Wednesday, August 15, 2012

കോണ്‍ഗ്രസ് അരുംകൊല രാഷ്ട്രീയത്തിന് പ്രതിരോധം തീര്‍ത്ത്


നെടുങ്കണ്ടം: കോണ്‍ഗ്രസിന്റെ അരുംകൊല രാഷ്ട്രീയത്തിനെതിരെ കടുത്ത പ്രതിരോധമായി രക്തസാക്ഷി അനീഷ് രാജന്‍ കുടുംബസഹായനിധി കൈമാറ്റ ചടങ്ങും പൊതുസമ്മേളനവും. ഒരുനാടിനും ജനതയ്ക്കും കുടുംബത്തിനും എല്ലാമായിരുന്ന ചെറുപ്പക്കാരന്റെ നിര്‍ധന കുടുംബത്തെ സഹായിക്കാന്‍ നാനാമേഖലയില്‍നിന്നും നിര്‍ലോഭമായ സഹായമാണ് ലഭിച്ചത്. എസ്എഫ്ഐ നേതാവായിരുന്ന അനീഷ് രാജന്റെ രക്തസാക്ഷി സ്മരണ തുടിച്ചുനിന്ന അന്തരീക്ഷത്തിലായിരുന്നു ധനസഹായം സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അനീഷിന്റെ അച്ഛനമ്മമാര്‍ക്ക് കൈമാറിയത്. ദു:ഖം താങ്ങാനാവാതെ അനീഷിന്റെ മാതാവ് സബിത മോഹാലസ്യപ്പെട്ടുവീണു.

പൊതുസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഏരിയയിലെ ഒമ്പത് ലോക്കല്‍കമ്മിറ്റി പരിധിയില്‍നിന്നും നൂറുകണക്കിനാളുകള്‍ ഉച്ചയോടെ തന്നെ നെടുങ്കണ്ടത്ത് എത്തി. കിഴക്കേകവലയില്‍നിന്നും ആരംഭിച്ച പ്രകടനത്തില്‍ അണിനിരന്നവര്‍ പ്രതിലോമകാരികളുടെ കൊലക്കത്തിക്കിരയായി രക്തസാക്ഷിത്വം വരിച്ച അനീഷ് രാജനടക്കമുള്ളവര്‍ ഉയര്‍ത്തിപ്പിടിച്ച പുരോഗമന പ്രസ്ഥാനത്തിന്റെ കൊടിക്കൂറ കൂടുതല്‍ ഉയരെ പിടിക്കുമെന്ന് പ്രഖ്യാപിച്ചു. രാജ്യത്തെ ജനകോടികളെ രാഷ്ട്രീയ അധികാരം ഉപയോഗിച്ച് കൊള്ളയടിക്കുകയും സാമ്രാജ്യത്വ ശക്തികള്‍ക്ക് വീണ്ടും രാജ്യത്തിന്റെ പരമാധികാരവും സ്വാതന്ത്ര്യവും അടിയറവച്ചുകൊണ്ടിരിക്കുന്ന കേന്ദ്ര യുപിഎ സര്‍ക്കാരിനും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെയും നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടം ശക്തമാക്കുമെന്നും പ്രകടനത്തിലണിനിരന്നവര്‍ പ്രഖ്യാപിച്ചു. സിപിഐ എമ്മിനെ വിരട്ടാന്‍ പൊലീസിനും കള്ളക്കേസുകള്‍ക്കും കഴിയില്ലെന്നും അരുംകൊല രാഷ്ട്രീയത്തിന്റെ വക്താക്കള്‍ കോണ്‍ഗ്രസാണെന്നതിന്റെ ഉദാഹരണമാണ് അനീഷ് രാജന്റെ കൊലപാതകമെന്നും പ്രകടനത്തിലണിനിരന്നവര്‍ വിളിച്ചുപറഞ്ഞു.

മാര്‍ച്ച് 18 ന് കാമാക്ഷി വിലാസത്ത് തോട്ടം തൊഴിലാളികളെ കോണ്‍ഗ്രസുകാര്‍ ആക്രമിച്ച വിവരമന്വേഷിക്കാന്‍ സിഐടിയു നേതാക്കള്‍ക്കൊപ്പം എത്തിയതായിരുന്നു അനീഷ് രാജന്‍. മര്‍ദ്ദനമേറ്റ തൊഴിലാളികളെ ആശുപത്രിയിലേക്കയച്ചതിനുശേഷം മടങ്ങുന്നതിന് റോഡില്‍ വാഹനം കാത്തുനില്‍ക്കവെയാണ് ഇരുളിന്റെ മറവില്‍നിന്ന് മാരകായുധങ്ങളുമായി പാഞ്ഞെത്തിയ യൂത്ത്കോണ്‍ഗ്രസ്-കോണ്‍ഗ്രസ് ഗുണ്ടകള്‍ കുത്തിവീഴ്ത്തുകയായിരുന്നു. ഒമ്പതംഗ കൊലയാളി സംഘത്തിലെ രണ്ടുപേരെ മാത്രമാണ് അറസ്റ്റ് ചെയ്തിട്ടുള്ളൂ. മറ്റുപ്രതികളെ പ്രതിപ്പട്ടികയില്‍ പോലും ഉള്‍പ്പെടുത്താതെ ഒഴിവാക്കുകയായിരുന്നു. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് കേസന്വേഷണം ലോക്കല്‍ പൊലീസില്‍നിന്ന് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചിരിക്കുകയാണ്. കൊലയാളികളെ സഹായിക്കുന്നതിനും കേസ് വഴിതിരിച്ചുവിടുന്നതിനും ശക്തമായ ഇടപെടലാണ് കോണ്‍ഗ്രസ് നേതൃത്വവും ആഭ്യന്തരവകുപ്പും നടത്തിയത്.

കോണ്‍ഗ്രസിന്റെ അരുംകൊല രാഷ്ട്രീയത്തിനെതിരെയുള്ള ജനകീയമുന്നേറ്റംകൂടിയായി നെടുങ്കണ്ടത്തുനടന്ന പ്രകടനവും പൊതുസമ്മേളനവും. സിപിഐ എം നെടുങ്കണ്ടം ഏരിയകമ്മിറ്റിയുടെ കീഴിലുള്ള ഒമ്പത് ലോക്കല്‍കമ്മിറ്റികളും 122 ബ്രാഞ്ചുകമ്മിറ്റികളും പാര്‍ടി അംഗങ്ങളില്‍നിന്നും ബഹുജനങ്ങളില്‍നിന്നും സ്വരൂപിച്ച ആറുലക്ഷം രൂപയാണ് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അനീഷ് രാജന്റെ അച്ഛന്‍ കല്ലാര്‍ വള്ളാംകടവില്‍ രാജനെയും അമ്മ സബിതയെയും ഏല്‍പ്പിച്ചത്. പൊതുയോഗത്തില്‍ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എന്‍ കെ ഗോപിനാഥന്‍ അധ്യക്ഷനായി. സിപിഐ എം ജില്ലാസെക്രട്ടറി കെ കെ ജയചന്ദ്രന്‍എംഎല്‍എ, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ടി പി ബിനീഷ്, പ്രസിഡന്റ് ഷിജുഖാന്‍ എന്നിവര്‍ സംസാരിച്ചു. അഡ്വ. ജി ഗോപകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. പി എസ് രാജന്‍, പി എന്‍ വിജയന്‍, വി എന്‍ മോഹനന്‍, കെ എസ് മോഹനന്‍, പി എം എം ബഷീര്‍, എം വി ശശികുമാര്‍, ടി ജെ ഷൈന്‍ എന്‍ ശിവരാജന്‍ എന്നിവര്‍ പങ്കെടുത്തു.

deshabhimani 150812

1 comment:

  1. കോണ്‍ഗ്രസിന്റെ അരുംകൊല രാഷ്ട്രീയത്തിനെതിരെ കടുത്ത പ്രതിരോധമായി രക്തസാക്ഷി അനീഷ് രാജന്‍ കുടുംബസഹായനിധി കൈമാറ്റ ചടങ്ങും പൊതുസമ്മേളനവും. ഒരുനാടിനും ജനതയ്ക്കും കുടുംബത്തിനും എല്ലാമായിരുന്ന ചെറുപ്പക്കാരന്റെ നിര്‍ധന കുടുംബത്തെ സഹായിക്കാന്‍ നാനാമേഖലയില്‍നിന്നും നിര്‍ലോഭമായ സഹായമാണ് ലഭിച്ചത്. എസ്എഫ്ഐ നേതാവായിരുന്ന അനീഷ് രാജന്റെ രക്തസാക്ഷി സ്മരണ തുടിച്ചുനിന്ന അന്തരീക്ഷത്തിലായിരുന്നു ധനസഹായം സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അനീഷിന്റെ അച്ഛനമ്മമാര്‍ക്ക് കൈമാറിയത്. ദു:ഖം താങ്ങാനാവാതെ അനീഷിന്റെ മാതാവ് സബിത മോഹാലസ്യപ്പെട്ടുവീണു.

    ReplyDelete