Friday, February 21, 2014

കെഎസ്ആര്‍ടിസിയില്‍ മാര്‍ച്ച് ഒന്നിന് പണിമുടക്ക്

കെഎസ്ആര്‍ടിസിയെയും ജീവനക്കാരെയും പെന്‍ഷന്‍കാരെയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടി എംപ്ലോയീസ് അസോസിയേഷന്‍ (സിഐടിയു) നേതൃത്വത്തില്‍ മാര്‍ച്ച് ഒന്നിന് ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികള്‍ പണിമുടക്കും. കെഎസ്ആര്‍ടിസിയിലെ സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ സംരക്ഷിക്കുക, പെന്‍ഷന്‍ പൂര്‍ണമായും കുടിശ്ശിക തീര്‍ത്ത് യഥാസമയം വിതരണംചെയ്യുക, കോര്‍പറേഷന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധവും തൊഴിലാളിവിരുദ്ധവുമായ പുനരുദ്ധാരണ പാക്കേജിലെ നിര്‍ദേശങ്ങള്‍ തള്ളിക്കളയുക, ദേശസാല്‍കൃത റൂട്ടുകളും അന്തര്‍ സംസ്ഥാന റൂട്ടുകളും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

രണ്ടായിരത്തി പതിമൂന്ന് നവംബര്‍മുതല്‍ കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ കുടിശ്ശികയാണ്. 8500 രൂപവരെയുള്ളവര്‍ക്കും കഴിഞ്ഞമാസം 9000 രൂപവരെയുള്ളവര്‍ക്കും മാത്രമാണ് രണ്ടുമാസം പെന്‍ഷന്‍ പൂര്‍ണമായും വിതരണംചെയ്തത്. പ്രതിസന്ധിയുടെ മറവില്‍ ജീവനക്കാരുടെ സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ അട്ടിമറിക്കാനാണ് നീക്കം. പെന്‍ഷന്‍കാരുടെ യാത്രാപാസും നിഷേധിക്കാന്‍ ശ്രമമുണ്ട്. കോര്‍പറേഷന്റെ ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് സ്വകാര്യ കോണ്‍ട്രാക്ട് ബസ് ഏര്‍പ്പെടുത്തുന്നതും പുതിയ ഷെഡ്യൂളുകള്‍ ആരംഭിക്കാത്തതും പഴയ ബസുകള്‍ക്കു പകരമായിമാത്രം പുതിയ ബസുകള്‍ തുടങ്ങിയ പുതിയ നിര്‍ദേശങ്ങള്‍ സ്വകാര്യവല്‍ക്കരണത്തിനാണ്. 11,000 എംപാനലുകാരെക്കൂടി ഉള്‍പ്പെടുത്തി എണ്ണം പെരുപ്പിച്ച്, മൊത്തം ജീവനക്കാരുടെ എണ്ണം കുറയ്ക്കണമെന്ന് നിര്‍ദേശിച്ചിരിക്കുന്നു. നിയമന നിരോധനത്തെ സാധൂകരിക്കുന്നതിനാണ് ഇത്.

2009ലെ അന്തിമ വിജ്ഞാപനംമൂലം കെഎസ്ആര്‍ടിസിക്ക് അനുകൂലമായി ലഭിച്ച സപ്ലിമെന്റേഷന്‍ സ്കീമില്‍പ്പെട്ട 31 റൂട്ടും അസോസിയേഷന്‍ സുപ്രീംകോടതിയില്‍വരെ നിയമപോരാട്ടം നടത്തി സംരക്ഷിച്ച അന്തര്‍ സംസ്ഥാന റൂട്ടുകളും സ്വകാര്യമേഖലയ്ക്ക് അടിയറവയ്ക്കുന്നതിനുള്ള അണിയറനീക്കം സജീവമാണ്. ഹൈക്കോടതിയുടെ അനുകൂലവിധി വന്നിട്ടും മൂവാറ്റുപുഴ- എറണാകുളം റൂട്ടിലും, കോട്ടയത്ത് ഒഴിവാക്കപ്പെട്ട ഒമ്പത് നിയമവിരുദ്ധ സ്വകാര്യ പെര്‍മിറ്റുകള്‍ക്കു പകരമായും കെഎസ്ആര്‍ടിസി സര്‍വീസ് നടത്താന്‍ തയ്യാറായിട്ടില്ല. കാസര്‍കോട്- മംഗലാപുരം റൂട്ടില്‍ സ്വകാര്യ താല്‍ക്കാലിക പെര്‍മിറ്റുകള്‍ക്ക് സുപ്രീംകോടതി വിധി മറികടന്ന് കര്‍ണാടക എസ്ടിഎ അനുമതി നല്‍കി. കേരള എസ്ടിഎ സെക്രട്ടറിയുടെ കൗണ്ടര്‍ സിഗ്നേച്ചര്‍കൂടി ആയാല്‍ ആ മേഖലയും കെഎസ്ആര്‍ടിസിക്ക് നഷ്ടപ്പെടും. സേവനരംഗത്ത് കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെഎസ്ആര്‍ടിസിയെ സംരക്ഷിക്കുന്നതിനായി നടക്കുന്ന പണിമുടക്ക് പൂര്‍ണമാക്കാന്‍ മുഴുവന്‍ തൊഴിലാളികളോടും അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വൈക്കം വിശ്വന്‍, വര്‍ക്കിങ് പ്രസിഡന്റ് കെ കെ ദിവാകരന്‍, ജനറല്‍ സെക്രട്ടറി സി കെ ഹരികൃഷ്ണന്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.

deshabhimani

No comments:

Post a Comment