Monday, February 17, 2014

ആധാര്‍ പദ്ധതിയില്‍ വിട്ടുവീഴ്ചയില്ല: ചിദംബരം

ആധാര്‍ പദ്ധതി നടപ്പാക്കുന്നതില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നും അടിസ്ഥാനവര്‍ഗത്തിന്റെ വളര്‍ച്ചയ്ക്ക് ആധാര്‍ നിര്‍ബന്ധമാണെന്നും ധനമന്ത്രി പി ചിദംബരം. ലോക്സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ഇടക്കാല ബജറ്റ് അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ഇതുവരെ 57 കോടി ആധാര്‍ കാര്‍ഡ് വിതരണം ചെയ്തെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചി മെട്രോയ്ക്ക് 462.17 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചത് ഒഴിച്ചുനിര്‍ത്തിയാല്‍ വിഴിഞ്ഞം ടെര്‍മിനലടക്കമുള്ള കേരളത്തിന്റെ സ്വപ്ന പദ്ധതികള്‍ക്ക് ബജറ്റില്‍ ധനസഹായമില്ല. തെലങ്കാന വിഷയവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന കടുത്ത പ്രതിഷേധങ്ങള്‍ക്കിടയിലാണ് ധനമന്ത്രി ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്.

മൂലധനസാമഗ്രികളുടെ എക്സൈസ് ഡ്യൂട്ടി 12 ശതമാനത്തില്‍ നിന്നും 10 ശതമാനമായി കുറച്ചു. ചെറുകാറുകളുടെയും മോട്ടോര്‍സൈക്കിളുകളുടെയും സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനങ്ങളുടെയും എക്സൈസ് ഡ്യൂട്ടിയിലും ഇളവ് വരുത്തിയിട്ടുണ്ട്. കാറുകളുടെത് 12 ശതമാനത്തില്‍ നിന്ന് എട്ടുശതമാനമായും എസ്യുവികളുടെത് 30 ശതമാനത്തില്‍ നിന്ന് 24 ശതമാനമായുമായാണ് കുറച്ചത്. ഭക്ഷ്യഎണ്ണ, ഫ്രിഡ്ജ് എന്നിവയുടെ വിലയും കുറയും. അരി സംഭരണത്തിനും വിതരണത്തിനും സര്‍വീസ് ടാക്സ് ഒഴിവാക്കി. മൊബൈല്‍ ഹാന്‍ഡ് സെറ്റുകളുടെ എക്സൈസ് നികുതിയും ആറ് ശതമാനമാക്കി കുറച്ചിട്ടുണ്ട്. അരി സൂക്ഷിക്കുന്ന വെയര്‍ഹൗസുകളുടെ സേവന നികുതിയിലും ഇളവ് അനുവദിച്ചിട്ടുണ്ട്. രക്തബാങ്കുകളെ സേവനികുതിയില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കി.

10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. 3,250 കിലോമീറ്റര്‍ ദേശീയ പാത പുതുതായി നിര്‍മ്മിച്ചു. വിലക്കയറ്റം നിയന്ത്രിക്കലാണ് സര്‍ക്കാരിന്റെ പ്രധാനലക്ഷ്യമെന്ന് ധനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് കൂടി. ധനക്കമ്മി ജിഡിപിയുടെ 4.6 ശതമാനമായി കുറഞ്ഞു. കാര്‍ഷിക വളര്‍ച്ചാനിരക്ക് കൂടി. ഈ വര്‍ഷം 263 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ ഉല്‍പ്പാദിപ്പിച്ചു. ഉല്‍പ്പാദന മേഖലയിലെ മുരടിപ്പ് ആശങ്കാജനകമെന്നും ഭക്ഷ്യവിലപ്പെരുപ്പം സങ്കടകരമാണെന്നും ബജറ്റില്‍ വിലയിരുത്തി. കയറ്റുമതി 6.3 ശതമാനമായി വര്‍ധിച്ചെന്നും രാജ്യത്തിന് 15 ബില്ല്യന്‍ ഡോളര്‍ വിദേശനാണയ ശേഖരമുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 7,35,000 കോടി രൂപ കാര്‍ഷിക വായ്പ നല്‍കി.

മൂന്ന് വ്യവസായ ഇടനാഴികള്‍ തുടങ്ങും. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ കേന്ദ്രവിഹിതം നല്‍കും. ഇടത്തരം ചെറുകിട ഉല്‍പ്പാദന മേഖലകളെ പ്രോല്‍സാഹിപ്പിക്കും. 8 ദേശീയ വ്യവസായ ഉല്‍പ്പാദന മേഖലകള്‍. നാല് വന്‍കിട സൗരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിക്കും. 500 മെഗാവാട്ടാണ് ഉല്‍പ്പാദന ലക്ഷ്യം. പ്രതിരോധ മേഖലയില്‍ വണ്‍റാങ്ക്, വന്‍പെന്‍ഷന്‍ പദ്ധതിയ്ക്ക് തത്വത്തില്‍ അംഗീകാരം നല്‍കി. അടുത്ത സാമ്പത്തിക വര്‍ഷം നടപ്പാക്കും. പ്രതിരോധ പെന്‍ഷന്‍ അക്കൗണ്ടിന് 500 കോടി രൂപ നീക്കിവെച്ചു. ഭക്ഷ്യ സബ്സിഡിയ്ക്ക് ഒരുലക്ഷം കോടി രൂപ നീക്കിവെച്ചു. നിര്‍ഭയ പദ്ധതിയ്ക്ക് ആയിരം കോടി രൂപയുടെ സ്ഥിരം ഫണ്ട് അനുവദിച്ചു. 2009-13 കാലഘട്ടത്തിലെ വിദ്യാഭ്യാസ വായ്പയ്ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു.

പ്രതിരോധ ബജറ്റില്‍ 10 ശതമാനം വര്‍ധന വരുത്തി. 2.24 ലക്ഷം കോടി രൂപയാണ് പ്രതിരോധ ബജറ്റിനായി നീക്കിവെച്ചത്. 10,080 മെഗാവാട്ട് ആണവവൈദ്യുതി ഉല്‍പ്പാദനം ലക്ഷ്യമിടുന്നു. റെയില്‍വേയ്ക്ക് 29,000 കോടി രൂപയും ആരോഗ്യമേഖലയ്ക്ക് 34,725 കോടി രൂപയും ഗ്രാമീണ മേഖലയ്ക്ക് 82,202 കോടി രൂപയും അനുവദിച്ചു. ഇന്ധന സബ്സിഡിയ്ക്കായി 35,000 കോടി രൂപ നീക്കിവെച്ചു. കുടിവെള്ള പദ്ധതിയ്ക്ക് 15,260 രൂപയും ശിശുക്ഷേമത്തിന് 21,000 കോടി രൂപയും ന്യൂനപക്ഷ ക്ഷേമത്തിന് 3,711 കോടി രൂപയും അനുവദിച്ചു.

സാമ്പത്തിക പ്രതിസന്ധിയും നാണ്യപ്പെരുപ്പവും ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ വലിയ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടായില്ല. യുപിഎ സര്‍ക്കാരിന്റെ തുടര്‍ച്ചയായ പത്താം വര്‍ഷത്തെ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

deshabhimani

No comments:

Post a Comment