Thursday, February 6, 2014

സാമ്പത്തിക സ്ഥിതി എങ്ങിനെ പരുങ്ങലിലായി:പിണറായി

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി എങ്ങിനെ പരുങ്ങലിലായിയെന്ന് യുഡിഎഫ് സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കേരള രക്ഷാമാര്‍ച്ചിന്റെ ആറാം ദിനത്തില്‍ വെഞ്ഞാറമൂട് വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു പിണറായി. സാമ്പത്തിക സ്ഥിതി പരുങ്ങലിലാണെന്നാണ് ധനഅവലോകന കമ്മിറ്റിയുടെ വിലയിരുത്തലുണ്ടായിട്ടുള്ളത്. ഇത് എങ്ങിനെ സംഭവിച്ചു.

എല്‍ഡിഎഫ് ഭരണത്തില്‍നിന്ന് ഇറങ്ങിപോരുമ്പോള്‍ ഖജനാവ് നല്ല ബലത്തിലായിരുന്നു.ഇപ്പോള്‍ കരാറുകാര്‍ക്കുമാത്രം കുടിശിക 1600 കോടി രൂപയാണ്. ക്ഷേമപെന്‍ഷനുകളും മുടങ്ങി. എന്നും യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ക്ഷേമപെന്‍ഷന്‍ മുടക്കും. വളരെ പാവപ്പെട്ടവരാണ് ക്ഷേമപെന്‍ഷന്‍ വാങ്ങുന്നത്.ഇത്തവണത്തെ ബജറ്റിലും വലിയ നികുതി ഭാരമാണുള്ളത്്. ഇത്രയധികം നികുതി ഒരു ബജറ്റിലും ഉണ്ടായിട്ടില്ല.

നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യിക്കുവാനായി കോണ്‍ഗ്രസിലെ ഉന്നതരും ആര്‍എംപിയും തമ്മില്‍ ഗൂഢാലോചന നടന്നുവെന്ന് തെളിഞ്ഞു. നേരിട്ട് സിബിഐ അന്വേഷണം സാധ്യമാകില്ലെന്നും സര്‍ക്കാര്‍ നിയമവിരുദ്ധമായ കാര്യങ്ങളാണ് നടത്തുവാന്‍ ശ്രമിക്കുന്നതെന്നുമാണ് തങ്ങള്‍ മുമ്പും ചൂണ്ടി കാണിച്ചത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രമ നടത്തുന്ന സമരപന്തലിലെത്തിയ മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞത് രമയുടെ ആഗ്രഹം സഫലമാകുമെന്നാണ്. തിരുവഞ്ചൂര്‍ സന്ന്യാസിവര്യനാണല്ലോ ഇത്തരത്തില്‍ അനുഗ്രഹം നല്‍കാന്‍. കേന്ദ്ര ആഭ്യന്തര മുല്ലപ്പള്ളി ചോദിക്കുന്നത് എന്തുകൊണ്ട് സിബിഐ അന്വേഷിക്കുന്നില്ല എന്നാണ്. കെ സുധാകരനും വി എം സുധീരനുമെല്ലാം സിബിഐ അന്വേഷണം വേണമെന്ന ആവശ്യക്കാരാണ്. ഇവരൊന്നും മണ്ടന്‍മാരാണെന്ന് പറയാനാവില്ലല്ലോ.

അതിനാലാണ് തെറ്റായ നീക്കങ്ങള്‍ക്ക് വേണ്ടി നടത്തിയ ഗൂഢാലോചനയാണ് സിബിഐയുടെ പേരില്‍ നടക്കുന്നതെന്ന് പറയുന്നത്. സര്‍ക്കാരിനെ തെറ്റായ വഴിയില്‍ ചലിപ്പിക്കാന്‍ ആര്‍എംപിയും കോണ്‍ഗ്രസും ഒത്തുകളിക്കുകയാണ്.

ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് പെന്‍ഷന്‍ ഫണ്ടിലേക്ക് തുക പിടിക്കുന്നത്. ഒരു തുടക്കമാണ്. ഭാവിയില്‍ എല്ലാ ജീവനക്കാരേയും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താനാണിത്. പെന്‍ഷന്‍പ്രായം 58 ആക്കണമെന്ന നിര്‍ദേശവും വന്നിട്ടുണ്ട് . കേരളത്തിെന്‍റ സവിശേഷമായ സാഹചര്യത്തില്‍ നിരവധി യുവാക്കള്‍ തൊഴില്‍ രഹിതരായുണ്ട്. അവര്‍ക്കിത് ഗുണകരമാകില്ല. തൊഴിലുറപ്പ് പദ്ധതിയിലും 221 കോടി രൂപ കുടിശികയുണ്ട് . ധാരാളം പാവപ്പെട്ടവര്‍ ആശ്രയിക്കുന്നത് തൊഴിലുറപ്പ് പദ്ധതിയെയാണ്. അവരുടെ തൊഴിലും നഷ്ടപ്പെടാനിടയാക്കും. ആധാരുമായി ബന്ധിച്ചവര്‍ക്ക് പാചകവാതകത്തിന് സബ്സിഡി ലഭിക്കാത സാഹചര്യമാണ് ഇപ്പോഴുള്ളത്. അവര്‍ സിലിണ്ടറിന് 1194 രൂപ കൊടുക്കണം. എന്നാല്‍ ആധാരുമായി ബന്ധിപ്പിക്കാത്തവര്‍ 441 രൂപ നല്‍കിയാല്‍ മതി. ഇതൊന്നും ക്രമപ്പെടുത്താന്‍ നടപടിയില്ലെന്നും പിണറായി പറഞ്ഞു.

deshabhimani

No comments:

Post a Comment