Saturday, February 15, 2014

ഡല്‍ഹിയില്‍ കണ്ടത് കോണ്‍ഗ്രസ്-ബിജെപി യോജിപ്പ്: പിണറായി

തൃശൂര്‍: ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിനെതിരായുള്ള കോണ്‍ഗ്രസ്- ബിജെപി യോജിപ്പാണ് കഴിഞ്ഞ ദിവസം കണ്ടതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കേരള രക്ഷാമാര്‍ച്ചിനിടെ തൃശൂരില്‍ വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു പിണറായി. കോണ്‍ഗ്രസിനായാലും ബിജെപിക്കായാലും കുത്തകകളോടും സാമ്രാജത്വത്തോടും ഒരേ നയമാണ്.അമേരിക്ക മോഡിക്കെതിരെ ചുമത്തിയിരുന്ന ഉപരോധം നീക്കിയതായും പറയുന്നു. എന്താണ് സാമ്രാജത്വത്തോട് ബിജെപിക്കുള്ള നയമെന്ന് അതോടെ വ്യക്തമായി.

കേരള രക്ഷാമാര്‍ച്ച് തുടങ്ങുമ്പോഴുള്ളതിനേക്കാള്‍ കുഴപ്പത്തിലേക്കാണ് യുഡിഎഫ് ഇപ്പോള്‍ പോകുന്നത്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമ്പോള്‍ 123 വില്ലേജുകളുടെ കാര്യത്തില്‍ എന്ത് തീരുമാനമാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുക. ഈ കാര്യത്തില്‍ കേന്ദ്രത്തിന്റെ നിലപാട് എന്താണ്. ഇതെല്ലാം ശക്തമായ ബഹുജനാഭിപ്രായം യുഡിഎഫിനെതിരായി ഉയരും. സിപിഐ എം എന്നും കര്‍ഷകര്‍ക്കൊപ്പമാണ് . കര്‍ഷകരെ തകര്‍ക്കുന്നതിന് എതിരായ പ്രക്ഷോഭങ്ങളിലാണ് എന്നും സിപിഐ എം നിലകൊണ്ടിട്ടുള്ളത്.

കാര്‍ഷിക മേഖലയോട് വിപ്രതിപത്തിയാണ് ഈ സര്‍ക്കാര്‍ പൊതുവെയെടുക്കുന്നത്. പാലക്കാടും കുട്ടനാടും കഴിഞ്ഞാല്‍ കൃഷിയുമായി ബന്ധപ്പെട്ട് ജീവിക്കുന്നവര്‍ കൂടുതലുള്ള ജില്ലയാണ് തൃശൂര്‍. ഇവിടെ കനാല്‍ ബണ്ട് നവീകരണവും മറ്റും എവിടെയും എത്തിയില്ല. കൃഷിക്കും ചെലവേറി. എന്നാല്‍ അതിനൊപ്പം ഉല്‍പ്പന്നങ്ങള്‍ക്ക് വിലയില്ല. ഉല്‍പ്പന്ന സംഭരണത്തിനും നടപടിയില്ല. തൃശൂര്‍ പൊന്നാന്നി കോള്‍ വികസന പദ്ധതിയും എവിടേയും എത്തിച്ചില്ല.

നിലമ്പൂര്‍ കൊലപാതകത്തില്‍ അന്വേഷണ സംഘമുണ്ടെന്നതല്ലാതെ കാര്യമായ അന്വേഷണം നടക്കുന്നില്ല. കൊലപാതകത്തിന് പിന്നിലുള്ള രാഷ്ട്രീയ പ്രമാണിയെ കണ്ടെത്താനുള്ള സമഗ്രമായ അന്വേഷണമാണ് ആവശ്യം. ഇപ്പോഴുള്ള അന്വേഷണം എന്തെല്ലാമോ ഒളിപ്പിച്ചുവെക്കാനുള്ള വ്യഗ്രതയാണ് കാണിക്കുന്നത്. പ്രമാണിമാരെ സംരക്ഷിക്കാനും തെളിവ് നശിപ്പിക്കാനും ശ്രമമുണ്ട്. പ്രത്യേകിച്ച് ആഭ്യന്തരം കോണ്‍ഗ്രസിന്റെ കൈയിലാണുള്ളത്. ഒരു ദേശീയ നേതാവിന് ചേര്‍ന്നതല്ല ആര്‍എസ്പി നേതാവ് ടി ജെ ചന്ദ്രചൂഢന്റെ പരാമര്‍ശങ്ങള്‍. അദ്ദേഹത്തിന് എന്താണ് പറ്റുന്നതെന്നറിയില്ല. ദേശീയ നേതാവായ ചന്ദ്രചൂഢന്‍ കോണ്‍ഗ്രസിനേയോ ബിജെപിയേയോ വിമര്‍ശിച്ചു കണ്ടില്ല. ഇവിടെ കാര്യങ്ങള്‍ പറയുമ്പോള്‍ തന്റെ സംസ്ഥാന നേതൃത്വവുമായി ആലോചിച്ച് പറയുന്നതാകും ഉചിതം.

പൊതുപ്രസംഗങ്ങളുടെ പേരില്‍ പക്ഷപാതപരമായാണ് യുഡിഎഫ് സര്‍ക്കാര്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുന്നത്. സി ഭാസ്ക്കരനെതിരെ കേസെടുത്തത് ശുദ്ധ അസംബന്ധമാണ്. അധ്യാപകനെ ചവുട്ടികൊന്ന കേസില്‍ സാക്ഷികളെ പരസ്യമായി ഭീഷണിപെടുത്തിയിരുന്നല്ലോ. ആ കേസ് എന്തായി. പ്രസംഗങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ മാത്രം പറയുന്ന കണ്ണൂരിലെ ഒരു എം പി ജഡ്ജി കോഴവാങ്ങിയെന്ന് പറഞ്ഞിരുന്നുവല്ലോ. അതിനെതിരായ കേസ് എവിടെയെത്തി. ആര്‍എസ്എസില്‍ നിന്നടക്കം പ്രവര്‍ത്തകര്‍ സിപിഐ എമ്മിലേക്ക് വരുന്നുണ്ടെങ്കില്‍ മറ്റ് ഏതെല്ലാം പാര്‍ടിയില്‍ നിന്ന് വരുന്നുണ്ടാകുമെന്ന് മനസിലാക്കാമല്ലോ. സിപിഐ എം പാര്‍ടി നിലപാടില്‍ നിന്നുതന്നെയാണ് പുതിയ പ്രവര്‍ത്തകരെ യോജിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുന്നത്. അത്രപെട്ടെന്നൊന്നും സ്ഥാനമാനങ്ങള്‍ നേടിയെടുക്കാന്‍ കഴിയുന്ന സംവിധാനമല്ല സിപിഐ എമ്മിലുള്ളതെന്നും പിണറായി പറഞ്ഞു.

deshabhimani

No comments:

Post a Comment