Wednesday, February 5, 2014

സാമ്രാജ്യത്വ കഴുകന്മാരുടെ സേവകരോ?

കേരളം ഭരിക്കുന്ന യുഡിഎഫ് ഭരണാധികാരികള്‍ സാമ്രാജ്യത്വ കഴുകന്മാരുടെ ആഗോളവല്‍ക്കരണ സാമ്പത്തികനയം ഭയഭക്തി ബഹുമാനത്തോടെ നടപ്പാക്കുന്നവര്‍മാത്രമല്ല, കേരളത്തിലെ ജയിലറകള്‍ ഗ്വാണ്ടനാമോ തടവറയുടെ പുത്തന്‍ മാതൃകയാക്കി മാറ്റാന്‍ ശ്രമിക്കുന്നവരുമാണ്. ജയിലുകളെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളാക്കണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. തൃശൂരിലെ വിയ്യൂര്‍ ജയിലില്‍ ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഒമ്പതു തടവുകാരെ തല്ലിക്കൊല്ലാന്‍ നിര്‍ദേശം നല്‍കിയ സംസ്ഥാന ആഭ്യന്തരമന്ത്രിയും അതിന് സമ്മതം മൂളിയ മുഖ്യമന്ത്രിയും ക്രിമിനല്‍ ഗൂഢാലോചനയില്‍ പങ്കാളികളാണെന്ന് വ്യക്തമായിക്കഴിഞ്ഞു.

ജീവപര്യന്തം തടവിന് ശിക്ഷിച്ച 11 പ്രതികളെയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിക്കാനാണ് കോടതി വിധിച്ചത്. കോടതിനിര്‍ദേശം അനുസരിച്ചെന്ന് വരുത്തി തടവുകാരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു. അടുത്ത ദിവസം ചില പത്രങ്ങളില്‍ വാര്‍ത്ത വന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇതേവരെ ഇല്ലാത്ത സുരക്ഷിതത്വപ്രശ്നം യക്ഷിക്കഥപോലെ എഴുതിപ്പിടിപ്പിച്ചു. അന്ന് രാത്രി 11.30ന് ഒമ്പത് തടവുകാരെ വിയ്യൂര്‍ ജയിലില്‍ എത്തിച്ചു. മര്‍ദകവീരന്മാരും കോണ്‍ഗ്രസ് അനുഭാവികളുമായ ഏതാനും വാര്‍ഡന്മാരെ തടവുകാരെ കൈകാര്യംചെയ്യുന്നതിനായി ശട്ടംകെട്ടി നിര്‍ത്തി. അവര്‍ ഏല്‍പ്പിച്ച കൃത്യം ശരിയായി നിര്‍വഹിച്ചു. മര്‍ദനത്തിന്റെ വിവരം പുറത്തറിയില്ലെന്നും അറിഞ്ഞാല്‍തന്നെ ഭയംമൂലം ആരും ഇടപെടുകയില്ലെന്നും മര്‍ദകവീരന്മാരും അതിന് നിര്‍ദേശം നല്‍കിയവരും കരുതിയിരിക്കും. എന്നാല്‍, അവര്‍ കരുതിയതല്ല സംഭവിച്ചത്.

അടുത്തദിവസം രാവിലെതന്നെ മര്‍ദനത്തിന്റെ വിവരം ചാനലുകള്‍ സംപ്രേഷണംചെയ്തു. മുന്‍ സ്പീക്കറും ചേലക്കര എംഎല്‍എയുമായ കെ രാധാകൃഷ്ണന്‍, അബ്ദുള്‍ഖാദര്‍ എംഎല്‍എ തുടങ്ങിയവര്‍ വിവരം അറിഞ്ഞ ഉടന്‍ ജയില്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും ജയിലിലെത്തി യഥാര്‍ഥ വിവരം തടവുകാരുമായി സംസാരിച്ച് മനസ്സിലാക്കി. അവര്‍ നിര്‍വഹിച്ചത് ജനപ്രതിനിധികളുടെ കടമയാണ്. നിയമസഭയില്‍ പ്രശ്നം ഉന്നയിക്കുകയും ചെയ്തു. പ്രതികള്‍ക്കുവേണ്ടി കോടതിയില്‍ വാദിച്ച അഭിഭാഷകരില്‍ ചിലരും മര്‍ദനവിവരമറിഞ്ഞ് ജയിലിലെത്തി. ഇത്രയുമായപ്പോള്‍ മാധ്യമങ്ങള്‍ സ്വന്തം വ്യാഖ്യാനവുമായി രംഗത്തുവന്നു. "കുറ്റവാളികള്‍ക്കുവേണ്ടി സിപിഎം സഭയില്‍" എന്നാണ് മനോരമയുടെ തലക്കെട്ട്. "സഭയില്‍ പാര്‍ടിയെ വെട്ടിലാക്കി വി എസ്" എന്നാണ്, സത്യവും ധര്‍മവും കലക്കിക്കുടിച്ച മാതൃഭൂമി നട്ടാല്‍ മുളയ്ക്കാത്ത നുണയുമായി വായനക്കാര്‍ക്കുമുന്നില്‍ എത്തിയത്. വലതുപക്ഷമാധ്യമങ്ങളേ നിങ്ങള്‍ക്കെന്തുപറ്റി എന്ന് ചോദിക്കാനാണ് തോന്നുന്നത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ 11 പ്രതികളെ ജീവപര്യന്തം തടവിനാണ് കോടതി ശിക്ഷിച്ചത്. ശിക്ഷ മതിയായില്ലെന്നും അവരെ ഉടന്‍ തൂക്കിലേറ്റണമെന്നും അഭിപ്രായമുള്ളവരുണ്ടാകാം. അവരുടെ മോഹം നടക്കാത്തതിന് തടവറയും അധികാരവും ദുരുപയോഗംചെയ്ത് അവരെ തല്ലിക്കൊല്ലാമെന്ന് ആഭ്യന്തരമന്ത്രിക്കും സംഘത്തിനും തോന്നിയിരിക്കാം. തടവറയില്‍ തടവുകാരെ മര്‍ദിച്ചവശരാക്കി നട്ടെല്ലിന് ക്ഷതമേല്‍പ്പിച്ച് ജീവച്ഛവങ്ങളാക്കി മാറ്റുന്നത് നിയമത്തിലെ ഏത് വകുപ്പ് ഉപയോഗിച്ചാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ജനങ്ങളോട് പറയണം. ചെന്നിത്തലയുടെ ഭരണത്തില്‍ ലോക്കപ്പില്‍ മൂന്നാംമുറ ഉപയോഗിച്ച് കൊലപ്പെടുത്തിയത് അടുത്ത ദിവസമാണ്. തടവറയില്‍ കൊണ്ടുപോയി മനുഷ്യരെ നിഷ്ഠുരമായി തല്ലിച്ചതയ്ക്കുകയും മറ്റുവിധത്തില്‍ പീഡിപ്പിക്കുകയും ചെയ്ത ലോകപ്രസിദ്ധമായ, അല്ല കുപ്രസിദ്ധമായ ഒരു ജയിലുണ്ട്. അതാണ് അമേരിക്കന്‍ സാമ്രാജ്യത്വം സൃഷ്ടിച്ച ഗ്വാണ്ടനാമോ ജയിലറ. അതിപ്പോള്‍ അടച്ചുപൂട്ടാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമ നിര്‍ബന്ധിതമായെന്നാണ് കേള്‍ക്കുന്നത്. കേരളത്തില്‍ പുതുതായി ഗ്വാണ്ടനാമോ തടവറ സൃഷ്ടിക്കാന്‍ യുഡിഎഫ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നു. അതാണ് വിയ്യൂരില്‍ കണ്ടത്. സിപിഐ എം ഇത്തരം നിയമവിരുദ്ധപ്രവര്‍ത്തനങ്ങളെയും മനുഷ്യാവകാശലംഘനത്തെയും നിഷ്ക്രിയരായി നോക്കിനിന്നുകൊള്ളുമെന്ന് ഇക്കൂട്ടര്‍ കരുതിയെങ്കില്‍, അവര്‍ക്ക് പാര്‍ടിയെപ്പറ്റി ഒരു ചുക്കും അറിയില്ലെന്ന് പറയുന്നതാണ് ശരി. പാര്‍ടിയുടെ നിലപാട് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പരസ്യമായി പറഞ്ഞിട്ടുണ്ട്. ജയിലില്‍ കഴിയുന്ന തടവുകാരെ ജയിലില്‍ പോയി കാണുന്നതും ക്ഷേമം അന്വേഷിക്കുന്നതും മര്‍ദനത്തിനെതിരെ പോരാടുന്നതും പുതിയ സംഭവമല്ല. വലതുപക്ഷമാധ്യമങ്ങളെപ്പോലെ അവര്‍ക്ക് മര്‍ദകവീരന്മാരെ സഹായിക്കാന്‍ ബാധ്യതയില്ലെന്ന് തിരിച്ചറിഞ്ഞാലും. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവരും മനുഷ്യരാണ്. അവരെ നല്ല പൗരന്മാരാക്കാനാണ് ജയില്‍ശിക്ഷ നല്‍കുന്നത്. അതാണ് സംസ്കാരമുള്ളവരുടെ നിലപാട്. പ്രാകൃതകാലത്തെ സംസ്കാരമല്ല സിപിഐ എമ്മിനുള്ളത്. ഇടതുപക്ഷ ജനാധിപത്യമുന്നണി ഭരണത്തില്‍ തടവറകള്‍ പരിഷ്കരിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. തടവുകാരുടെ വേതനം വര്‍ധിപ്പിച്ചിട്ടുണ്ട്. സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. നല്ല ഭക്ഷണം നല്‍കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ ഭക്ഷണപദാര്‍ഥങ്ങള്‍ പാകംചെയ്ത് പുറത്ത് വിറ്റ് കോടിക്കണക്കിന് രൂപ വരുമാനമുണ്ടാക്കുന്നുമുണ്ട്.

രണ്ടു കണ്ണുകള്‍ എന്ന സിനിമ ഒരിക്കലെങ്കിലും കാണാന്‍ രമേശ് ചെന്നിത്തലയോട് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. വി ആര്‍ കൃഷ്ണയ്യര്‍ ആഭ്യന്തരമന്ത്രിയായ കാലത്തെ ജയില്‍പരിഷ്കരണ നടപടികള്‍ ശ്രദ്ധയോടെ പഠിക്കാന്‍ ചെന്നിത്തലയോട് ആവശ്യപ്പെടുന്നു. തടവുകാരെ തല്ലിക്കൊല്ലാന്‍ ഇടതുപക്ഷം ഒരിക്കലും നിര്‍ദേശിച്ചിട്ടില്ല. അതാണ് മനുഷ്യസംസ്കാരം. മനുഷ്യാവകാശസംരക്ഷകരായി ചില സന്നദ്ധസംഘടനകളുണ്ടായിരുന്നു. അവരെല്ലാം മാളത്തില്‍ ഒളിക്കാനിടയായതെങ്ങനെയെന്ന് ഞങ്ങള്‍ ചിന്തിച്ചുപോകുകയാണ്. മനുഷ്യാവകാശസംരക്ഷണത്തിന്റെ പ്രതിരൂപമായി വായനക്കാര്‍ക്കിടയില്‍ പ്രത്യക്ഷപ്പെടാന്‍ ബാധ്യതയുള്ള, പത്രധര്‍മം പാലിക്കേണ്ടതായ മാധ്യമങ്ങള്‍ ഇന്നത്തെ നിലയില്‍ അധഃപതിച്ചതില്‍ ഞങ്ങള്‍ ദുഃഖിക്കുന്നു.

deshabhimani editorial

No comments:

Post a Comment