Friday, February 14, 2014

പാര്‍ലമെന്റിന് അപമാനദിനം

പാര്‍ലമെന്റില്‍ കത്തി, കുരുമുളക് സ്പ്രേ

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കോണ്‍ഗ്രസ് ലോക്സഭയില്‍ നടത്തിയ തെലങ്കാന ബില്‍ അവതരണം കൈയാങ്കളിയില്‍ കലാശിച്ചു. ഏറ്റുമുട്ടിയ അംഗങ്ങള്‍ കത്തി വീശി, കുരുമുളക് സ്പ്രേ അടിച്ചു. നില്‍ക്കക്കള്ളിയില്ലാതെ അംഗങ്ങള്‍ പാര്‍ലമെന്റ് ഹൗസിന് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. തെലങ്കാന ബില്‍ അവതരണത്തില്‍ പ്രതിഷേധിച്ച അംഗങ്ങളെ കോണ്‍ഗ്രസ് എംപിമാരാണ് മര്‍ദിച്ചത്. മൈക്കുകളും കംപ്യൂട്ടറുകളും വലിച്ചെറിഞ്ഞു. പാര്‍ലമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടുണ്ടാക്കിയ അരാജകത്വമാണ് വ്യാഴാഴ്ച നടമാടിയത്.

ദേഹാസ്വാസ്ഥ്യമുണ്ടായ മുന്‍ കോണ്‍ഗ്രസ് എംപി ലഗഡപതി രാജഗോപാല്‍ ഉള്‍പ്പെടെ നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിഭ്രാന്തിക്കിടെ ടിഡിപി എംപി കെ നാരായണറാവു കുഴഞ്ഞുവീണു. സംഭവത്തെ തുടര്‍ന്ന് 17 എംപി മാരെ സ്പീക്കര്‍ മീരാകുമാര്‍ സസ്പെന്‍ഡ് ചെയ്തു. അതേസമയം, നടുത്തളത്തിലിറങ്ങിയ പള്ളം രാജു ഉള്‍പ്പെടെയുള്ള മന്ത്രിമാരെ നടപടിയെടുക്കാതെ സംരക്ഷിച്ചു. ടിഡിപി അംഗം കത്തിവീശിയതായി താന്‍ കണ്ടെന്ന് മന്ത്രി കമല്‍നാഥ് സ്ഥിരീകരിച്ചു. പാര്‍ലമെന്റിന് പുറത്തും തെലങ്കാന അനുകൂലികളും സീമാന്ധ്രക്കാരും തമ്മില്‍ ഏറ്റുമുട്ടി.

2001 ഡിസംബര്‍ 13നുണ്ടായ പാര്‍ലമെന്റ് ആക്രമണത്തിന് സമാനമായ രംഗങ്ങളാണ് അരങ്ങേറിയത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും വ്യാഴാഴ്ച സഭയിലെത്തിയില്ല. പകല്‍ 11ന് ലോക്സഭ ചേര്‍ന്നെങ്കിലും ബഹളംമൂലം 12 വരെ നിര്‍ത്തിവച്ചു. കോണ്‍ഗ്രസ് നേതൃയോഗത്തിന്റെ തീരുമാനമനുസരിച്ചാണ് തെലങ്കാന ബില്‍ അവതരിപ്പിച്ചത്. സഭ ചേര്‍ന്നയുടന്‍ ബില്ലിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും നടുത്തളത്തിലേക്ക് ഇറങ്ങി. ബില്ലിനെ എതിര്‍ക്കുന്ന ടിഡിപിയിലെ എം വേണുഗോപാലറെഡ്ഡി സ്പീക്കറുടെ അടുത്തേക്ക് നീങ്ങി സെക്രട്ടറി ജനറലിന്റെ മൈക്ക് പറിച്ചെടുത്ത് വീശി. റെഡ്ഡി കത്തിവീശിയെന്നും ആരോപണമുയര്‍ന്നു.

കുഴപ്പക്കാരായ എംപിമാരെ നിയന്ത്രിക്കാന്‍ 30 കോണ്‍ഗ്രസ് അംഗങ്ങളെ നിര്‍ത്തിയിരുന്നു. ഇവര്‍ വേണുഗോപാലറെഡ്ഡിയെ കൈയേറ്റം ചെയ്ത വേളയിലാണ് വിജയവാഡ എംപിയും വന്‍ വ്യവസായിയുമായ എല്‍ രാജഗോപാല്‍ കുരുമുളക് സ്പ്രേ പ്രയോഗിച്ചത്. ഈ സമയം സ്പീക്കര്‍ തെലങ്കാന ബില്‍ അവതരിപ്പിക്കാന്‍ ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയെ ക്ഷണിച്ചു. ബില്ലിന് സഭയുടെ അനുമതി തേടവെ സ്പ്രേ ശ്വസിച്ച സ്പീക്കര്‍ മീരാകുമാര്‍ ചുമയ്ക്കാന്‍ തുടങ്ങുകയും സഭ പിരിച്ചുവിട്ടു എന്നുപോലും പറയാതെ സ്വന്തം മുറിയിലേക്ക് ഓടുകയും ചെയ്തു. വിഷവാതകമെന്നുകരുതി എംപിമാരോട് പുറത്തുപോകാന്‍ സുരക്ഷാഗാര്‍ഡുകള്‍ ആവശ്യപ്പെട്ടു.

സ്വയരക്ഷയ്ക്കാണ് സ്പ്രേ ഉപയോഗിച്ചതെന്നാണ് രാജഗോപാലിന്റെ വിശദീകരണം. ഉച്ചയ്ക്ക് സഭ വീണ്ടും ചേര്‍ന്നപ്പോള്‍ എല്‍ രാജഗോപാല്‍, വൈഎസ്ആര്‍ നേതാവ് ജഗന്‍മോഹന്‍റെഡ്ഡി തുടങ്ങി 17 പേരെ പുറത്താക്കിയതായി സ്പീക്കര്‍ അറിയിച്ചു. വൈഎസ്ആര്‍ കോണ്‍ഗ്രസിലെ രണ്ടുപേരും ടിഡിപിയിലെ നാലുപേരും 11 കോണ്‍ഗ്രസ് എംപിമാരുമാണ് പുറത്താക്കപ്പെട്ടത്. ഇതിനിടയിലാണ് ടിഡിപിയിലെ കെ നാരായണറാവു കുഴഞ്ഞുവീണത്. സയനൈഡ് കഴിച്ചെന്നായിരുന്നു ആദ്യപ്രചാരണം. നേരിയ ഹൃദയാഘാതമുണ്ടായതായി പിന്നീട് വിശദീകരിച്ചു. ഇതോടെ സഭ പിരിഞ്ഞു. തിങ്കളാഴ്ചയേ ഇനി സഭ ചേരൂ.

രാജ്യസഭയിലും സമാനമായ രംഗങ്ങള്‍ അരങ്ങേറി. ടിഡിപി അംഗം മൈക്ക് പൊട്ടിച്ചു. തെലങ്കാന ബില്ലിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്. ബില്‍ അവതരിപ്പിച്ചിട്ടില്ലെന്നാണ് ബിജെപിയുടെ നിലപാട്. മന്ത്രിമാര്‍ ഉള്‍പ്പെടെ സഭ തടസ്സപ്പെടുത്തുമ്പോള്‍ എങ്ങനെ ബില്‍ പാസാക്കുമെന്ന ചോദ്യമാണ് ഭൂരിപക്ഷം എംപിമാരും ഉയര്‍ത്തുന്നത്. ലോക്സഭയിലെ സംഭവങ്ങള്‍ അപമാനകരമാണെന്നും ജനാധിപത്യത്തിനേറ്റ പുഴുക്കുത്താണെന്നും സ്പീക്കര്‍ മീരാകുമാര്‍ പ്രതികരിച്ചു.

വി ബി പരമേശ്വരന്‍

പാര്‍ലമെന്റിന് അപമാനദിനം

കുരുമുളക് സ്പ്രേ പ്രയോഗം, കത്തിയെടുക്കല്‍, തമ്മിലടി...ലോകത്തിന് മുന്നില്‍ പരിഹാസ്യമായി ഇന്ത്യന്‍ പാര്‍ലമെന്റ്. ആന്ധ്രയെ വിഭജിച്ച് തെലങ്കാന രൂപീകരിക്കാനുള്ള ബില്‍ എതിര്‍പ്പുകളെ അവഗണിച്ച് പാര്‍ലമെന്റില്‍ അവതരിപ്പിക്കാര്‍ യുപിഎ സര്‍ക്കാര്‍ നടത്തിയ ശ്രമമാണ് നാണംകെട്ട സ്ഥിതിയിലേക്ക് എത്തിച്ചത്. ഗൗരവമേറിയ ചര്‍ച്ചകളിലൂടെയും ജനകീയ പ്രശ്നങ്ങളിലെ ക്രിയാത്മക ഇടപെടലുകളിലൂടെയും ലോകത്തിന് മാതൃകയായ ഇന്ത്യന്‍ പാര്‍ലമെന്റിനെ അധഃപതനത്തിന്റെ പാതാളക്കുഴിയിലേക്ക് തള്ളിയിട്ടുവെന്ന ഖ്യാതിയും ഇതോടെ യുപിഎ സര്‍ക്കാരിന് സ്വന്തമായി. സ്വന്തം മന്ത്രിമാരെപ്പോലും ബോധ്യപ്പെടുത്താതെ തെരഞ്ഞെടുപ്പ് നേട്ടമെന്ന ഒറ്റ ലക്ഷ്യത്തോടെ മാത്രം ബില്‍ കൊണ്ടുവന്ന യുപിഎ സര്‍ക്കാരാണ് ഈ ദുരവസ്ഥയ്ക്ക് ഉത്തരവാദികളെന്ന് പ്രതിപക്ഷ പാര്‍ടികള്‍ കുറ്റപ്പെടുത്തി.

അനുബന്ധ പട്ടികയില്‍ ഉള്‍പ്പെടുത്തി തെലങ്കാന ബില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ത്തന്നെ സ്ഥിതിഗതികള്‍ സംഘര്‍ഷപൂര്‍ണമായി. പകല്‍ പതിനൊന്നിന് ചോദ്യോത്തരവേളയ്ക്കായി ചേര്‍ന്നെങ്കിലും മിനിറ്റുകള്‍ക്കകം സഭ പിരിഞ്ഞു. സീമാന്ധ്രമേഖലയില്‍ നിന്നുള്ള എംപിമാര്‍ തടസ്സപ്പെടുത്തുമെന്ന ധാരണ സര്‍ക്കാരിനുണ്ടായിരുന്നു. കോണ്‍ഗ്രസ് എംപി സബ്ബം ഹരി കഴിഞ്ഞ ദിവസം ആത്മാഹുതി ഭീഷണി മുഴക്കിയിരുന്നതിനാല്‍ സുരക്ഷാ ഉദ്യോഗസ്ഥരും കരുതലിലായിരുന്നു. വൈദ്യസംഘവും തയ്യാറായി. അഗ്നിശമനാ സാമഗ്രികളും ബ്ലാക്കറ്റുകളും സജ്ജമാക്കിയിരുന്നു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് മാധ്യമപ്രവര്‍ത്തകരെയും ദേഹപരിശോധന നടത്തിയാണ് പ്രവേശിപ്പിച്ചത്. എന്തും സംഭവിക്കാമെന്ന പ്രതീതി. ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയ്ക്കായിരുന്നു ബില്ലവതരണ ചുമതല. ഷിന്‍ഡെയെ സീമാന്ധ്ര എംപിമാര്‍ തടസ്സപ്പെടുത്തിയാല്‍ പ്രതിരോധിക്കാനായി ആള്‍വലിപ്പവും തടിമിടുക്കുമുള്ള മുപ്പതോളം എംപിമാരെയാണ് നിയോഗിച്ചത്. ഹാറുണ്‍ റഷീദ്, രാജ് ബബ്ബര്‍, അസറുദ്ദീന്‍, ലാല്‍സിങ് തുടങ്ങിയവര്‍ക്കായിരുന്നു നേതൃത്വം. ബില്ലവതരണത്തിന് ഷിന്‍ഡെ എണീറ്റതോടെ സീമാന്ധ്ര എംപിമാര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കിയും പോസ്റ്ററുകള്‍ ഉയര്‍ത്തിയും നടുത്തളത്തിലേക്ക് കുതിച്ചു. പ്രതിരോധിക്കാനായി തെലങ്കാന എംപിമാരും കോണ്‍ഗ്രസിന്റെ ഗുണ്ടാപ്പട എംപിമാരും. കടലാസുകള്‍ എംപിമാര്‍ വാരിയെറിഞ്ഞു. സീമാന്ധ്ര എംപി വേണുഗോപാലറെഡ്ഡി മൈക്ക് പിഴുതെടുത്തു. ചെറിയ മേശയും എംപിമാര്‍ പൊക്കിയെടുത്ത് വീശിയെറിഞ്ഞു. വേണുഗോപാലറെഡ്ഡി കത്തിയെടുത്തുവെന്ന് ഭരണപക്ഷ ബെഞ്ചുകള്‍ ആരോപിച്ചു.

ഇതിനിടെ നടുത്തളം ചുറ്റി പ്രതിപക്ഷ നിരയ്ക്ക് സമീപമെത്തിയ രാജഗോപാല്‍ പോക്കറ്റില്‍നിന്ന് കുരുമുളക് സ്പ്രേകുപ്പി പുറത്തെടുത്ത് ചീറ്റിച്ചു. സ്പീക്കറുടെ നേര്‍ക്കും ടേബിള്‍ ഓഫീസിലേക്കും ഭരണ-പ്രതിപക്ഷ നിരകള്‍ക്ക് നേരെയും സ്പ്രേ പ്രയോഗമുണ്ടായി. ഇതോടെ തെലങ്കാന എംപിമാരും കോണ്‍ഗ്രസിന്റെ ഗുണ്ടാസംഘവും രാജഗോപാലിന് നേര്‍ക്ക് കുതിച്ചു. ഹാറുണ്‍ റഷീദും മറ്റും രാജഗോപാലിനെ വട്ടംചുറ്റി നിലത്തിട്ട് ചവിട്ടുകയും മര്‍ദിക്കുകയും ചെയ്തു. ഇതിനിടെ എംപിമാര്‍ മുളകുപൊടി പ്രയോഗത്തിന്റെ രൂക്ഷത അറിഞ്ഞു തുടങ്ങി. കണ്ണുനീറാനും ചുമയ്ക്കാനും തുടങ്ങിതോടെ സഭ പിരിയുന്നതായിപ്പോലും പ്രഖ്യാപിക്കാതെ സ്പീക്കര്‍ ഇരിപ്പിടം വിട്ടു. അടിച്ചത് വിഷവാതകമാണെന്ന പ്രചാരണം കൂടിയായതോടെ എംപിമാര്‍ കൂട്ടമായി പുറത്തേക്ക് ഓടി. മാര്‍ഷലുകളെ വെട്ടിച്ച് രാജഗോപാല്‍ വീണ്ടും സ്പ്രേ പ്രയോഗം നടത്തി. കുരുമുളകിന്റെ രൂക്ഷത സഭയ്ക്ക് പുറത്തേക്കും വ്യാപിച്ചു. മാധ്യമപ്രവര്‍ത്തകരും പാര്‍ലമെന്റ് ജീവനക്കാരുമെല്ലാം അതിന്റെ തീവ്രത അനുഭവിച്ചറിഞ്ഞു. രാജഗോപാല്‍ ഉള്‍പ്പെടെ നാല് എംപിമാര്‍ അവശരായി. ഉച്ചകഴിഞ്ഞ് സഭ ചേര്‍ന്നപ്പോഴും കൈയാങ്കളിയിലേക്ക് നീങ്ങി.

എം പ്രശാന്ത്

ഉത്തരവാദി കോണ്‍ഗ്രസ്: പി കരുണാകരന്‍

കേട്ടുകേള്‍വിയില്ലാത്ത സംഭവങ്ങള്‍ക്ക് പാര്‍ലമെന്റിനെ വേദിയാക്കിയതിന്റെ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനാണെന്ന് പി കരുണാകരന്‍ എംപി. സഭയ്ക്കകത്ത് എംപിമാര്‍ തമ്മില്‍ കൈയാങ്കളിയും വാതകപ്രയോഗവുംവരെ നടക്കുകയാണ്. കോണ്‍ഗ്രസ് നിലപാടുകളാണ് ഇതിനെല്ലാം വഴിവച്ചതെന്നും അദ്ദേഹം പറഞ്ഞു.

തെലങ്കാന രൂപീകരണവുമായി ബന്ധപ്പെട്ടാണ് പാര്‍ലമെന്റ് കലുഷിതമാകുന്നത്. പ്രശ്നത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. ആന്ധ്രയില്‍നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍പോലും രണ്ടു തട്ടിലാണ്. തെലങ്കാന ബില്‍ അവതരിപ്പിച്ചത് സഭയിലുണ്ടായിരുന്ന ആരും കേട്ടിട്ടില്ല. അവതരണം കഴിഞ്ഞ് ഏറെ നേരത്തിനുശേഷമാണ് ബില്ലിന്റെ പകര്‍പ്പ് വിതരണംചെയ്യാന്‍ തയ്യാറായത്. അവിശ്വാസപ്രമേയം വേണമെന്ന് ആവശ്യപ്പെട്ടവരെ സഭയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യുന്ന വിചിത്രമായ രീതിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. പാര്‍ലമെന്റിന്റെ കീഴ്വഴക്കങ്ങളെല്ലാം തെറ്റിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ പാര്‍ലമെന്റിനോട് ജനങ്ങള്‍ക്കുള്ള മതിപ്പ് ഇല്ലാതാക്കാന്‍ ഇടവരുത്തുമെന്നും ഇതിന് ഉത്തരവാദിയായ കോണ്‍ഗ്രസ് ജനങ്ങളോട് മറുപടി പറയണമെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

തെലങ്കാന ബില്ലിന്റെ ഭാവി അനിശ്ചിതത്വത്തില്‍

ന്യൂഡല്‍ഹി: തെലങ്കാന സംസ്ഥാന രൂപീകരണത്തിന് വഴിയൊരുക്കുന്ന ആന്ധ്രപ്രദേശ് പുനഃസംഘടനാബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചെന്ന് കേന്ദ്രം.ഇല്ലെന്ന് പ്രതിപക്ഷം. ലോക്സഭയുടെ വ്യാഴാഴ്ചത്തെ പുതുക്കിയ കാര്യപരിപാടിയില്‍ പോലും ബില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. അവസാനം പ്രത്യേക കാര്യപരിപാടിയായാണ് ബില്‍ അവതരിപ്പിക്കാന്‍ സ്പീക്കര്‍ മീരാകുമാര്‍ ആഭ്യന്തരമന്ത്രിയെ ക്ഷണിച്ചത്. എന്നാല്‍, സഭയുടെ അനുവാദം പൂര്‍ണമായും നേടുന്നതിന് മുമ്പുതന്നെ സഭ പിരിഞ്ഞു. അതുകൊണ്ടുതന്നെ സഭയില്‍ എന്താണ് നടന്നതെന്ന് ആര്‍ക്കും വ്യക്തമായില്ല. പാര്‍ലമെന്ററികാര്യ മന്ത്രി കമല്‍നാഥാണ് ബില്‍ അവതരിപ്പിച്ചെന്ന് ആദ്യം അറിയിച്ചത്. സഭ പിരിഞ്ഞശേഷം പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു കമല്‍നാഥ്. തുടര്‍ന്ന് വാര്‍ത്താപ്രക്ഷേപണ മന്ത്രി മനീഷ് തിവാരിയും ലോക്സഭാ സെക്രട്ടറിയറ്റും ബില്‍ അവതരിപ്പിച്ചതായി അറിയിച്ചു.

എന്നാല്‍, ബില്‍ അവതരണം നടന്നിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് സുഷമ സ്വരാജും ഇടതുപക്ഷപാര്‍ടി നേതാക്കളും അറിയിച്ചു. സഭയുടെ അനുമതി ലഭിക്കാതെ ബില്‍ അവതരിപ്പിച്ചതായി കാണാനാകില്ലെന്ന് സുഷമ സ്വരാജ് പറഞ്ഞു. സിപിഐ എം നേതാവ് ബസുദേവ് ആചാര്യയും സിപിഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്തയും ബില്‍ അവതരിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. പ്രതിപക്ഷനേതാക്കള്‍ സ്പീക്കറെ കണ്ട് ബില്‍ അവതരിപ്പിച്ചതായി കരുതാനാകില്ലെന്ന് അറിയിച്ചു. അതേസമയം, തെലങ്കാന ബില്‍ അവതരിപ്പിക്കരുതെന്നാവശ്യപ്പെട്ട് വൈഎസ്ആര്‍ കോണ്‍ഗ്രസ് വെള്ളിയാഴ്ച ആന്ധ്രാപ്രദേശ് ബന്ദിന് ആഹ്വാനം ചെയ്തു.

deshabhimani

No comments:

Post a Comment