Thursday, February 6, 2014

ചികിത്സ നിഷേധിച്ചത് ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശത്തില്‍

തൃശൂര്‍: ചന്ദ്രശേഖരന്‍ വധക്കേസില്‍ തടവില്‍ കഴിയുന്നവരെ വിയ്യൂര്‍ ജയിലില്‍ ക്രൂരമായി മര്‍ദിച്ചശേഷം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കാതിരുന്നത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശത്തില്‍. ആശുപത്രിയിലേക്ക് കൊണ്ടുപോയ പ്രതികള്‍ എത്തുന്നതിന് മുമ്പുതന്നെ അഡ്മിറ്റ് ചെയ്യരുതെന്ന നിര്‍ദേശം ആഭ്യന്തരമന്ത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് ലഭിച്ചു. ഇതേത്തുടര്‍ന്നാണ് കൃത്യമായ പരിശോധന നടത്താതെ, മണിക്കൂറുകളോളം ആശുപത്രിയില്‍ ഇരുത്തിയശേഷം തടവുകാരെ രാത്രിതന്നെ ജയിലിലേക്ക് മാറ്റുകയായിരുന്നു.
അതിനിടെ ജയില്‍ ഡിഐജി കെ രാധാകൃഷ്ണന്‍ ബുധനാഴ്ച ജയിലിലെത്തി പ്രതികളില്‍നിന്നും ജയില്‍ ഉദ്യോഗസ്ഥരില്‍നിന്നും മൊഴിയെടുത്തു. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് പ്രതികളെ വിയ്യൂര്‍ ജയിലില്‍ കൊണ്ടുവന്ന് വെള്ളിയാഴ്ച പുലരുംവരെ ക്രൂരൂമായി മര്‍ദിച്ചത്. മനുഷ്യാവകാശലംഘനത്തിനെതിരെ വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. നിയമസഭയ്ക്കകത്തും പുറത്തും പ്രതിഷേധം ഉയര്‍ന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിഐജി ബുധനാഴ്ച പ്രതികളില്‍നിന്നും ഉദ്യോഗസ്ഥരില്‍നിന്നും മൊഴിയെടുത്തത്. അതേസമയം, തടവുകാരുടെ ബന്ധുക്കള്‍ ജയില്‍ കവാടത്തില്‍ നടത്തുന്ന നിരാഹാരസമരം മൂന്നു ദിവസം പിന്നിട്ടു. മര്‍ദനത്തിനിരയായ പ്രതികളെ അടിയന്തരമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നും മര്‍ദിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ടാണ് ബന്ധുക്കള്‍ തിങ്കളാഴ്ചമുതല്‍ സമരം തുടങ്ങിയത്.

No comments:

Post a Comment