍ രൂപീകരിച്ചത്. യുഡിഎഫിലും കോണ്‍ഗ്രസിലും ഒരുവിഭാഗത്തിന് ഇതില്‍ എതിര്‍പ്പുണ്ടായിരുന്നു. ടോം ജോസിനെ മുന്‍നിര്‍ത്തി ഡിഎംആര്‍സിയെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കാനും അതുവഴി കോടികള്‍ മറിയുന്ന പദ്ധതിയാക്കി മെട്രോയെ മാറ്റാനുമാണ് സര്‍ക്കാര്‍ ശ്രമിച്ചത്.

കഴിഞ്ഞ ഡിസംബറില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി ആര്യാടന്‍ മുഹമ്മദും പങ്കെടുത്ത കെഎംആര്‍എല്‍ ബോര്‍ഡ് യോഗത്തിലാണ് ഡിഎംആര്‍സിക്കെതിരെ ടോം ജോസിനെക്കൊണ്ട് ആദ്യ വെടി പൊട്ടിച്ചത്. പദ്ധതിക്കായി ആഗോള ടെന്‍ഡര്‍ വിളിക്കാനും അതുവഴി ഡിഎംആര്‍സിയെ ഒഴിവാക്കാനും ബോര്‍ഡ് തീരുമാനിച്ചു. ഇക്കാര്യം കാണിച്ച് ടോം ജോസ് ഇ ശ്രീധരന് കത്തെഴുതി. ആഗോള ടെന്‍ഡര്‍ വിളിച്ചില്ലെങ്കില്‍ ജപ്പാന്‍ വായ്പ കിട്ടില്ലെന്നും ഡിഎംആര്‍സി ഒഴിവായാല്‍ കെഎംആര്‍എല്‍തന്നെ മെട്രോ നിര്‍മിക്കുമെന്നും ശ്രീധരന്‍ നിര്‍ദേശിച്ച കൊറിയന്‍ സാങ്കേതികവിദ്യ മോശമാണെന്നുംവരെ ടോം ജോസ് പറഞ്ഞു.

ടോം ജോസിന്റെയും കെഎംആര്‍എലിന്റെയും നീക്കത്തില്‍ ദുരൂഹതയുണ്ടെന്ന് ആദ്യം ആക്ഷേപം ഉയര്‍ത്തിയത് പി രാജീവ് എംപിയാണ്. തുടര്‍ന്ന് മാര്‍ച്ചില്‍ ചേര്‍ന്ന കെഎംആര്‍എല്‍ ബോര്‍ഡ് യോഗം ആദ്യ തീരുമാനം തിരുത്തി. ഇതിനിടെ ടെന്‍ഡര്‍ ഇല്ലാതെത്തന്നെ സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവു പ്രകാരം കൊച്ചി നഗരത്തിലെ 10 റോഡുകളുടെ നിര്‍മാണം കെഎംആര്‍എല്‍ നടത്തി. കോടികള്‍ ചെലവഴിച്ച നിര്‍മാണത്തെക്കുറിച്ചുയര്‍ന്ന ആക്ഷേപങ്ങളൊന്നും ടോം ജോസിന്റെ ഭരണസ്വാധീനംമൂലം പരിശോധിക്കപ്പെട്ടില്ല. കെഎംആര്‍എല്‍ ഓഫീസില്‍ ജീവനക്കാരെ നിയമിച്ചതുപോലും ടോം ജോസിന്റെ ഇഷ്ടത്തിനായിരുന്നു. റവന്യു ടവറില്‍ അയ്യായിരത്തോളം ചതുരശ്ര അടിയില്‍ പുതിയ ആഡംബര ഓഫീസ് സജ്ജീകരിച്ചു. വിലകൂടിയ കംപ്യൂട്ടര്‍ ഉള്‍പ്പെടെ ഓഫീസ് സാമഗ്രികളും വാഹനങ്ങളും വാങ്ങി.

ഡിഎംആര്‍സിയെ പുകച്ചു പുറത്തുചാടിച്ച് പദ്ധതിക്ക് പുതിയ ജനറല്‍ കണ്‍സള്‍ട്ടന്റിനെ കണ്ടെത്താനും അവരുമായി ചേര്‍ന്ന് കോടികളുടെ പര്‍ച്ചേസ് ഉള്‍പ്പെടെ കാര്യങ്ങള്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ നടത്താനുമായിരുന്നു നീക്കം. ഇതിനായി ഡല്‍ഹിയിലും ഇതര മെട്രോ മേധാവികളുമായി ചേര്‍ന്നും ടോം ജോസ് നടത്തിയ ഉപജാപങ്ങള്‍ക്ക് മുഖ്യമന്ത്രി അധ്യക്ഷനായ കെഎംആര്‍എല്‍ ബോര്‍ഡ് പിന്തുണ നല്‍കി. ഡിഎംആര്‍സിയുമായുള്ള ധാരണപത്രം ഒപ്പിടലും കെഎംആര്‍എല്‍ ബോര്‍ഡ് പുനഃസംഘടനയും ഇതിനായി നീട്ടിവച്ചു. ടോം ജോസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മനോരമ പത്രം നല്‍കിയ അകമഴിഞ്ഞ പിന്തുണയ്ക്ക് പ്രത്യുപകാരമെന്നോണം അവര്‍ നിര്‍ദേശിച്ച പേര് കൊച്ചി മെട്രോയ്ക്ക് നല്‍കാനുള്ള തീരുമാനവും ഉണ്ടായി. കമ്പനി പുനഃസംഘടിപ്പിക്കാതെ നാമകരണവും ലോഗോ പ്രകാശനവും 31ന് നടത്താനായിരുന്നു പരിപാടി. വിവാദമായതോടെ അതും ഉപേക്ഷിച്ചു.

ടോം ജോസിനു പിന്നിലുള്ളവര്‍ തുടരുന്നു: പി രാജീവ്

കൊച്ചി മെട്രോ പദ്ധതിയില്‍നിന്ന് ടോം ജോസിനെ നീക്കിയെങ്കിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിച്ചിരുന്നവര്‍ പിന്മാറിയെന്നു കരുതാനാവില്ലെന്ന് പി രാജീവ് എംപി പറഞ്ഞു.

മുഖ്യമന്ത്രി അധ്യക്ഷനായ കെഎംആര്‍എലിന്റെ തീരുമാനങ്ങളാണ് എംഡിയായിരുന്ന ടോം ജോസ് നടപ്പാക്കാന്‍ ശ്രമിച്ചത്. പദ്ധതിയില്‍നിന്ന് ഡിഎംആര്‍സിയെ ഒഴിവാക്കുന്നതിനു മുന്നോടിയായി ആഗോള ടെന്‍ഡര്‍ വിളിക്കാന്‍ തീരുമാനിച്ചത് മുഖ്യമന്ത്രിയും വൈദ്യുതിമന്ത്രിയും പങ്കെടുത്ത യോഗത്തിലാണ്. പദ്ധതിയെ അഴിമതിയില്‍ മുക്കാനാണ് ആ നീക്കമെന്ന് പ്രതിപക്ഷവും മാധ്യമങ്ങളും ആരോപിച്ചു. ഡിഎംആര്‍സിക്കെതിരെ വീണ്ടും നീക്കമുണ്ടായപ്പോള്‍ ശക്തമായ പ്രതിരോധമുയര്‍ന്നു. ടോം ജോസിന്റെയും കെഎംആര്‍എലിന്റെയും പ്രവര്‍ത്തനത്തെ ക്കുറിച്ച് ആക്ഷേപം ഉയര്‍ന്നപ്പോഴെല്ലാം അവരെ വെള്ളപൂശാനും സംരക്ഷിക്കാനുമാണ് സര്‍ക്കാരും മുഖ്യമന്ത്രിയും ശ്രമിച്ചത്.

ഇപ്പോള്‍ ടോം ജോസിനെ നീക്കിയതിലൂടെ പ്രതിപക്ഷവും മാധ്യമങ്ങളും ഉന്നയിച്ച പരാതികള്‍ സര്‍ക്കാര്‍ ശരിവച്ചിരിക്കയാണ്. ഇതുകൊണ്ട് എല്ലാ കുഴപ്പവും തീര്‍ന്നെന്നു കരുതുന്നില്ലെന്നും ടോം ജോസിന് എല്ലാവിധ പിന്തുണയും നല്‍കിയവര്‍ ഇപ്പോഴും തുടരുകയാണെന്നും പി രാജീവ് പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani 150812

No comments:

Post a Comment