Saturday, February 15, 2014

സോണിയയെയും ഉമ്മന്‍ചാണ്ടി ബഹിഷ്കരിച്ചു

കെപിസിസി പ്രസിഡന്റ് നിയമനത്തെ തുടര്‍ന്ന് കേന്ദ്രനേതൃത്വവുമായി ഇടഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെയും ബഹിഷ്കരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് കൊച്ചിയിലെത്തിയ സോണിയയെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി എത്തിയില്ല. ആലുവയില്‍ ഉണ്ടായിരുന്ന അദ്ദേഹം സോണിയയെ കാണാന്‍ നില്‍ക്കാതെ സ്ഥലം വിടുകയായിരുന്നു. വി എം സുധീരനെ കെപിസിസി പ്രസിഡന്റാക്കിയതിലുള്ള അമര്‍ഷം സോണിയക്കെതിരെയും പരസ്യമായി പ്രകടിപ്പിച്ച മുഖ്യമന്ത്രിയുടെ നടപടി നേതൃത്വത്തെ ഞെട്ടിച്ചു.

വെള്ളിയാഴ്ച പകല്‍ ഒന്നരയോടെയാണ് സോണിയ കൊച്ചി നാവിക ആസ്ഥാനത്ത് വിമാനമിറങ്ങിയത്. കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. മന്ത്രി രമേശ് ചെന്നിത്തല, വി എം സുധീരന്‍, മേയര്‍ ടോണി ചമ്മിണി തുടങ്ങിയവര്‍ സോണിയയെ സ്വീകരിക്കാനെത്തി. വെള്ളിയാഴ്ച സോണിയാഗാന്ധിക്ക് പൊതുപരിപാടികളൊന്നും ഉണ്ടായില്ല. നാവിക ആസ്ഥാനത്തുനിന്ന് മറ്റൊരു വിമാനത്തില്‍ അവര്‍ ലക്ഷദ്വീപിലേക്കു പോയി. സോണിയയെ സ്വീകരിക്കാന്‍ മുഖ്യമന്ത്രിയില്ലെന്ന് നാവിക ആസ്ഥാനത്ത് എത്തിയപ്പോഴാണ് മനസ്സിലായതെന്ന് വി എം സുധീരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്തുകൊണ്ടാണ് അദ്ദേഹം എത്താതിരുന്നതെന്ന് അറിയില്ല. ഇത് ആശയക്കുഴപ്പം ഉണ്ടാക്കില്ലേ എന്ന ചോദ്യത്തിന് ഞങ്ങള്‍ തമ്മില്‍ അങ്ങനെ "കണ്‍ഫ്യൂഷന്‍" ഒന്നുമില്ലെന്നായിരുന്നു സുധീരന്റെ മറുപടി.

മുഖ്യമന്ത്രി പങ്കെടുക്കാത്തതിനെപ്പറ്റി അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ അംഗമായ താന്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്ന് ചെന്നിത്തല പ്രതികരിച്ചു. സുധീരന്‍ കെപിസിസി പ്രസിഡന്റ് പദമേറ്റെടുക്കുന്ന ചടങ്ങ് മുഖ്യമന്ത്രി ബഹിഷ്കരിച്ചിരുന്നു. ചാനലുകളില്‍ ഇത് വാര്‍ത്തയായപ്പോള്‍ ചടങ്ങിനുശേഷം സുധീരനെ സന്ദര്‍ശിച്ച് തലയൂരി.

deshabhimani

No comments:

Post a Comment