Friday, February 21, 2014

അമൃതാനന്ദമയി വിവാദം: കേസിനെതിരെ ഡിവൈഎഫ്ഐ

അമൃതാനന്ദമയിക്കും മഠത്തിനുമെതിരെ സോഷ്യല്‍ മീഡിയയിലുടെ പ്രതികരിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അമൃതാനന്ദമയിയുടെ ആദ്യകാലം മുതലേ കൂടെയുള്ള ശിക്ഷ്യയും സന്തതസഹചാരിയുമായിരുന്ന ഗെയ്ല്‍ ട്രെഡ്വല്‍ എഴുതിയ "വിശുദ്ധ നരകം" എന്ന പുസ്തകത്തെ അനുകൂലിച്ച് സോഷ്യല്‍ മീഡിയയിലുടെ പ്രചാരണം നടത്തിയര്‍ക്കെതിരെയാണ് കേസെടുക്കുന്നത്. അതേ സമയം പുസ്തകത്തിന്റെ ഉള്ളടക്കത്തെ നിര്‍ത്തി ഫേസ്ബുക്കിലും നവ മാധ്യമങ്ങളിലും പ്രതികരണങ്ങള്‍ നടത്തിയവര്‍ക്കെതിരെ കേസ് എടുക്കുന്നത് അങ്ങേയറ്റം അപലപനീയമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് അറിയിച്ചു.

എല്ലാ ആള്‍ദൈവങ്ങളെയും കുറിച്ച് സമൂഹത്തിനുള്ള സംശയങ്ങള്‍ സ്ഥിരീകരിക്കുന്ന നിലയിലാണ് പുസ്തകത്തിലെ വെളിപ്പെടുത്തലുകളെന്ന് ഡിവൈഎഫ്ഐ പ്രതികരിച്ചു. ഉള്ളടക്കത്തെ സംബന്ധിച്ച് എതിരഭിപ്രായമുണ്ടെങ്കില്‍ ബന്ധപ്പെട്ടവര്‍ക്ക് നിയമ നടപടി സ്വീകരിക്കാവുന്നതാണ്. എന്നാല്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നവരെ നിശബ്ദരാക്കാനുള്ള നീക്കം ജനാധിപത്യ വിരുദ്ധമാണ്. ഏതൊരാള്‍ക്കും ഏതൊരു മാധ്യമം വഴിയും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ ജനാധിപത്യം നല്‍കുന്ന അവകാശം ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുതെന്നും പ്രസ്താവനയിലറിയിച്ചു.

അമൃതാനന്ദമയിക്കും മഠത്തിനുമെതിരെ കടുത്ത വിമര്‍ശനമാണ് ഗെയ്ല്‍ പുസ്തകത്തില്‍ നടത്തിയിട്ടുള്ളത് . മഠത്തിനെതിരെ അപവാദം പ്രചരിപ്പിക്കുന്നു എന്നാരോപിച്ച് അമൃതാനന്ദമയിയുടെ ഭക്തര്‍ നല്‍കിയ പരാതിയില്‍ കരുന്നാഗപ്പളി പൊലീസാണ് കേസെടുത്തത്. ഐടി ആക്ട് പ്രകാരം കേസെടുത്ത് സൈബര്‍സെല്ലിന്റെ സഹായത്തോടെ നടപടിയെടുക്കാനാണ് പൊലീസിന്റെ നീക്കം. 1999ല്‍ മഠത്തില്‍നിന്ന് രക്ഷപ്പെട്ടതിന് ശേഷമാണ് ഗെയ്ല്‍ പുസ്തകം എഴുതിയിട്ടുള്ളത്. മഠത്തില്‍ അനധികൃത സമ്പത്ത് കുന്നുകൂടിയിട്ടുണ്ടെന്നും നിരവധി പീഡനങ്ങളാണ് അന്തേവാസികള്‍ നേരിടുന്നതെന്നും പലതവണ ബലാല്‍സംഗത്തിനിരയായതുമടക്കം ഒട്ടനവധി ആരോപണങ്ങളാണ് ഗെയ്ല്‍ പുസ്തകത്തിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.

മഠത്തിലെ പീഡനങ്ങളടക്കം അമൃതാനന്ദമയി അറിഞ്ഞുള്ളവയാണെന്നും പുസ്തകം വെളിപ്പെടുത്തുന്നു. ആള്‍ ദൈവങ്ങളുടെ കപട ആത്മീയതക്കെതിരായ വിമര്‍ശനമായാണ് സോഷ്യല്‍ മീഡിയയില്‍ പുസ്തകം ചര്‍ച്ചയായത്. എന്നാല്‍ ഇത്രയും ഗുരുതര ആരോപണം ഉയര്‍ന്ന് വന്നിട്ടും അതിനോട് പ്രതികരിക്കാന്‍ മഠം തയ്യാറായിട്ടില്ല. ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ തയ്യാറാകാത്ത പൊലീസാണ് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചവര്‍ക്കെതിരെ കേസെടുക്കുന്നത് .

deshabhimani

No comments:

Post a Comment