Friday, February 14, 2014

പാചകത്തൊഴിലാളികള്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തി

വിവിധ ആവശ്യങ്ങളുന്നയിച്ച് പാചകത്തൊഴിലാളികള്‍ പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. ഓള്‍ ഇന്ത്യ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് മിഡ് ഡേ മീല്‍ വര്‍ക്കേഴ്സ് (സിഐടിയു) ആഭിമുഖ്യത്തിലാണ് മാര്‍ച്ച് നടത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നൂറുകണക്കിന് തൊഴിലാളികള്‍ സമരത്തില്‍ അണിനിരന്നു.

നാല്‍പ്പത്തഞ്ചാം അഖിലേന്ത്യാ തൊഴിലാളി സമ്മേളനത്തിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുക, മിനിമം കൂലി വര്‍ധിപ്പിക്കുക, 12 മാസത്തെ വേതനം സീറോ ബാലന്‍സ് അക്കൗണ്ടിലൂടെ വിതരണം ചെയ്യുക, 180 ദിവസത്തെ കൂലിയോടു കൂടിയ പ്രസവാവധി അനുവദിക്കുക, ഉച്ചഭക്ഷണമേഖല സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം അവസാനിപ്പിക്കുക, പാചകത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുക, തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഉറപ്പ് വരുത്തുക, തൊഴിലാളികളെ ജനശ്രീ ഭീമ യോജനയുടെ കീഴില്‍ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.

സമരം സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍സെന്‍ എംപി ഉദ്ഘാടനംചെയ്തു. പാചകത്തൊഴിലാളികളുടെ ആവശ്യങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും അവ നേടിയെടുക്കാന്‍ സമരം ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം പിബി അംഗം സീതാറാം യെച്ചൂരി, ബസുദേവ് ആചാര്യ, കെ ഹേമലത,രഞ്ജന നിരുല, മൈമുന മൊള്ള, അഭോയ് മുഖര്‍ജി, ഡോ. വി ശിവദാസന്‍, വാസിര്‍ സിങ്ങ്, കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് മിഡ് ഡേ മീല്‍ വര്‍ക്കേഴ്സ് (സിഐടിയു) കണ്‍വീനര്‍ എ ആര്‍ സിന്ധു എന്നിവര്‍ സംസാരിച്ചു.

deshabhimani

No comments:

Post a Comment