Saturday, February 15, 2014

സംഘശക്തിയുടെ കരുത്തറിയിച്ച് അധ്യാപകപ്രകടനം

കൊല്ലം: അധ്യാപക സമൂഹത്തിന്റെ സംഘശക്തിയും പോരാട്ടവീറും പ്രകടമാക്കി കൊല്ലം നഗരത്തില്‍ കെഎസ്ടിഎ പ്രകടനം. കെഎസ്ടിഎ 23-ാം സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് ആശ്രാമം മൈതാനത്തുനിന്ന് ആരംഭിച്ച പ്രകടനത്തില്‍ ആയിരക്കണക്കിന് അധ്യാപകര്‍ അണിനിരന്നു. പൊതുവിദ്യാഭ്യാസം തകര്‍ക്കുന്നതിനെതിരെ ശക്തമായ പോരാട്ടത്തിന് ആഹ്വാനംനല്‍കി നീങ്ങിയ പ്രകടനം ചരിത്രനഗരിയെ പ്രകമ്പനംകൊള്ളിച്ചു. സമ്മേളനത്തിന്റെ പ്രതീകമായി 23 വീതം കെഎസ്ടിഎ ചുവപ്പു സേനാംഗങ്ങളും മുത്തുക്കുടയേന്തിയ അധ്യാപികമാരും പ്രകടനത്തിനു മുമ്പില്‍ നീങ്ങി. ബാനറിനു പിന്നില്‍ സംസ്ഥാന പ്രസിഡന്റ് കെ എന്‍ സുകുമാരന്‍, ജനറല്‍സെക്രട്ടറി എം ഷാജഹാന്‍, ടി തിലകരാജ്, ടി എസ് എന്‍ ഇളയത്, എ കെ ഉണ്ണിക്കൃഷ്ണന്‍, ഡി വിമല, പി ഡി ശ്രീദേവി, കെ ആര്‍ ദാമോദരന്‍പിള്ള, എസ് അജയകുമാര്‍, ടി ആര്‍ മഹേഷ്, ആര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ അണിനിരന്നു. കന്റോണ്‍മെന്റ് മൈതാനത്തെ ഇ എം എസ് നഗറില്‍ ചേര്‍ന്ന പൊതുസമ്മേളനം എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഉദ്ഘാടനംചെയ്തു. കെ എന്‍ സുകുമാരന്‍ അധ്യക്ഷനായി. ആര്‍എസ്പി കേന്ദ്ര സെക്രട്ടറിയറ്റംഗം എന്‍ കെ പ്രേമചന്ദ്രന്‍, ജി എസ് ജയലാല്‍ എംഎല്‍എ എന്നിവര്‍ സംസാരിച്ചു.

ട്രേഡ് യൂണിയന്‍ സൗഹൃദസമ്മേളനം സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ഗുരുദാസന്‍ ഉദ്ഘാടനംചെയ്തു. കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ ബാലകൃഷ്ണന്‍ അധ്യക്ഷനായി. മഹിളാസമ്മേളനം ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്് ടി എന്‍ സീമ ഉദ്ഘാടനംചെയ്തു. കെഎസ്ടിഎ സെക്രട്ടറി പി ഡി ശ്രീദേവി അധ്യക്ഷയായി. വിപ്ലവ ഗായിക പി കെ മേദിനിക്ക് മേയര്‍ പ്രസന്ന ഏണസ്റ്റ് ഉപഹാരം നല്‍കി. കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ് ജയമോഹന്‍, മഹിളാ അസോസിയേഷന്‍ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രാജമ്മ ഭാസ്കരന്‍ എന്നിവര്‍ സംസാരിച്ചു. ശനിയാഴ്ച രാവിലെ സംസ്ഥാന കൗണ്‍സില്‍ തെരഞ്ഞെടുപ്പു നടക്കും. യാത്രയയപ്പു സമ്മേളനം പകല്‍ 11ന് സിപിഐ എം ജില്ലാസെക്രട്ടറി കെ രാജഗോപാല്‍ ഉദ്ഘാടനംചെയ്യും.

പഴയകാലത്തേക്ക് മടക്കിക്കൊണ്ടുപോകാനുള്ള നീക്കം ചെറുക്കണം: വൈക്കം വിശ്വന്‍

കൊല്ലം: സാമൂഹ്യ അനാചാരവും ജാതിമതശക്തികളും ആധിപത്യം സ്ഥാപിച്ചിരുന്ന പഴയകാലത്തേക്കു കേരളത്തെ മടക്കിക്കൊണ്ടുപോകാന്‍ ശ്രമം നടക്കുകയാണെന്നും ഇതിനെതിരെ നവോത്ഥാനകാലത്തെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു പോരാടാന്‍ അധ്യാപകസമൂഹം മുന്നോട്ടുവരണമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. കെഎസ്ടിഎ സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായ പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

പൊതുവിദ്യാഭ്യാസരംഗം ഉള്‍പ്പെടെ ഇന്ന് കടുത്ത വെല്ലുവിളി നേരിടുന്നു. ഇത് സമൂഹത്തിന്റെ വളര്‍ച്ചയെ ബാധിക്കും. വിദ്യ നേടാനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ കടുത്ത പോരാട്ടം വേണ്ടിവന്ന നാടാണിത്. ഇതില്‍ അധ്യാപകര്‍ വലിയ പങ്ക് വഹിച്ചു. ഈ നേട്ടങ്ങള്‍ ഇല്ലാതാക്കി പഴയകാലത്തേക്കു കേരളത്തെ മടക്കിക്കൊണ്ടുപോകാനാണ് ശ്രമം. വിദ്യാഭ്യാസരംഗത്തെ മാറ്റങ്ങള്‍ക്ക് അടിത്തറയിട്ടത് 1957ലെ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരാണ്. തുടര്‍ന്നും ഈ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പോരാട്ടങ്ങള്‍ വേണ്ടിവന്നു. പ്രക്ഷോഭങ്ങളിലൂടെ നേടിയെടുത്ത ഈ അവകാശങ്ങള്‍ തട്ടിയെടുക്കുകയാണ്. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നുപറഞ്ഞ് പൊതുവിദ്യാലയങ്ങള്‍ അടച്ചുപൂട്ടാനുള്ള നീക്കവും നടക്കുന്നു. വിദ്യ പകര്‍ന്നുനല്‍കി തലമുറകളെ വാര്‍ത്തെടുക്കേണ്ട വിദ്യാലയങ്ങളെ ലാഭനഷ്ടക്കണക്കില്‍ പെടുത്താനാകില്ല. പാവപ്പെട്ടവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതാകും ഈ നീക്കം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പിന്തിരിപ്പന്‍നയങ്ങള്‍ ജനങ്ങളെ അങ്ങേയറ്റം വിഷമവൃത്തത്തിലാക്കിയെന്നും വൈക്കം വിശ്വന്‍ പറഞ്ഞു. മുമ്പെങ്ങുമില്ലാത്തവിധം രാജ്യത്ത് അഴിമതി പെരുകി. വിലക്കയറ്റം അടിക്കടി ഉയരുന്നു. ഇത്തരം നയങ്ങള്‍ക്കെതിരെ പോരാടുന്ന ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരില്‍ ഭിന്നിപ്പിക്കാന്‍ ശ്രമം നടക്കുന്നു. അധ്വാനിക്കുന്ന വര്‍ഗത്തിന്റെ ഐക്യം തകര്‍ക്കാനുള്ള ഈ ശ്രമത്തിനെതിരെ അധ്യാപകസമൂഹം ജാഗ്രത പാലിക്കണമെന്നും വിശ്വന്‍ പറഞ്ഞു.

ആഗോളവല്‍ക്കരണനയങ്ങള്‍ക്കെതിരായ പ്രക്ഷോഭം ശക്തമാക്കണം: ഗുരുദാസന്‍

കൊല്ലം: ആഗോളവല്‍ക്കരണനയങ്ങളെ കലവറയില്ലാതെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നയങ്ങള്‍ക്ക് ബദല്‍ നടപ്പാക്കാന്‍ ഇടതു-മതേതരകക്ഷികള്‍ക്കു മാത്രമേ കഴിയൂ എന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ഗുരുദാസന്‍ പറഞ്ഞു. കെഎസ്ടിഎ സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി നടന്ന ട്രേഡ്യൂണിയന്‍ സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു ഗുരുദാസന്‍.

നവലിബറല്‍ സാമ്പത്തികനയങ്ങള്‍ക്കെതിരെ തുടക്കം മുതല്‍ സിപിഐ എം ഉള്‍പ്പെടെ ഇടതുപാര്‍ടികള്‍ പ്രക്ഷോഭരംഗത്താണ്. ഇത്തരം നയങ്ങളുടെ കെടുതികള്‍ ഏറെ ബാധിക്കുന്നത് അധ്വാനവര്‍ഗത്തെയാണെന്ന് അനുഭവത്തിലൂടെ ബോധ്യപ്പെട്ട ഐഎന്‍ടിയുസി, ബിഎംഎസ് ഉള്‍പ്പെടെ 11 കേന്ദ്ര തൊഴിലാളി സംഘടനകളും കേന്ദ്രസര്‍ക്കാരിനെതിരെ സിഐടിയുവിനൊപ്പം അണിചേര്‍ന്നു. രാജ്യത്തെ സമസ്ത തൊഴില്‍മേഖലയിലും പ്രക്ഷോഭം പടരുകയാണ്. ബാങ്കിങ് നിയമഭേദഗതിക്ക് എതിരായും ശമ്പളവര്‍ധന ആവശ്യപ്പെട്ടും ബാങ്ക് ജീവനക്കാര്‍ രണ്ടുദിവസം രാജ്യവ്യാപകമായി പണിമുടക്കി. ജോലി സ്ഥിരതയ്ക്കും പങ്കാളിത്ത പെന്‍ഷന് എതിരായും കേന്ദ്രജീവനക്കാര്‍ പ്രക്ഷോഭരംഗത്താണ്. ജീവനക്കാര്‍ ഉന്നയിക്കുന്ന ഒരാവശ്യംപോലും അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. കരാര്‍ തൊഴിലാളികള്‍ക്ക് സ്ഥിരം ജീവനക്കാര്‍ക്കു തുല്യമായ വേതനവും മറ്റ് ആനുകൂല്യങ്ങളും നല്‍കണമെന്ന ഇന്ത്യന്‍ ലേബര്‍ കോണ്‍ഗ്രസിന്റെ 2010ലെ തീരുമാനം നടപ്പാക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമല്ല. ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ പോരാട്ടം കൂടുതല്‍ ശക്തമാക്കണമെന്നും പി കെ ഗുരുദാസന്‍ പറഞ്ഞു.

വനിതാസംവരണബില്ലിനെ എതിര്‍ക്കാന്‍ ഭരണ-പ്രതിപക്ഷ ഐക്യം: ടി എന്‍ സീമ

കൊല്ലം: സ്ത്രീസമൂഹം നേരിടുന്ന ദുരിതങ്ങളെക്കുറിച്ച് ധാരണയും വേവലാതിയുമില്ലാത്ത സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ടി എന്‍ സീമ പറഞ്ഞു. കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി നടന്ന മഹിളാ സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു സീമ.

വനിതാ സംവരണബില്‍ പാര്‍ലമെന്റില്‍ പാസാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎ സര്‍ക്കാരിനും പ്രതിപക്ഷത്തിനും താല്‍പ്പര്യമില്ല. ബില്ലിനെ തുടക്കം മുതല്‍ ഇടതു പാര്‍ടികള്‍ മാത്രമാണ് അനുകൂലിക്കുന്നത്. തെലുങ്കാന ബില്ലിനെതിരെ പാര്‍ലമെന്റിലുണ്ടായ പ്രതിഷേധവും അക്രമവും വനിതാ സംവരണബില്ലിന്റെ കാര്യത്തില്‍ ഉണ്ടാകാനിടയില്ല. എങ്കിലും വനിതാ സംവരണബില്‍ അവതരിപ്പിക്കില്ലെന്ന ദൃഢ നിശ്ചയത്തിലാണ് സര്‍ക്കാരും പ്രതിപക്ഷവും. സമൂഹത്തിന്റെ പൊതുവായ ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള സമരങ്ങളെ പുച്ഛിക്കുന്ന മനോഭാവം ഇടത്തരക്കാരില്‍ വളര്‍ത്തിയെടുക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമം നടത്തുന്നു. സമരങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയില്‍ പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നു. സമരങ്ങളില്ലാത്ത സംസ്ഥാനങ്ങളില്‍ ജനങ്ങളുടെ പൊതുവെ സ്ത്രീകളുടെ ജീവിത നിലവാരം പരിതാപകരമാണ്. പണാധിപത്യത്തിന് മുന്‍തൂക്കമുള്ള ഭരണവ്യവസ്ഥയില്‍ അസമത്വം രൂക്ഷമാകും. ശക്തമായ പോരാട്ടങ്ങളിലൂടെ മാത്രമെ സ്ത്രീകള്‍ക്കു മാന്യമായ ജീവിതസാഹചര്യം നേടാനാകൂ എന്നും ടി എന്‍ സീമ പറഞ്ഞു.

വിപ്ലവാവേശം പകര്‍ന്ന് വയലാറിന്റെ പാട്ടുകാരി

കൊല്ലം: "പഠിക്കാന്‍ പെണ്ണുങ്ങള്‍ക്ക് അവകാശമില്ലാതിരുന്ന കാലത്തെ കഥയാണ്. ഫീസു കൊടുക്കാന്‍ കാശില്ലാതെ പന്ത്രണ്ടാം വയസ്സില്‍ സ്കൂളില്‍നിന്നു പടിയിറങ്ങേണ്ടിവന്നയാളാണ് ഞാന്‍. ഈ 81-ാം വയസ്സിലും ഇതുപോലുള്ള സമ്മേളനങ്ങള്‍ ആവേശമാണെനിക്ക്. അവകാശങ്ങള്‍ക്കായി പോരാടുന്ന പെണ്ണുങ്ങള്‍ക്കൊപ്പം ശബ്ദംകൊണ്ടും മനസ്സുകൊണ്ടും എന്നും ഞാനുണ്ട്"- പ്രായം തളര്‍ത്താത്ത സമരാവേശമായി വയലാറിന്റെ വിപ്ലവഗായിക പി കെ മേദിനി കെഎസ്ടിഎ സംസ്ഥാനസമ്മേളനത്തിനെത്തി. സമ്മേളനത്തിന്റെ ഭാഗമായി ശനിയാഴ്ച നടന്ന വനിതാസമ്മേളനത്തില്‍ മേദിനിയെ ഉപഹാരം നല്‍കി ആദരിച്ചു. സി കേശവന്‍ സ്മാരക ടൗണ്‍ഹാള്‍ തിങ്ങിനിറഞ്ഞ അധ്യാപക സദസ്സ് കരഘോഷത്തോടെ മേദിനിയെ വരവേറ്റു.

കേരളത്തിന്റെ ചുവന്ന മനസ്സ് എന്നും ഏറ്റുപാടുന്ന "റെഡ് സല്യൂട്ട്... റെഡ് സല്യൂട്ട്, രക്തസാക്ഷി ഗ്രാമങ്ങളേ... പുന്നപ്ര വയലാര്‍ ഗ്രാമങ്ങളേ..." എന്ന പാട്ടുപാടി മേദിനി സമ്മേളനത്തെ ആവേശഭരിതമാക്കി. നാടിനെ മാറ്റിമറിച്ച ചുവന്നകാലത്തിന്റെ ഓര്‍മകള്‍ ശബ്ദവീചികളായി ഒഴുകിയെത്തി. തുടര്‍ന്ന് സഖാവ് പി കൃഷ്ണപിള്ള ആലപ്പുഴ മുഹമ്മയിലെ വീട്ടില്‍ ഒളിവില്‍കഴിഞ്ഞ കാലത്തെ ഓര്‍മകള്‍ മേദിനി പങ്കുവച്ചു. പണാധിപത്യത്തിന്റെ ഇന്നത്തെ കാലത്ത് ഐതിഹാസികമായ പുന്നപ്ര- വയലാര്‍ സമര പശ്ചാത്തലം പുതിയ തലമുറ മനസ്സിലാക്കണം. പോരാടാനുള്ള മനസ്സ് സ്ത്രീകള്‍ ആര്‍ക്കും പണയപ്പെടുത്തരുത്" - മേദിനി പറഞ്ഞു. പി കൃഷ്ണപിള്ളയുടെ ജീവിതത്തെ ആധാരമാക്കിയ "കനല്‍വഴികളില്‍" എന്ന സിനിമയില്‍ പാടിയ "മനസ്സ് നന്നാവട്ടെ, മതമേതെങ്കിലുമാകട്ടെ..." എന്ന ഗാനം ആലപിച്ച് മേദിനി സദസ്സിന് അഭിവാദ്യം അര്‍പ്പിച്ചു. പി കെ മേദിനിക്ക് മേയര്‍ പ്രസന്ന ഏണസ്റ്റ് ഉപഹാരം നല്‍കി. വനിതാസമ്മേളനം ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ടി എന്‍ സീമ ഉദ്ഘാടനംചെയ്തു.

സനല്‍ ഡി പ്രേം

സര്‍ക്കാരിന്റെ 1000 ദിവസത്തെ സുപ്രധാന നേട്ടം പങ്കാളിത്ത പെന്‍ഷന്‍: പ്രേമചന്ദ്രന്‍

കൊല്ലം: ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയതാണ് യുഡിഎഫ് സര്‍ക്കാരിന്റെ 1000 ദിവസത്തെ സുപ്രധാന നേട്ടമെന്ന് ആര്‍എസ്പി കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. കെഎസ്ടിഎ സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി ഇ എം എസ് നഗറില്‍(കന്റോണ്‍മെന്റ് മൈതാനം) നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രേമചന്ദ്രന്‍.

അധ്യാപകരും ജീവനക്കാരും അടങ്ങുന്ന പൊതുസമൂഹത്തെ സര്‍ക്കാര്‍ പരസ്യമായി വെല്ലുവിളിക്കുകയാണ്. തൊഴിലെടുക്കുന്ന ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ കവരുന്നത് ആഗോളവല്‍ക്കരണനയങ്ങളുടെ ഭാഗമായാണ്. വിദ്യാഭ്യാസ മേഖലയെ വാണിജ്യവല്‍ക്കരിക്കാന്‍ ത്വരിതഗതിയിലുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഒരു അണ്‍ എയ്ഡഡ് സ്കൂളിനുപോലും അംഗീകാരംനല്‍കിയില്ല. പല കോണുകളില്‍നിന്നുള്ള സമ്മര്‍ദങ്ങളുണ്ടായിട്ടും സര്‍ക്കാര്‍ വഴങ്ങിയില്ല. സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് പ്രഥമ പരിഗണന നല്‍കി. ലാഭകരമല്ലെന്നു പറഞ്ഞ് യുഡിഎഫ് സര്‍ക്കാര്‍ പൂട്ടാന്‍ തീരുമാനിച്ച പൊതുവിദ്യാലയങ്ങളുടെ നിലവാരം എല്‍ഡിഎഫ് സര്‍ക്കാര്‍ ഉയര്‍ത്തി സ്വകാര്യ സ്കൂളുകളോട് മത്സരിക്കാന്‍പോന്ന വിധത്തിലാക്കി. പൊതു വിദ്യാഭ്യാസം സാധാരണക്കാരന്റെ ജീവിതപ്രശ്നമാണെന്ന കാഴ്ചപ്പാടാണ് എല്‍ഡിഎഫിന്.

സംസ്ഥാനത്ത് അഞ്ഞൂറോളം അണ്‍ എയ്ഡഡ് സ്കൂളുകള്‍ ഉണ്ടായിരുന്നിടത്ത് രണ്ടേമുക്കാല്‍ വര്‍ഷത്തെ യുഡിഎഫ് ഭരണത്തിനിടെ എണ്ണം 1200 ആയി. വിദ്യാഭ്യാസമേഖലയിലെ നിസ്സാരകാര്യങ്ങളില്‍പോലും മുസ്ലിംലീഗിന്റെ സങ്കുചിത രാഷ്ട്രീയതാല്‍പ്പര്യം അടിച്ചേല്‍പ്പിക്കുന്നു. കോണ്‍ഗ്രസ് എ ഗ്രൂപ്പുകാര്‍ ദ്രോഹിക്കുന്നെന്ന് എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പത്രസമ്മേളനംനടത്തി പറഞ്ഞു. കൊല്ലം കലക്ടര്‍ കെപിസിസി പ്രസിഡന്റിനെ ഷാള്‍ അണിയിച്ചു. കേരള സര്‍വകലാശാല രജിസ്ട്രാര്‍ ആയിരുന്നപ്പോള്‍ ലക്ഷങ്ങളുടെ വെട്ടിപ്പു നടത്തിയയാളെ എസ്സിഇആര്‍ടി ഡയറക്ടറാക്കി. ഉമ്മന്‍ചാണ്ടി ഭരണത്തില്‍ സമസ്തമേഖലയിലും അഴിമതി കൊടികുത്തി വാഴുകയാണെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. എല്ലാ മേഖലയിലും കോര്‍പറേറ്റുവല്‍ക്കരണം നടപ്പാക്കുന്ന ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ പൊതുവിദ്യാഭ്യാസത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്ന് ജി എസ് ജയലാല്‍ എംഎല്‍എ പറഞ്ഞു.

No comments:

Post a Comment