Friday, February 14, 2014

പൗരാവകാശവും സ്ത്രീസുരക്ഷയും പ്രതിസന്ധിയില്‍: പിണറായി

കോലഞ്ചേരി: സംസ്ഥാനത്ത് പൗരാവകാശവും സ്ത്രീസുരക്ഷയും പ്രതിസന്ധി നേരിടുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ആയിരം ദിവസം പൂര്‍ത്തിയാക്കിയപ്പോള്‍ ഇതുപോലുള്ള നേട്ടങ്ങളാണ് യുഡിഎഫ് സര്‍ക്കാരിനുള്ളത്. സ്ത്രീകളുടെ ഭരണഘടനാപരമായ മൗലികാവകാശങ്ങള്‍ പിച്ചിച്ചീന്തുകയാണ്. ഇരകള്‍ക്ക് നീതി നിഷേധിക്കുമ്പോള്‍ അക്രമികള്‍ക്ക് തുണയാകുകയാണ്. ഇതിനെതിരെ സമൂഹമൊന്നാകെ ശബ്ദമുയര്‍ത്തണമെന്ന് കോലഞ്ചേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പിണറായി പറഞ്ഞു.

വടകരയില്‍ വിമുക്തഭടന്റെ ജനനേന്ദ്രിയം പൊലീസ് തകര്‍ത്തത് നേരത്തെ ആനയറയിലുണ്ടായതിന്റെ നേര്‍പതിപ്പാണ്. പ്രക്ഷോഭത്തിനുനേരെ പൊലീസ് ഇത്തരം ക്രൂരത കാട്ടുന്നത് നാടിന് അപമാനമാണ്. ദേശീയപാത സ്ഥലമെടുപ്പ് സംബന്ധിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടാകാം. എന്നാല്‍ നടപ്പാതയില്‍നിന്ന വിമുക്തഭടനും കോണ്‍ഗ്രസ് അനുഭാവിയുമായ ആളെ മര്‍ദിക്കുകയാണ് ചെയ്തത്. ആനയറയില്‍ നീചകൃത്യം ചെയ്തയാളെ സര്‍ക്കാര്‍ സംരക്ഷിച്ചു. അന്ന് മാതൃകാപരമായി നടപടിയെടുത്തെങ്കില്‍ വടകര സംഭവം ഉണ്ടാകുമായിരുന്നില്ല. നിലമ്പൂരില്‍ കോണ്‍ഗ്രസ് ഓഫീസില്‍ കൊല്ലപ്പെട്ട ജീവനക്കാരി രാധയുടെ വീട്ടില്‍ മൊഴിയെടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമാണ്് പൊലീസ് പോയത്. കോണ്‍ഗ്രസിനെതിരെ ഒന്നും പറയരുതെന്ന സമ്മര്‍ദമാണിത്. പൊലീസിനൊപ്പം പോയ ആളെക്കുറിച്ചും വാര്‍ത്തകള്‍ വന്നിട്ടുണ്ട്. നാട്ടുകാര്‍ക്കും രാധയുടെ കുടുംബത്തിനും സംശയമുണ്ട്. ഇപ്പോഴത്തെ അന്വേഷണം ഫലപ്രദമല്ല. അന്വേഷണത്തലവനും ശരിയല്ല. അന്വേഷണം ഗൗരവമായി നടക്കണം. ലൈംഗികാക്രമണത്തിന് ഇരയാകുന്ന സ്ത്രീകളും പെണ്‍കുട്ടികളും കൂടുതലുള്ള സംസ്ഥാനമായി കേരളം മാറിയെന്ന് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക് വ്യക്തമാക്കുന്നു. വി എസ് അച്യുതാനന്ദനെ തിരുവനന്തപുരത്ത് പാര്‍ടി പരിപാടികളില്‍നിന്ന് വിലക്കിയെന്ന പത്രവാര്‍ത്തയെക്കുറിച്ചുള്ള ചോദ്യത്തിന് അത് ജമാ അത്തെ ഇസ്ലാമിയുടെ മനോവിഭ്രാന്തിയാണെന്ന് പിണറായി പ്രതികരിച്ചു. സഭാതര്‍ക്കങ്ങള്‍ വിശ്വാസപരമായ പ്രശ്നമാണ്. അത് ക്രമസമാധാന പ്രശ്നമാകാതെ മാന്യമായി ഒത്തുതീര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്- പിണറായി പറഞ്ഞു.

ധവളപത്രം ഇറക്കണം: പിണറായി

കൊച്ചി: സംസ്ഥാനത്തെ അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് സര്‍ക്കാര്‍ ധവളപത്രം പുറപ്പെടുവിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. സാമ്പത്തിക പ്രതിസന്ധി എന്തുകൊണ്ടാണ് ഗുരുതരമായി തുടരുന്നതെന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും കോലഞ്ചേരിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. നികുതിപിരിവില്‍ സര്‍ക്കാര്‍ വലിയ അനാസ്ഥയാണ് കാണിക്കുന്നത്. കേന്ദ്രവിഹിതം വാങ്ങുന്നതിലും ഉപേക്ഷയുണ്ട്്. അധിക വിഭവസമാഹരണത്തിന് ശുഷ്കാന്തി കാണിക്കാത്ത സര്‍ക്കാരിന്റെ ഭരണരംഗത്തെ ധൂര്‍ത്തും ചേര്‍ന്നാണ് സാമ്പത്തിക പ്രതിസന്ധി ഗുരുതരമാക്കിയത്.

യുഡിഎഫ് ഭരണത്തില്‍ റവന്യു കമ്മി മൂന്നിരട്ടി വര്‍ധിച്ചു. റവന്യു വരുമാനത്തിന്റെ കാര്യത്തില്‍ 2007-08ലെ കേന്ദ്രവിഹിതം 29.55 ശതമാനമായിരുന്നു. ഇപ്പോള്‍ 22.34 ശതമാനമായി. ഗ്രാന്റ് ഇന്‍ എയ്ഡിന്റെ കാര്യത്തിലും ഇതാണ് സ്ഥിതി. കേന്ദ്രവും സംസ്ഥാനവും ഒരേകക്ഷി ഭരിച്ചാല്‍ നേട്ടമുണ്ടാകുമെന്നായിരുന്നു പ്രചാരണം. അത് വിനയായി. കേന്ദ്രത്തോടുള്ള വിധേയത്വംമൂലം യുഡിഎഫ് സര്‍ക്കാര്‍ സംസ്ഥാന താല്‍പ്പര്യം അടിയറവച്ചു. സംസ്ഥാനത്തിന്റെ കടഭാരവും ആശങ്ക ഉണ്ടാക്കുന്നതാണ്. എല്‍ഡിഎഫ് ഭരണത്തില്‍ 63,270 കോടി രൂപയായിരുന്നത് ഇപ്പോള്‍ 1,63,560 കോടി രൂപയായി. രണ്ടരക്കൊല്ലംകൊണ്ട് വര്‍ധിച്ചത് ഒരുലക്ഷം കോടിയിലേറെ രൂപ. എന്നിട്ടും ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന ഒരു പദ്ധതിയും നടപ്പാക്കിയില്ല. മൂലധനച്ചെലവില്‍ വര്‍ധനയില്ല. ഇതിനര്‍ഥം വികസനമില്ലെന്നാണ്.

സംസ്ഥാനത്ത് വികസനമുരടിപ്പാണ്. കടം വാങ്ങിയ പണം എന്തുചെയ്തെന്ന് ധവളപത്രത്തില്‍ വിശദീകരിക്കണം. ട്രഷറിയില്‍ നിലനിര്‍ത്താവുന്ന പണം യുഡിഎഫ് സര്‍ക്കാര്‍ ബാങ്കിലേക്കു മാറ്റി. ഇപ്പോള്‍ ക്ഷേമനിധിയിലെ പണം ട്രഷറിയിലേക്ക് തിരിച്ചുവിടാന്‍ ശ്രമിക്കുന്നു. പുതുതലമുറ ബാങ്കിലെ നിക്ഷേപം യുഡിഎഫ് സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണ്. കൊച്ചി മെട്രോയുടെ പണം മറ്റൊരു ജില്ലയില്‍ പുതുതലമുറ ബാങ്കില്‍ നിക്ഷേപിച്ച കാര്യവും ഓര്‍ക്കണമെന്ന് പിണറായി പറഞ്ഞു.

deshabhimani

No comments:

Post a Comment