Saturday, February 15, 2014

മുഖ്യമന്ത്രി... എനിക്ക് അനുവദിച്ച വീടെവിടെ?

ഒല്ലൂര്‍: കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണീര്‍ തുടച്ച് എണ്‍പതുകാരി ജാനകി വിതുമ്പി. ""മകനെപ്പോലെ വിശ്വസിച്ച് കൈയില്‍ മുത്തംകൊടുത്ത മുഖ്യമന്ത്രി, അമ്മയേക്കാള്‍ പ്രായമുള്ള എന്നെ വഞ്ചിക്കുമെന്ന് കരുതിയില്ല. ആരോരുമില്ലാത്ത എന്നെ ചതിച്ചാല്‍ ദൈവംപോലും പൊറുക്കില്ല"". മാടക്കത്തറ പഞ്ചായതിലെ ചിറക്കാക്കോട് മക്കാരുകോളനിയിലെ പരേതനായ പെരിങ്ങാടന്‍ നീലകണ്ഠന്റെ ഭാര്യ ജാനകി(80)യാണ് ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച ധനസഹായം മാസങ്ങള്‍ കഴിഞ്ഞിട്ടും ലഭിച്ചില്ലെന്ന് പരാതിപ്പെട്ടത്. ജനസമ്പര്‍ക്ക പരിപാടിക്കെത്തിയ ജാനകിയുടെ പരാതി കേള്‍ക്കുന്നതും സഹായം പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ കൈയില്‍ മുത്തം കൊടുക്കുന്നതുമായ ചിത്രമടങ്ങിയ മലയാള മനോരമ ഉയര്‍ത്തിയാണ് ജാനകിയുടെ വിലാപം.

വെള്ളിയാഴ്ച കുട്ടനെല്ലൂര്‍ ഔഷധിയില്‍ സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ ആയുര്‍വേദിക് ഫാര്‍മസ്യൂട്ടിക്കല്‍സ് ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിയെ കാണാനാണ് ജാനകി കുട്ടനെല്ലൂരിലെത്തിയത്. എന്നാല്‍ മുഖ്യമന്ത്രിയെ കാണാനാകാതെ ജാനകി കണ്ണീരോടെ മടങ്ങി. കഴിഞ്ഞ

നവംബര്‍ 22നാണ് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ജനസമ്പര്‍ക്ക പരിപാടിയില്‍ ജാനകിക്ക് സഹായവാഗ്ദാനം ലഭിച്ചത്. തനിക്ക് ആരുമില്ലെന്നും നാലുസെന്റ് കോളനിയിലെ വീട് തകര്‍ന്നെന്നും മഴയും മഞ്ഞും കൊള്ളാതെ ചുരുണ്ടുകൂടാന്‍ വീടിന് സഹായം വേണമെന്നും ജാനകി അപേക്ഷിച്ചിരുന്നു. പരാതി കേട്ടയുടന്‍ വീട് നിര്‍മിക്കാന്‍ സഹായം പ്രഖ്യാപിച്ചു. സന്തോഷംകൊണ്ട് മകനെപ്പോലെ കരുതി മുഖ്യമന്ത്രിയുടെ കൈയില്‍ ജാനകി മുത്തം കൊടുത്തു. ഈ ചിത്രം പിറ്റേന്ന് മനോരമ "പരാതിക്കെട്ടഴിച്ച ആയിരങ്ങള്‍; കോടി സാന്ത്വനവുമായി മുഖ്യന്‍" എന്ന തലക്കെട്ടോടെ ഒന്നാംപേജ് വാര്‍ത്തയാക്കി. എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ല. മാടക്കത്തറ പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും ഒരു രൂപപോലും അനുവദിച്ചില്ലെന്നാണ് മറുപടി. കലക്ടറുടെ ഓഫീസില്‍ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല. അറിയാവുന്ന കോണ്‍ഗ്രസ് നേതാക്കളോട് സങ്കടം ബോധിപ്പിച്ചെങ്കിലും അവര്‍ കൈമലര്‍ത്തി. ഭര്‍ത്താവ് നീലകണ്ഠന്റെ മരണശേഷം 35 വര്‍ഷമായി ജാനകി ഒറ്റയ്ക്കാണ് താമസം. മക്കളോ ബന്ധുക്കളോ ഇല്ല. രണ്ടുദിവസം മുമ്പ് വീടിന്റെ ചുമരില്‍നിന്ന് കട്ട അടര്‍ന്ന് കാലില്‍വീണ് ഇടതുകാല്‍ അനക്കാന്‍ വയ്യാത്ത അവസ്ഥയാണ്.

deshabhimani

No comments:

Post a Comment