Friday, February 14, 2014

കോണ്‍ഗ്രസ് ഓഫീസിലെ കൊലപാതകം: ഗൂഢാലോചന അന്വേഷിക്കില്ല

കോണ്‍ഗ്രസ് ഓഫീസില്‍ ജീവനക്കാരി കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം കോണ്‍ഗ്രസിന്റെ തിരക്കഥ പ്രകാരം. മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗം ബി കെ ബിജുവിന്റെ മൊഴിയെ മാത്രം അടിസ്ഥാനമാക്കിയാണ് കേസ് മുന്നോട്ടുനീങ്ങുന്നത്. ഗൂഢാലോചന പൂര്‍ണമായും അന്വേഷണത്തില്‍ നിന്ന് ഒഴിവാക്കി. അവിഹിതബന്ധത്തിന്റെ കഥ പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങുന്നത് അവസാനിപ്പിക്കാന്‍ ബിജു രാധയെ കൊന്നുവെന്നാണ് പൊലീസ് പ്രചരിപ്പിക്കുന്ന കഥ. ഇത് പച്ചക്കള്ളമാണെന്ന് ഐജിക്ക് വ്യാഴാഴ്ച രാധയുടെ ബന്ധുക്കള്‍ മൊഴി നല്‍കി. രാധയെ മോശക്കാരിയാക്കി അന്വേഷണം വഴിതിരിക്കാനാണ് പൊലീസ് ശ്രമം. ബിജുവിനെ ഭീഷണിപ്പെടുത്തി രാധ പണം തട്ടിയെയെന്ന പൊലീസ് കഥ അവിശ്വസനീയമാണ്. ബിജു ഇടയ്ക്കിടെ രാധയോട് പണം കടംചോദിക്കാറുണ്ടായിരുന്നു. പലതവണ മോതിരം പണയം വയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നതായി വീട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്. ബിജുവിന്റെ അവിഹിതബന്ധം വെളിപ്പെടുത്തുമെന്നു പറഞ്ഞാണത്രെ രാധ ഭീഷണിപ്പെടുത്തിയത്. ബിജുവിന്റെ വഴിവിട്ട ബന്ധങ്ങള്‍ നാട്ടില്‍ പാട്ടാണ്. രഹസ്യങ്ങള്‍ പുറത്തു പറയാതിരിക്കാനാണ് രാധയെ കൊന്നതെങ്കിലും അത് ബിജുവിനെ സംബന്ധിച്ചവ ആയിരുന്നില്ലെന്നത് ഉറപ്പാണ്.

കൊലയ്ക്ക് പിന്നില്‍ മറ്റ് പ്രമുഖര്‍ ഉണ്ടെന്ന ആരോപണം നിരാകരിച്ചുള്ള അന്വേഷണം കോണ്‍ഗ്രസ് നേതാക്കളുടെ നിര്‍ദേശപ്രകാരമാണ്. സംഭവം നടന്ന കോണ്‍ഗ്രസ് ഓഫീസ് സീല്‍ ചെയ്യാതെ ബുധനാഴ്ചതന്നെ തുറന്നുകൊടുത്തിരുന്നു. കൊലയ്ക്ക് ശേഷം അഞ്ചുദിവസം കഴിഞ്ഞാണ് ബിജു പിടിയിലാകുന്നത്. ഈ ദിവസങ്ങളില്‍ ബിജു എവിടെയായിരുന്നെന്നത് സംബന്ധിച്ച് അന്വേഷണമില്ല. പിടിയിലാകുന്നതിന് തൊട്ടുമുമ്പ് ആര്യാടന്‍ ഷൗക്കത്തിനൊപ്പം ബിജുവിനെ നാട്ടുകാര്‍ കണ്ടിരുന്നു. കൊല നടന്നശേഷം അന്ന് രാവിലെ തന്നെ മൃതദേഹം ഓഫീസില്‍നിന്ന് പുറത്തേക്ക് കൊണ്ടുപോയെന്ന പൊലീസ് കഥയും അവിശ്വസനീയമാണ്. നഗരമധ്യത്തിലുള്ള ഓഫീസില്‍നിന്ന് പട്ടാപ്പകല്‍ ചാക്കില്‍ കെട്ടി മൃതദേഹം പുറത്തുകടത്തുക അസാധ്യം. സംഭവദിവസം രാത്രിയില്‍ പതിവിലും നേരത്തെ ബിജു ഓഫീസ് പൂട്ടിയതായി ഭാസ്കരന്റെ മൊഴിയുണ്ട്. ബിജുവിനെ മുന്നില്‍ നിര്‍ത്തി ചിലര്‍ കളിക്കുകയാണെന്നാണ് ബന്ധുക്കള്‍ വ്യാഴാഴ്ച മൊഴി നല്‍കിയത്. മൃതദേഹം കോണ്‍ഗ്രസ് ഓഫീസില്‍ സൂക്ഷിച്ചിരുന്നു. ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്തിന്റെയും ബന്ധു ആര്യാടന്‍ ആസാദിന്റെയും ഓഫീസുകളില്‍ രാധ ജോലിക്കുപോകാറുണ്ടായിരുന്നു. സംഭവം നടന്ന ദിവസം ചെല്ലാതിരുന്നിട്ടും ആരും അന്വേഷിച്ചില്ല. മൃതദേഹം കണ്ടെടുത്ത ദിവസം കോണ്‍ഗ്രസ് ഓഫീസില്‍നിന്ന് വിളിച്ചുപറഞ്ഞ പ്രകാരം രാധയുടെ സഹോദരന്‍ ഭാസ്കരന് ബിജു പണം നല്‍കിയിരുന്നു. 4000 രൂപ ഭാസ്കരന്റെ പോക്കറ്റില്‍ ബിജു വച്ചുകൊടുത്തതായി ഭാസ്കരന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

കോണ്‍ഗ്രസ് ഓഫീസിലെ കൊലപാതകം; കൂടുതല്‍ പേര്‍ക്ക് പങ്കെന്ന് സൂചന

നിലമ്പൂര്‍: കോണ്‍ഗ്രസ് ഓഫീസിലെ ജീവനക്കാരി രാധയെ ഓഫീസില്‍ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ കോണ്‍ഗ്രസുകാര്‍ ഉള്‍പ്പെട്ടതായി സൂചന. വ്യാഴാഴ്ച കോണ്‍ഗ്രസ് നേതാവായ എന്‍ജിഒ അസോസിയേഷന്‍ ജില്ലാ ഭാരവാഹിയെ പൊലീസ് ചോദ്യം ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാത്തതിനാല്‍ കസ്റ്റഡിയിലെടുത്തില്ലെങ്കിലും ഇയാളെക്കുറിച്ചും അന്വേഷണം നടത്തും. കൂടുതല്‍ പ്രാദേശിക നേതാക്കളെ വരുംദിവസങ്ങളില്‍ ചോദ്യം ചെയ്യും.

അതേസമയം അന്വേഷണത്തില്‍ അട്ടിമറിയുണ്ടെന്ന വാദം ചര്‍ച്ചയായതോടെ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങി. നിലമ്പൂര്‍ സിഐ എ പി ചന്ദ്രനെയും എസ്ഐ സുനില്‍ പുളിക്കലിനെയുമാണ് സ്ഥലംമാറ്റിയത്. എസ്ഐയെ തിരൂരിലേക്കും അവിടത്തെ എസ്ഐ രവി സന്തോഷിനെ നിലമ്പൂരിലേക്കും മാറ്റി. സിഐ ചന്ദ്രനെ വയനാട്ടിലേക്കാണ് മാറ്റിയത്.

കൊല്ലപ്പെട്ട രാധയുടെ ബന്ധുക്കളുടെ മൊഴി കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം എടുത്ത് സിഐ വിവാദമുണ്ടാക്കിയിരുന്നു. കോണ്‍ഗ്രസുകാരുടെ അടുത്ത അനുയായിയായ ചന്ദ്രനെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമിച്ചെങ്കിലും പ്രതിഷേധം ശക്തമായതിന്റെ പശ്ചാത്തലത്തിലാണ് നടപടി. എന്നാല്‍ സിഐയെ സംരക്ഷിക്കുന്ന നിലപാടാണ് മന്ത്രി ആര്യാടന്‍ മുഹമ്മദിന്റേത്. വിവാദങ്ങളുടെ പശ്ചാത്തലത്തിലല്ല, തെഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് സ്ഥലംമാറ്റമെന്നാണ് വ്യാഴാഴ്ച ആര്യാടന്‍ കോഴിക്കോട്ട് പ്രതികരിച്ചത്. പ്രതികളായ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗം ബി കെ ബിജു, പുന്നശേരി ഷംസുദ്ദീന്‍ എന്നിവരെ ബുധനാഴ്ച പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. പകല്‍ 11.30 ഓടെ നിലമ്പൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍നിന്നാണ് കസ്റ്റഡിയില്‍ വാങ്ങിയത്. 19ന് പകല്‍ 11 വരെ പ്രതികള്‍ കസ്റ്റഡിയില്‍ തുടരും. ഇതിനിടെ നിലമ്പൂരിലെത്തിയ എഡിജിപി ശങ്കര്‍ റെഡ്ഡിക്കൊപ്പം അന്വേഷണ ചുമതലയില്‍നിന്ന് മാറ്റിയ നിലമ്പൂര്‍ സിഐ എ പി ചന്ദ്രന്‍ കുറ്റകൃത്യവുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത് പുതിയ വിവാദത്തിന് തിരികൊളുത്തി. സ്ഥാനത്തുനിന്ന് നീക്കിയെങ്കിലും സിഐ ഇപ്പോഴും അന്വേഷണത്തില്‍ സജീവമായി ഇടപെടുന്നുണ്ട്.

deshabhimani

No comments:

Post a Comment