Saturday, February 15, 2014

സമരകാഹളം മുഴക്കി ചരിത്രഭൂമിയിലൂടെ...

തൃശൂര്‍: സമരഭൂമികളിലെ തുടിപ്പുകള്‍ ഏറ്റുവാങ്ങിയ തൃശൂര്‍ ജില്ലയിലെ രണ്ടാംദിന പര്യടനം ജനപിന്തുണയുടെ വിളംബരം. ജൂത കുടിയേറ്റത്തിന്റെയും സംഘകാല ചരിത്രത്തിന്റെയും പാരമ്പര്യമുള്ള കൊടുങ്ങല്ലൂര്‍, ഇന്ത്യന്‍ റിപ്പബ്ലിക്കിലെ ആദ്യ രക്തസാക്ഷി സര്‍ദാര്‍ ഗോപാലകൃഷ്ണന്റെ ഹൃദയരക്തം വീണ കയ്പമംഗലം, കുട്ടംകുളം സമരത്തിന്റെ സ്മരണകളിരമ്പുന്ന ഇരിങ്ങാലക്കുട, തുണിമില്‍-ഓട്ടുകമ്പനി സമരങ്ങളിലൂടെ ചുവന്ന ആമ്പല്ലൂര്‍, ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ അലയൊലികള്‍ മുഴങ്ങിയ തേക്കിന്‍കാട്...പോരാട്ടങ്ങളുടെ കഠിനപാതകള്‍ താണ്ടിയ മണ്ണിലൂടെയായിരുന്നു കേരളരക്ഷാമാര്‍ച്ചിന്റെ വെള്ളിയാഴ്ചത്തെ പര്യടനം.

വെള്ളിയാഴ്ച കൊടുങ്ങല്ലൂര്‍ മണ്ഡലത്തിലെ മാളയില്‍നിന്നാണ് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന മാര്‍ച്ച് പര്യടനമാരംഭിച്ചത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ വന്‍ ജനാവലി ജാഥയെ സ്വീകരിച്ചു. കര്‍ഷകര്‍, പരമ്പരാഗത വ്യവസായ തൊഴിലാളികള്‍, തോട്ടംതൊഴിലാളികള്‍, കച്ചവടക്കാര്‍ തുടങ്ങി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കെടുതികള്‍ നേരിട്ടനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന നാട്ടിടവഴികളിലൂടെയായിരുന്നു ഈ പകല്‍ കടന്നുപോയത്. പ്രസ്ഥാനത്തിനായി ജീവന്‍നല്‍കിയ ധീരരക്തസാക്ഷികളുടെ കുടുംബാംഗങ്ങളെ ആദരിച്ചത് വികാരനിര്‍ഭരമായി. കൊടുങ്ങല്ലൂര്‍ കോവിലകവും മതേതരത്വത്തിന്റെ പ്രതീകമായിനിലകൊള്ളൂന്ന ചേരമാന്‍ ജുമാമസ്ജിദും സ്ഥിതിചെയ്യുന്ന കൊടുങ്ങല്ലൂരിനുശേഷം കയ്പമംഗലം മണ്ഡലത്തിലെ എസ് എന്‍ പുരത്തായിരുന്നു സ്വീകരണം. ഇന്ത്യന്‍ റിപ്പബ്ലിക്കിലെ ആദ്യരക്തസാക്ഷി സര്‍ദാര്‍ ഗോപാലകൃഷ്ണന് ജന്മം നല്‍കിയ എടത്തിരുത്തി ഉള്‍പ്പെട്ട എസ്എന്‍ പുരത്തെ സ്വീകരണം അവിസ്മരണീയമായി. കൊടുംചൂടിനെ കൂസാതെ ജനസഹസ്രങ്ങളാണ് മലബാര്‍ സിംഹം എന്നറിയപ്പെടുന്ന മുഹമ്മദ് അബ്ദുറഹ്മാന്റെ നാട്ടില്‍ തടിച്ചുകൂടിയത്.

ഇരിങ്ങാലക്കുടയില്‍ വാദ്യമേളങ്ങളോടെയായിരുന്നു വരവേല്‍പ്പ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍നയങ്ങള്‍ മൂലം തകര്‍ന്ന പരമ്പരാഗതവ്യവസായങ്ങളുടെ കേന്ദ്രമായ ആമ്പല്ലൂരില്‍ തോട്ടംതൊഴിലാളികള്‍ ഉള്‍പ്പെടെ വന്‍ജനാവലിയെത്തി. വെള്ളിയാഴ്ചത്തെ സമാപനകേന്ദ്രമായ തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് എത്തിയപ്പോള്‍ കടല്‍പോലെ പുരുഷാരം. തൃശൂര്‍, ഒല്ലൂര്‍, നാട്ടിക എന്നീ മൂന്ന് മണ്ഡലങ്ങള്‍ ചേര്‍ന്നാണ് തേക്കിന്‍കാട് മൈതാനത്ത് തെക്കേഗോപുരനടയില്‍ സ്വീകരണം നല്‍കിയത്. അപവാദപ്രചാരണങ്ങള്‍ക്കും കുത്സിത നീക്കങ്ങള്‍ക്കും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കാന്‍ കഴിയില്ലെന്ന പ്രഖ്യാപനത്തോടെയാണ് അഴീക്കോടന്‍ രാഘവന്റെ രക്തംവീണ് ചുവന്ന തൃശൂരിലെ രണ്ടാം ദിന പര്യടനം അവസാനിച്ചത്. ജാഥാംഗങ്ങളായ എ വിജയരാഘവന്‍, ഇ പി ജയരാജന്‍, പി കെ ശ്രീമതി, എ കെ ബാലന്‍, എം വി ഗോവിന്ദന്‍, എളമരം കരീം, ബേബിജോണ്‍ എന്നിവര്‍ വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ സംസാരിച്ചു. ശനിയാഴ്ച മണലൂര്‍, ഗുരുവായൂര്‍, കുന്നംകുളം, വടക്കാഞ്ചേരി, ചേലക്കര മണ്ഡലങ്ങളില്‍ പര്യടനം നടത്തും.

ഇ എസ് സുഭാഷ്

തെലങ്കാനക്ക് പിന്നില്‍ കോണ്‍ഗ്രസിന്റെ സങ്കുചിത രാഷ്ട്രീയം : പിണറായി

തൃശൂര്‍: തെലങ്കാന വിഷയം ഇത്രയും വഷളാക്കിയതിന് പിന്നില്‍ സങ്കുചിത രാഷ്ട്രീയ ലാഭത്തിനായി കോണ്‍ഗ്രസ് കളിക്കുന്ന കള്ളകളികളാണെന്ന് സിപിഐ എം സംസ്്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു കേരള രക്ഷാമാര്‍ച്ചിനിടെ തൃശൂരില്‍ വാര്‍ത്താസമ്മേളനം നടത്തുകയായിുരുന്നു പിണറായി. എത്രമാത്രം അപമാനകരമായ സംഭവമാണ് പാര്‍ലമെന്റിലുണ്ടായത്. കത്തി വീശലും പെപ്പര്‍ സ്പ്രേ അടിക്കലും ഉണ്ടായില്ലെ. കോണ്‍ഗ്രസിന്റെ ഇത്തരം അവസരവാദ നയങ്ങള്‍ മൂലം രാജ്യം മുമ്പും പലതും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. പ്രധാനമന്ത്രിയെ ആന്ധ്രയുടെ കോണ്‍ഗ്രസുകാരന്‍ കൂടിയായ മുഖ്യമന്ത്രി ചീത്ത വിളിക്കുന്നിടത്ത് വരെ കാര്യങ്ങളെത്തി.

ഒരു സംസ്ഥാനത്തെ വിഭജിക്കുമ്പോള്‍ അടിസ്ഥാന ശാസ്ത്രീയ പഠനം നടത്തണം. അതുണ്ടായിട്ടില്ല. ഭാഷാടിസ്ഥാനത്തില്‍ തെലുങ്ക് സംസാരിക്കുന്നവര്‍ക്കായി ഒരു സംസ്ഥാനമെന്നത് അന്നാട്ടുക്കാര്‍ സമരം ചെയ്ത് നേടിയെടുത്തതാണ്. അതിനെയാണ് വിഭജിക്കുന്നത്. ഇത്തരം വിഭജന ആവശ്യങ്ങളും വിഘടന വാദങ്ങളും രാജ്യത്തിന്റെ പലഭാഗത്ത് നിന്നും ഉയര്‍ന്ന് വരുന്നത് ആപത്താണ്.

ഭഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കിയപ്പോള്‍ കേരളത്തിന്റെ പൊതുവിതരണ സംവിധാനമാണ് തകര്‍ന്നത്. മുമ്പ് ലഭിച്ചിരുന്ന അളവില്‍ ഭഷ്യധാന്യം കേന്ദ്രം നല്‍കുന്നില്ല. കേരളത്തിനാവശ്യമായ റേഷന്‍ വാങ്ങിയെടുക്കാന്‍ കേന്ദ്രത്തിന്മേല്‍ സമ്മര്‍ദ്ദം ചെലുത്തണം. അല്ലെങ്കില്‍ 14200 ഓളം വരുന്ന റേഷന്‍ കടകളെ ഈ നയങ്ങള്‍ തകര്‍ക്കും. സാധാരണ ഭഷ്യമന്ത്രി ഈ വിഷയങ്ങളില്‍ തീരുമാനമെടുക്കുകയും സര്‍ക്കാരും മന്ത്രിയുടെ പാര്‍ടിയും പിന്തുണ നല്‍കുകയുമാണ് പതിവ്.ഇവിടെ മന്ത്രിക്കെതിരെ നില്‍ക്കുന്നത് സ്വന്തം പാര്‍ടിയുടെ ചെയര്‍മാനാണ്.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെ കുറിച്ചുള്ള നടപടികളെ കുറിച്ച് മാര്‍ച്ച്24നകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഹരിത ട്രിബൂണല്‍ ഉത്തരവായത്് . അതിനാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതുവരെ പറഞ്ഞിരുന്നതെല്ലാം കളവാണെന്ന് തെളിഞ്ഞു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ മലയോര മേഖലയിലെ കര്‍ഷകര്‍ വീടും കൃഷിയിടങ്ങളും വിട്ട് മലയിറങ്ങേണ്ടി വരുന്ന സ്ഥിതിയുണ്ടാകുമെന്നും പിണറായി പറഞ്ഞു.

deshabhimani

No comments:

Post a Comment