Saturday, February 15, 2014

കൊലയ്ക്കു പിന്നില്‍ സരിതാബന്ധവുമെന്ന് സൂചന

മലപ്പുറം: കോണ്‍ഗ്രസ് ഓഫീസില്‍ ജീവനക്കാരി രാധ കൊല്ലപ്പെടാനുള്ള കാരണങ്ങളില്‍ സരിതയും നിലമ്പൂരിലെ ഉന്നതരായ കോണ്‍ഗ്രസ് നേതാക്കളുമായുള്ള ബന്ധമെന്ന് സൂചന. സോളാര്‍ അഴിമതിയിലെ പ്രധാന പ്രതിയായ സരിതക്ക് വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദുമായുള്ള ബന്ധത്തെക്കുറിച്ച് സരിത തന്നെ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് ഉന്നതര്‍ക്ക് സരിതയുമായുള്ള ബന്ധം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയാമായിരുന്നതുകൊണ്ടാണ് രാധയെ കൊന്നതെന്നാണ് സൂചന.

മന്ത്രി ആര്യാടന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്തിന്റെ നിലമ്പൂരിലുള്ള ഓഫീസില്‍ 2013 മെയ് 31ന് സരിത എത്തിയിരുന്നു. മെയ് 31ന് സരിത ആര്യാടന്‍ മുഹമ്മദിന്റെ ഫോണിലേക്ക് വിളിച്ചതു സംബന്ധിച്ച വാര്‍ത്തകള്‍ ഇതിനകം പുറത്തുവന്നിട്ടണ്ട്. സരിത നിലമ്പൂരില്‍ വന്നശേഷമാണ് രാധയെ വധിക്കാന്‍ രണ്ടുവട്ടം ശ്രമം നടന്നത്. ആറ് മാസം മുമ്പായിരുന്നു രാധയെ കാറിടിച്ച് കൊല്ലാനുള്ള ആദ്യ ശ്രമം. ഓടയിലേക്ക് വീണതിനാല്‍ രക്ഷപ്പെട്ടു. രണ്ടുമാസം മുമ്പും കാറിടിച്ചു. എന്നാല്‍, രണ്ട് വധശ്രമങ്ങള്‍ സംബന്ധിച്ചും പൊലീസ് ഗൗരവമായി അന്വേഷിച്ചില്ല. രാധക്ക് സംരക്ഷണം നല്‍കാനും തയ്യാറായില്ല.

നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസ്, ആര്യാടന്‍ ഷൗക്കത്തിന്റെ നിലമ്പൂരിലുള്ള ഓഫീസ്, ആര്യാടന്റെ സഹോദരപുത്രന്റെ ഓഫീസ് എന്നിവിടങ്ങളിലാണ് രാധ അടിച്ചുവാരാന്‍ പോയിരുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഈ ഓഫീസുകളിലുള്ളവരെ ചോദ്യംചെയ്യാനോ വിവരങ്ങള്‍ ശേഖരിക്കാനോ പൊലീസ് ഇതുവരെ തയ്യാറായിട്ടല്ല. മറിച്ച് ബിജുവും ഷംസുദ്ദീനും നല്‍കിയ മൊഴിയെന്ന പേരില്‍ ചില കള്ളക്കഥകള്‍ പ്രചരിപ്പിക്കുക മാത്രമാണ് ചെയ്തത്. രാവിലെ കോണ്‍ഗ്രസ് ഓഫീസില്‍ ജോലിക്ക് എത്തുന്നതിനുമുമ്പ് രാധ എവിടെ പോയിരുന്നു എന്ന കാര്യം പ്രധാനമാണ്. രാധയുടെ വസ്ത്രങ്ങള്‍ കത്തിച്ചുകളഞ്ഞത് സംഭവത്തിന് പിന്നിലെ ആസൂത്രണത്തിന്റെ തെളിവാണ്. ആര്യാടന്‍ ഷൗക്കത്തിന്റെ ഓഫീസ് കേന്ദ്രീകരിച്ച് അന്വേഷണം നടന്നാല്‍ സത്യം പുറത്തുവരുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. രാധയുടെ മരണത്തിനുശേഷമുള്ള ദിവസങ്ങളില്‍ ആര്യാടന്‍ മുഹമ്മദിന്റെയും ആര്യാടന്‍ ഷൗക്കത്തിന്റെയും യാത്രാവിവരങ്ങള്‍, സംഭവത്തിന് മുമ്പും ശേഷവുമുള്ള ഇവരുടെ ഫോണ്‍കോളുകള്‍ എന്നിവയും അന്വേഷിക്കാന്‍ പൊലീസ് കൂട്ടാക്കുന്നില്ല.

ഷൗക്കത്തിന്റെ ഫോട്ടോ പിടിച്ചെടുക്കാത്തത് ദുരൂഹം

മലപ്പുറം: നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫിസിലെ കൊലപാതകത്തില്‍ തെളിവ് നശിപ്പിക്കാന്‍ പൊലീസ് കൂട്ടുനില്‍ക്കുന്നു. കേസന്വേഷണത്തിന്റെ ഭാഗമായുള്ള തെളിവ് ശേഖരണത്തില്‍ പ്രതിയായ ബിജുവിന്റെ ഉന്നതബന്ധം മൂടിവയ്ക്കാനാണ് പൊലീസിന്റെ ശ്രമം. രാധ കൊല്ലപ്പെട്ടശേഷം നിലമ്പൂരിലെ മാരിയമ്മന്‍ ക്ഷേത്രത്തിലെ സമൂഹസദ്യയില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്തിനൊപ്പം ബിജു പങ്കെടുത്തിരുന്നു. എന്നാല്‍ ഇതിന്റെ ഫോട്ടോ കണ്ടെടുക്കാന്‍ പൊലീസ് ശ്രമിക്കാത്തതില്‍ ദുരൂഹതയുണ്ട്. ഫോട്ടോകള്‍ നശിപ്പിക്കപ്പെട്ടെന്ന് പൊലീസ് പ്രചരിപ്പിക്കുന്നു. ഫോട്ടോ നശിപ്പിച്ചതിന്റെ കാരണവും അന്വേഷിച്ചിട്ടില്ല. നിലമ്പൂരിലെ ചാരുത സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫറാണ് ഫോട്ടോ എടുത്തത്. കംപ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്ക് പരിശോധിക്കാതെ തന്നെ ഫോട്ടോ ഇല്ലെന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേര്‍ന്നതില്‍ ദുരൂഹതയുണ്ട്.

പൊലീസ്- ഫോറന്‍സിക് തര്‍ക്കം തുടരുന്നു

നിലമ്പൂര്‍: കോണ്‍ഗ്രസ് ഓഫീസിലെ ജീവനക്കാരിയുടെ കൊലക്കു മുമ്പ് ബലാത്സംഗം നടന്നിട്ടുണ്ടോ എന്നതു സംബന്ധിച്ച് പൊലീസും കോഴിക്കോട് മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗവും തമ്മിലുള്ള തര്‍ക്കം തുടരുന്നു. പരിശോധനാഫലം വരുന്നതിനു മുമ്പുതന്നെ രാധ ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്നായിരുന്നു കേസന്വേഷിച്ച നിലമ്പൂര്‍ സിഐ എ പി ചന്ദ്രന്റെ അവകാശ വാദം. എന്നാല്‍ ബലാത്സംഗത്തിനിടെ സംഭവിച്ചതെന്നു കരുതാവുന്ന ആഴത്തിലുള്ള മുറിവുകള്‍ രാധയുടെ രഹസ്യഭാഗങ്ങളിലുണ്ടായിരുന്നെന്ന് പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഫോറന്‍സിക് വിഭാഗവും വ്യക്തമാക്കി. ബലാത്സംഗം നടക്കുകയോ, രഹസ്യഭാഗത്ത് ബോധപൂര്‍വം മുറിവുണ്ടാക്കുകയോ ചെയ്തെന്നാണ് ഫോറന്‍സിക് നിഗമനം. വസ്ത്രങ്ങള്‍ ഊരിമാറ്റിയതും ഈ രണ്ട് സാധ്യതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. എന്നിട്ടും ബലാത്സംഗം നടന്നില്ലെന്നായിരുന്നു പൊലീസ് നിലപാട്. രാധയുടെ ശരീരത്തിലെ മുറിവുകള്‍ കുളത്തിലെ ഞണ്ടും മറ്റും കടിച്ചപ്പോള്‍ ഉണ്ടായതല്ലെന്നും ഫോറന്‍സിക് വിഭാഗത്തിന്റെ പ്രാഥമികാന്വേഷണത്തില്‍ ബോധ്യമായിട്ടുണ്ട്. അഴുകിയ നിലയിലുള്ള രാധയുടെ ദേഹത്തില്‍നിന്ന് കാര്യമായി എന്തെങ്കിലും കണ്ടെത്തുക പ്രയാസമാണെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ഷേര്‍ളി വാസു പറഞ്ഞു. ബിജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബലാത്സംഗം നടന്നില്ലെന്ന് പൊലീസ് പറഞ്ഞത്. സംഭവം വിവാദമായതോടെ പൊലീസ് പിന്മാറി. ഇതുസംബന്ധിച്ച് ഒന്നും പറയാറായിട്ടില്ലെന്നായിരുന്നു അന്വേഷണ ചുമതലയുള്ള ഐജി എസ് ഗോപിനാഥ് വ്യാഴാഴ്ച പറഞ്ഞത്.

സിഐയുടെ തെളിവെടുപ്പ് നിയമവിധേയം: ചെന്നിത്തല

കൊച്ചി: നിലമ്പൂരില്‍ കോണ്‍ഗ്രസ് ഓഫീസില്‍ സ്ത്രീ കൊല്ലപ്പെട്ട കേസില്‍ സ്ഥലംമാറ്റിയ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ തെളിവെടുപ്പില്‍ പങ്കെടുത്തതിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ന്യായീകരണം. സിഐയുടെ നടപടി നിയമവിധേയമാണെന്ന് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സിഐയെ മാറ്റുന്നതില്‍ ആര്യാടന്‍ മുഹമ്മദ് ഇടപെട്ടുവെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ഈ കേസ് സിബിഐക്കു കൈമാറുന്നതു സംബന്ധിച്ച ആവശ്യം ഉയര്‍ന്നാല്‍ അപ്പോള്‍ പരിഗണിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

സ്ഥലംമാറ്റിയ സിഐ വീണ്ടും അന്വേഷണസംഘത്തില്‍

മലപ്പുറം: കോണ്‍ഗ്രസ് ഓഫീസില്‍ സ്ത്രീ കൊല്ലപ്പെട്ട അന്വേഷണം അട്ടിമറിക്കാന്‍ നേതൃത്വം നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്ന് സ്ഥലം മാറ്റിയ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അന്വേഷണ സംഘത്തിനൊപ്പം സജീവം. വയനാട് വൈത്തിരിയിലേക്ക് സ്ഥലം മാറ്റിയ സി ഐ എ പി ചന്ദ്രന്‍ വെള്ളിയാഴ്ചയും അന്വേഷണസംഘത്തില്‍ പ്രവര്‍ത്തിച്ചു. അന്വേഷണത്തിനും തെളിവെടുപ്പിനുമായി സിഐ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു. കൊല്ലപ്പെട്ട രാധയുടെ ബന്ധുക്കളില്‍നിന്ന് തെളിവെടുക്കാന്‍ സിഐ കോണ്‍ഗ്രസ് നേതാക്കളൊടൊപ്പം എത്തിയത് വിവാദമായിരുന്നു. കുറ്റകൃത്യം നടന്നുവെന്ന് പൊലീസ് തന്നെ പറയുന്ന നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസ് സീല്‍ ചെയ്യാതിരുന്നതും തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ടുനിന്നതും ഈ സിഐ ആണ്. സിഐയുടെ നടപടികളില്‍ പ്രതിഷേധം ശക്തമായിരുന്നു. പ്രതിഷേധം തണുപ്പിക്കാന്‍ സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചുവെന്നു പറയുന്ന ആഭ്യന്തരവകുപ്പ് സിഐയെ അന്വേഷണസംഘത്തില്‍ തന്നെ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചത് ദുരൂഹമാണ്.

കോണ്‍ഗ്രസ് ഓഫീസ് സീല്‍ചെയ്തില്ല

നിലമ്പൂര്‍: ജീവനക്കാരിയെ കൊലപ്പെടുത്തി മൃതദേഹം രണ്ടു ദിവസം സൂക്ഷിച്ച കോണ്‍ഗ്രസ് ഓഫീസ് വെള്ളിയാഴ്ചയും സുഗമമായി പ്രവര്‍ത്തിക്കുന്നു. ജനരോഷം ഇരമ്പിയതോടെ മൂന്ന് ദിവസം ഓഫീസിന് പൊലീസ് സംരക്ഷണമുണ്ടായിരുന്നു. കൊലചെയ്തത് കോണ്‍ഗ്രസ് ഓഫീസില്‍ നിന്നാണെന്ന് പ്രതികള്‍ സമ്മതിച്ചിട്ടും അന്വേഷണ ഉദ്യോഗസ്ഥര്‍ ഓഫീസ് പൂട്ടി സീല്‍ വയ്ക്കാന്‍ തയ്യാറായില്ല. അഞ്ചാം തീയതി കാണാതായ രാധയെ 9ന് വൈകിട്ടാണ് കുളത്തില്‍ ചാക്കില്‍ കെട്ടി താഴ്ത്തിയ നിലയിലാണ് കണ്ടത്. 10ന് രാവിലെയാണ് മൃതദേഹം രാധയുടേതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. ഉച്ചയോടെ പ്രതി ബിജുവിനെ കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയില്‍ എടുത്ത ഉടനെ പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ കൊലപാതകം നടന്ന സ്ഥലം പൂട്ടി സീല്‍ വയ്ക്കാതെ കോണ്‍ഗ്രസ് യോഗം ചേരാന്‍ അവസരം നല്‍കി. മണ്ഡലം കമ്മിറ്റിയും എന്‍ജിഒ അസോസിയേഷന്‍ യോഗവും നടന്നത് ഈ ഓഫീസിലാണ്.

deshabhimani

No comments:

Post a Comment