Thursday, February 6, 2014

സോണിയയെയും പട്ടേലിനെയും സംരക്ഷിച്ച് ആന്റണി

അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതി ഇടപാടില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ് പട്ടേലിനെയും സംരക്ഷിച്ച് പ്രതിരോധമന്ത്രി എ കെ ആന്റണി. അഴിമതിക്കാരെ പരസ്യമായി സംരക്ഷിച്ച് രാജ്യസഭയില്‍ ബുധനാഴ്ച ആന്റണി നടത്തിയ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷ പാര്‍ടികള്‍ രംഗത്തുവന്നതോടെ നടപടികള്‍ സ്തംഭിച്ചു. ഇടനിലക്കാരനായ ക്രിസ്ത്യന്‍ മൈക്കല്‍ അഗസ്റ്റ കമ്പനിയുടെ ഇന്ത്യന്‍ മേധാവിക്ക് അയച്ച ഫാക്സ് സന്ദേശത്തില്‍ പണം നല്‍കേണ്ടവരുടെ പട്ടികയില്‍ പറയുന്ന ഫാം എന്ന ഇനീഷ്യല്‍ സോണിയ ഗാന്ധിയുടെ ഫാമിലി അല്ലെങ്കില്‍ കുടുംബമല്ലെന്നും എ പി എന്ന ഇനീഷ്യല്‍ അഹമദ് പട്ടേല്‍ അല്ലെന്നും സമര്‍ഥിക്കാനാണ് ആന്റണി ശ്രമിച്ചത്. ഇറ്റലിയിലെ മിലാനിലുള്ള കോടതിയില്‍ ഇടനിലക്കാരനായ ഗിഡോ ഹാഷ്ക്കെയെ വിസ്തരിച്ചപ്പോള്‍ പ്രോസിക്യൂട്ടര്‍മാരാണ് ക്രിസ്ത്യന്‍ മൈക്കലിന്റെ കുറിപ്പ് പുറത്തുവിട്ടത്. അഗസ്റ്റയുടെ ഇന്ത്യന്‍ മേധാവിക്ക് ക്രിസ്ത്യന്‍ മൈക്കല്‍ അയച്ച ഫാക്സ് സന്ദേശത്തിന്റെ പകര്‍പ്പാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത കുറിപ്പെന്ന് ഹാഷ്ക്കെ വിസ്താരത്തില്‍ സമ്മതിച്ചിരുന്നു.

ഇറ്റാലിയന്‍ കോടതിയിലെ വിസ്താരത്തിന്റെ പരിഭാഷ പൂര്‍ണമായി പ്രതിരോധ മന്ത്രാലയത്തിന് ലഭിച്ചിട്ടുണ്ടെന്ന് ആന്റണി പ്രസ്താവനയില്‍ പറഞ്ഞു. ഇറ്റാലിയന്‍ അധികൃതരാണ് വിസ്താരത്തിന്റെ വിശദാംശങ്ങള്‍ അയച്ചുതന്നത്. ആരുടെയും ഒപ്പില്ലാത്ത ഒരു കൈയെഴുത്തുപ്രതിയാണ് ലഭിച്ചിരിക്കുന്നത്. അതില്‍ എഎഫ്, ബിയുആര്‍, പിഓഎല്‍ എന്നീ കുറിപ്പുകളുണ്ട്. പിഓഎലിന് താഴെയാണ് എ പി എന്ന ഇനീഷ്യല്‍. ഫാം എന്ന ഇനീഷ്യലുമുണ്ട്. ഫാം എന്നതിന്റെ അര്‍ഥമെന്തെന്ന് വിസ്താരത്തിനിടെ പ്രോസിക്യൂട്ടര്‍മാര്‍ ഹാഷ്ക്കെയോട് ചോദിക്കുന്നുണ്ട്. ഫാം എന്നാല്‍ കുടുംബം എന്നാണ് അര്‍ഥമെന്ന് മറുപടി നല്‍കി. എന്നാല്‍, മറ്റൊരു ചോദ്യത്തിന് ത്യാഗി (മുന്‍ വ്യോമസേനാ മേധാധി എസ് പി ത്യാഗി) സഹോദരന്മാരുടെ കുടുംബത്തിന് നല്‍കാനുള്ളത് എന്ന് പ്രതികരിക്കുന്നുണ്ട്. ഫാം എന്നാല്‍ ഭരണകുടുംബം അതല്ലെങ്കില്‍ സോണിയാ കുടുംബം എന്ന തരത്തിലാണ് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നത്. എ പി എന്ന ഇനീഷ്യല്‍ എന്താണെന്നും പ്രോസിക്യൂട്ടര്‍മാര്‍ ചോദിക്കുന്നുണ്ട്. എന്താണ് അതിന്റെ അര്‍ഥമെന്ന് തനിക്ക് അറിയില്ലെന്നാണ് ഹാഷ്ക്കെയുടെ മറുപടി. ഇടപാടിനു പിന്നില്‍ 360 കോടി രൂപയുടെ അഴിമതി നടന്നുവെന്ന് വാര്‍ത്തകള്‍ വന്ന ഘട്ടത്തില്‍തന്നെ സിബിഐ അന്വേഷണത്തിന് നിര്‍ദേശിച്ചിരുന്നു. 2013 ഫെബ്രുവരിയില്‍ കേസെടുക്കുകയുംചെയ്തു. മുന്‍ വ്യോമസേനാ മേധാവി എസ് പി ത്യാഗി ഉള്‍പ്പെടെ 18 പേര്‍ക്കെതിരെയും ചില കമ്പനികള്‍ക്കെതിരെയുമാണ് കേസ്. മിലാനിലെ ബിസ്റ്റോ അരിസിയോ കോടതിയിലാണ് കേസ് നടക്കുന്നത്. 2013 ജൂണ്‍ 19 ന് കോടതി നടപടികള്‍ ആരംഭിച്ചു. പ്രതിരോധ മന്ത്രാലയം കക്ഷിചേര്‍ന്നിട്ടുമുണ്ട്. രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ ഈ വര്‍ഷം ജനുവരി ഒന്നിന് അഗസ്റ്റ കരാര്‍ റദ്ദാക്കി. ബാങ്ക് ഗ്യാരന്റികള്‍ തിരിച്ചുപിടിക്കുന്നതിനും മറ്റുമുള്ള നടപടികള്‍ തുടരുകയാണ്- ആന്റണി പറഞ്ഞു. പ്രസ്താവനയില്‍ സംശയങ്ങള്‍ ഉന്നയിക്കുന്നതിന് അവസരം നല്‍കണമെന്ന് പ്രതിപക്ഷ പാര്‍ടികള്‍ ആവശ്യപ്പെട്ടെങ്കിലും ആന്റണി തയ്യാറായില്ല. ഇതോടെ സഭയില്‍ ബഹളമായി. തുടര്‍ന്ന് സഭാധ്യക്ഷന്‍ പി ജെ കുര്യന്‍ നടപടികള്‍ അവസാനിപ്പിച്ചു.

deshabhimani

No comments:

Post a Comment