Saturday, February 15, 2014

ഡല്‍ഹിയില്‍ നരനായാട്ട്

ഡല്‍ഹിയില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കെതിരെ തുടരുന്ന വംശീയാധിക്ഷേപത്തില്‍ പ്രതിഷേധിച്ച മലയാളികളടക്കമുള്ള വിദ്യാര്‍ഥികളെ പൊലീസ് തല്ലിച്ചതച്ചു. വിദ്യാര്‍ഥികളെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ച ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എം ബി രാജേഷ് എംപിയെയും സിപിഐ നേതാവ് എം പി അച്യുതന്‍ എംപിയെയും പൊലീസ് ക്രൂരമായി മര്‍ദിച്ചു. രാജേഷിനെ റോഡില്‍ ചവിട്ടിവീഴ്ത്തി. വാഹനത്തിനുള്ളിലും രാജേഷിനെയും അച്യുതനേയും മര്‍ദിച്ചു.

വംശീയാധിക്ഷേപത്തിനെതിരെ ജവാഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ വെള്ളിയാഴ്ച പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. രാവിലെ ജന്തര്‍മന്തറില്‍ പ്രതിഷേധയോഗത്തിന് ശേഷം രാഷ്ട്രപതിഭവന് സമീപത്തേക്ക് നീങ്ങി. പ്രകടനം റെയ്സീന കുന്നിന് സമീപത്ത് എത്തിയപ്പോഴേക്കും ലാത്തിച്ചാര്‍ജ് ആരംഭിച്ചു. ഡിസിപി എസ് പി എസ് ത്യാഗിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിദ്യാര്‍ഥികളെ തല്ലിച്ചതച്ചത്. പ്രകോപനമില്ലാതെയായിരുന്നു പൊലീസ് നടപടി.

ലാത്തിയടിയേറ്റ് ചിതറിയോടിയ വിദ്യാര്‍ഥികളെ പൊലീസ് പിന്തുടര്‍ന്ന് അടിച്ചുവീഴ്ത്തി. വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിക്കുന്നത് അറിഞ്ഞാണ് എം ബി രാജേഷും എംപി അച്യുതനും എത്തിയത്. വിദ്യാര്‍ഥികളെ അടിക്കുന്നത് വിലക്കിയ ഇരുവരെയും പൊലീസ് റോഡില്‍ തള്ളിയിട്ടു. എംപിമാരാണെന്ന് പറഞ്ഞിട്ടും മര്‍ദനം തുടര്‍ന്നു. നിലത്തുവീണ രാജേഷിനെ പൊലീസ് ബസിലേക്ക് വലിച്ചിഴച്ചു. ബസിനുള്ളിലും മര്‍ദനം തുടര്‍ന്നു. ""ഇത് പാര്‍ലമെന്റല്ല, പൊലീസ് വാനാണ്, കൊന്നുകളയും"" എന്ന് ആക്രോശിച്ചായിരുന്നു മര്‍ദനം. സ്റ്റേഷനില്‍ എത്തുംവരെ തെറിവിളി തുടര്‍ന്നതായി രാജേഷ് പറഞ്ഞു. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗങ്ങളായ സീതാറാം യെച്ചൂരി, എം എ ബേബി, സിപിഐ ദേശീയ സെക്രട്ടറി ഡി രാജ, സിപിഐ എം ഡല്‍ഹി സംസ്ഥാന സെക്രട്ടറി പുഷ്പീന്ദര്‍ ഗ്രേവാള്‍, കേന്ദ്രകമ്മിറ്റി അംഗം യോഗീന്ദര്‍ ശര്‍മ എന്നിവര്‍ സംഭവമറിഞ്ഞ് സ്റ്റേഷനില്‍ എത്തി.

deshabhimani

No comments:

Post a Comment