Monday, February 17, 2014

അന്വേഷണ സംഘത്തിന്റെ ലക്ഷ്യം പ്രതികളുടെ സംരക്ഷണം: പിണറായി

പാലക്കാട്: നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസില്‍ നടന്ന കൊലപാതകത്തിലെ പ്രതികളെ സംരക്ഷിക്കാനുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പ്രത്യേകിച്ച് അന്വേഷണ സംഘത്തിന്റെ തലവന്റെ പ്രസ്താവനകള്‍ കാണുമ്പോള്‍ അത്തരം സംശയങ്ങള്‍ കൂടുകയാണ്. കൊല്ലപ്പെട്ട രാധ പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നും ചൂലിന്റെ പിടി കൊണ്ടാണ് ജനനേന്ദ്രിയത്തില്‍ മുറിവുണ്ടായതെന്നുമാണ് പറയുന്നത്. എന്നാല്‍ പീഡനം നടത്തിയ ശേഷം തെളിവു നശിപ്പിക്കാന്‍ ഇത്തരത്തില്‍ ഉപദ്രവിച്ചതാകില്ലെ എന്ന നിലക്കുള്ള അന്വേഷണത്തിന് ഈ അന്വേഷണ സംഘം തുനിയുന്നില്ല. അതിനാലാണ് കേരളത്തിലെ പൊലീസ് കേസ് അന്വേഷിച്ചിട്ട് കാര്യമില്ലെന്നും പുറത്ത്നിന്നുള്ള സംഘം അന്വേഷിക്കണമെന്നും രാധയുടെ സഹോദരന്‍ ആവശ്യപ്പെടുന്നത്. അതിനായി കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്നും പറയുന്നു. ഇതെല്ലാം പൊലീസിന്റെ പിടിപ്പുകേടാണ് കാണിക്കുന്നത്. പ്രതികളെ സംരക്ഷിക്കുന്ന പൊലീസിന്റെ നീക്കം അത്യന്തം പ്രതിഷേധാര്‍ഹമാണ്. കൊലപാതകത്തിന് പിന്നിലുള്ള പ്രമാണിയെ കണ്ടെത്താനുള്ള അന്വേഷണമാണ് ആവശ്യം.

മരണപ്പെട്ടതിന് ശേഷം ടി പി ചന്ദ്രശേഖരനെ വല്ലാതെ മഹത്വവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ചന്ദ്രശേഖരനെ പറ്റി അന്നാട്ടുകാര്‍ക്കല്ലെ കൂടുതല്‍ അറിയുക. കൊല്ലപ്പെട്ട ദിവസം ചന്ദ്രശേഖരന് അവസാനമായി വന്ന കോളിനെ കുറിച്ച് മാതൃഭൂമിയല്ലെ ആദ്യം വാര്‍ത്ത നല്‍കിയത്. കേസിന്റെ വാദത്തിനിടയില്‍ പ്രതിഭാഗം വക്കീലാണ് പ്രോസിക്യൂഷനോട് ഇത്തരം സംശയം ചോദിക്കുന്നത്. ചന്ദ്രശേഖരന്‍ അവസാനം പങ്കെടുത്ത വടകരയിലെ ചടങ്ങില്‍നിന്ന് കൊല്ലപ്പെട്ട സ്ഥലത്തെത്താന്‍ 10 മിനിറ്റ് മതി. എന്നാല്‍ ഒരു മണിക്കുറിന് ശേഷമാണ് എത്തിയിട്ടുള്ളത്. അതിനിടയിലെ ഈ ഒരു മണിക്കൂര്‍ ചന്ദ്രശേഖരന്‍ എവിടെയായിരുന്നു എന്ന് വ്യക്തമാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. അത് വ്യക്തമാക്കേണ്ടത്പ്രോസിക്യൂഷനല്ലെ. അതുവരെ ചന്ദ്രശേഖരന്‍ എവിടെയായിരുന്നു.

പ്രസംഗത്തിന്റെ പേരില്‍ സി ഭാസ്ക്കരനെതിരെ കേസെടുത്തത് ശുദ്ധ അസംബന്ധമാണ്. ഉന്നതസംഘം കേസന്വേഷിച്ച കാലഘട്ടത്തില്‍ പുറത്ത് വരാത്ത പല വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അത് എന്തുകൊണ്ടാണെന്നും അന്വേഷിക്കണം.സിപിഐഎം പ്രവര്‍ത്തകരെ പ്രതികൂട്ടിലാക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന വഴി വിട്ട പക്ഷപാതപരമായ നീക്കമാണിതെല്ലാം. ആര്‍എംപിക്കാര്‍ വടകരയില്‍ മല്‍സരിക്കുന്നതൊന്നും സപിഐ എമ്മിനെ ബാധിക്കുന്ന വിഷയമല്ല.

പാലക്കാട് കടുത്ത വരള്‍ച്ചയിലേക്കാണര് പോകുന്നതെന്ന സൂചനകള്‍ വന്നു തുടങ്ങി. കനാല്‍ വെള്ളം വിതരണത്തിന് സര്‍ക്കാര്‍ നടപടിയില്ല. ഇതോടെ രണ്ടാവിള കൃഷി കാര്യമായി നശിക്കും. അട്ടപ്പാടിയിലെ ആദിവാസികളോടുള്ള സര്‍ക്കാര്‍ സമീപനത്തില്‍ മാറ്റം വരണം. പോഷകാഹാരകുറവ് മൂലം ചെറിയ കുട്ടകള്‍ മരിച്ചു കൊണ്ടിരിക്കുകയാണ്. അവര്‍ക്കാവശ്യമുള്ള കാര്യങ്ങള്‍ ചെയ്തുകൊടുക്കാതെ ആദിവാസി സ്ത്രീകളെല്ലാം മദ്യപാനികളാണെന്ന് പറഞ്ഞ് അവഹേളിക്കുകയാണ്. സര്‍ക്കാര്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമ്പോള്‍ പാലക്കാട് ജില്ലക്കും ക്ഷീണമാകും. പ്രത്യേകിച്ച് മലബാര്‍ സിമന്റിന്റെ നിലനില്‍പ്പ് തന്നെ ആശങ്കയിലാകും. കമ്പനിയിലെ തൊളിലാളികള്‍ക്കും അവരെ ആശ്രയിച്ചു കഴിയുന്ന പതിനായിരക്കണക്കിന് പേര്‍ക്കും അത് തിരിച്ചടിയാകുമെന്നും പിണറായി പറഞ്ഞു.

deshabhimani

No comments:

Post a Comment