Thursday, February 6, 2014

സമരനാടകവേദി വര്‍ഗീയ പിന്തിരിപ്പന്‍ ശക്തികളുടെ കൂത്തരങ്ങായി

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടറിയറ്റിനുമുന്നില്‍ ഭാര്യ കെ കെ രമ നടത്തുന്ന നിരാഹാര സമരനാടകവേദി വര്‍ഗീയ വിഘടനവാദികളുടെ കൂത്തരങ്ങായി. കണ്ണൂരില്‍ മരിച്ച ഫസലിന്റെ വിധവയെയും കുട്ടിയെയുംകൊണ്ട് മൂന്നാംദിവസമായ ബുധനാഴ്ച എന്‍ഡിഎഫുകാര്‍ സമരപ്പന്തലിലെത്തി. തിരൂരില്‍ സിപിഐ എം നേതാക്കളെ നടുറോഡിലിട്ട് പരസ്യമായി വെട്ടിക്കീറിയത് തങ്ങളാണെന്ന് തുറന്നുപറഞ്ഞതിന്റെ നടുക്കം വിട്ടുമാറുംമുമ്പാണ് എന്‍ഡിഎഫുകാര്‍ രമയുടെ സമരവേദിയിലെത്തിയത്. രമയടക്കമുള്ള ആര്‍എംപി നേതാക്കള്‍ ഊഷ്മളമായാണ് ഇവരെ വരവേറ്റത്. തീവ്രവാദ ജാതിസംഘടനയായ ഡിഎച്ച്ആര്‍എമ്മുകാരും അരങ്ങ് കൊഴുപ്പിക്കാനെത്തി.

കേരളത്തിന്റെ ഇടതുപക്ഷ മനസ്സിനെ ഇല്ലായ്മചെയ്യാന്‍ ഗൂഢനീക്കം നടത്തുന്ന പിന്തിരിപ്പന്‍ ശക്തികളെല്ലാം ചാകരക്കോളു ലഭിച്ച ആഹ്ലാദത്തോടെയാണ് ഐക്യദാര്‍ഢ്യ പ്രഖ്യാപനവുമായെത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകര സീറ്റില്‍ കണ്ണുനട്ടിരിക്കുന്ന സോഷ്യലിസ്റ്റ് ജനതാദളുകാര്‍ മൂന്നാംദിവസവും ഐക്യദാര്‍ഢ്യ നാടകവുമായെത്തി. ഇതിനിടെ, എടച്ചേരി പൊലീസ് രമയില്‍നിന്ന് മൊഴിയെടുക്കാനെത്തുമെന്ന് ചാനലുകള്‍ രാവിലെമുതല്‍ വാര്‍ത്ത നല്‍കിക്കൊണ്ടിരുന്നുവെങ്കിലും വൈകിട്ടായതോടെ നാണംകെട്ടു. രമയുടെ മൊഴി സമരപ്പന്തലില്‍വച്ച് രേഖപ്പെടുത്തുന്നത് നാണക്കേടാകുമെന്നു കണ്ടാണ് പൊലീസ് നിലപാട് മാറ്റിയത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് രമ നല്‍കിയ പരാതിയിലാണ് കഴിഞ്ഞദിവസം കേസ് രജിസ്റ്റര്‍ചെയ്തത്. അന്വേഷണം സിപിഐ എം നേതൃത്വത്തിലേക്ക് നീങ്ങുകയാണെന്ന് നേതാക്കളുടെ ചിത്രത്തോടെ ചില ചാനലുകള്‍ വാര്‍ത്ത നല്‍കി. സര്‍ക്കാര്‍ തീരുമാനത്തിനുമുമ്പ് അന്വേഷണം എങ്ങനെ നീങ്ങണമെന്ന് ഇവര്‍ നിശ്ചയിച്ചു. ആര്‍എംപി-യുഡിഎഫ് നേതൃത്വം തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണ് സമരനാടകം അരങ്ങേറുന്നതെന്ന് വ്യക്തമാക്കുന്ന സംഭവവികാസങ്ങളാണ് മൂന്നാംദിവസവും കണ്ടത്.

deshabhimani

No comments:

Post a Comment