Thursday, February 13, 2014

കല്ലിലൊതുങ്ങും കോച്ച്ഫാക്ടറി

തറക്കല്ലിട്ട് രണ്ടു വര്‍ഷം പിന്നിട്ടിട്ടും പാലക്കാട് കോച്ച് ഫാക്ടറിയെക്കുറിച്ച് ബജറ്റില്‍ മിണ്ടാട്ടമില്ല. കേരളത്തിന് വന്‍പ്രതീക്ഷയായിരുന്ന ഫാക്ടറി ഇതോടെ ശിലാഫലകത്തില്‍ ഒതുങ്ങുമെന്ന് ഏതാണ്ട് ഉറപ്പായി. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് പാലക്കാട് റെയില്‍വേ ഡിവിഷന്‍ വെട്ടിമുറിച്ച് സേലം ഡിവിഷന്‍ രൂപീകരിച്ചപ്പോള്‍ കോച്ച് ഫാക്ടറി സ്ഥാപിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 900 ഏക്കറില്‍ വലിയ ടൗണ്‍ഷിപ്പ് ഉള്‍പ്പെടെയാണ് റെയില്‍വേ മന്ത്രി ലാലു പ്രസാദ് യാദവ് പദ്ധതി പ്രഖ്യാപിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ഫാക്ടറിക്കായി 430 ഏക്കര്‍ ഏറ്റെടുത്ത് റെയില്‍വേക്ക് കൈമാറി. എന്നാല്‍, രണ്ടാം യുപിഎ സര്‍ക്കാര്‍ പദ്ധതി അട്ടിമറിച്ചു. ജനകീയ പ്രക്ഷോഭവും എം ബി രാജേഷ് എംപിയുടെ ശക്തമായ ഇടപെടലും ഉണ്ടായതോടെ തറക്കല്ലിടാന്‍ സര്‍ക്കാര്‍ തയ്യാറായി. എന്നാല്‍, ബജറ്റില്‍ പണം നീക്കിവയ്ക്കാതായതോടെ പദ്ധതി ജനവഞ്ചനയായിരുന്നുവെന്ന് വ്യക്തമാവുകയാണ്.

സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി ഏറ്റെടുത്തു നല്‍കിയ സ്ഥലത്തില്‍ 239 ഏക്കര്‍ റെയില്‍വേ വില കൊടുത്തുവാങ്ങിയിരുന്നു. 2012 ഫെബ്രുവരി 21ന് പാലക്കാട് കോട്ടമൈതാനിയില്‍ നടന്ന ചടങ്ങിലാണ് ഫാക്ടറിക്ക് കല്ലിട്ടത്. ആറുമാസത്തിനകം ആഗോള ടെന്‍ഡര്‍ വിളിച്ച് കമ്പനി രൂപീകരിച്ച് നിര്‍മാണം തുടങ്ങുമെന്ന് ചടങ്ങില്‍ റെയില്‍വേ മന്ത്രി ദിനേശ് ത്രിവേദി പ്രഖ്യാപിക്കുകയുംചെയ്തു. പിറവം ഉപതെരഞ്ഞെടുപ്പില്‍ രാഷ്ട്രീയനേട്ടമുണ്ടാക്കാന്‍ മാത്രമായിരുന്നു കല്ലിടല്‍ നാടകമെന്ന് പിന്നീട് തെളിഞ്ഞു. 2012ലെ റെയില്‍ ബജറ്റില്‍ പദ്ധതി സ്വകാര്യമേഖലയില്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും തുടര്‍നടപടിയുണ്ടായില്ല. എം ബി രാജേഷ് ഉള്‍പ്പെടെയുള്ള ഇടതുപക്ഷ എംപിമാര്‍ പാര്‍ലമെന്റില്‍ പലവട്ടം കോച്ച് ഫാക്ടറിക്കായി ശബ്ദമുയര്‍ത്തി. എന്നാല്‍, കേരളത്തിലെ എട്ട് കേന്ദ്രമന്ത്രിമാരില്‍ ആരും ഫാക്ടറിക്കായി സമ്മര്‍ദം ചെലുത്തിയില്ല. ഇതിനിടെ 94.85 ഏക്കര്‍ വനഭൂമികൂടി നല്‍കിയാലേ പദ്ധതി ഏറ്റെടുക്കൂവെന്ന് റെയില്‍വേ അറിയിച്ചു. പദ്ധതി ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യം. പാലക്കാടിനൊപ്പം അനുവദിച്ച റായ്ബറേലി കോച്ച്ഫാക്ടറി ഉദ്ഘാടനം കഴിഞ്ഞിട്ട് മാസങ്ങളായെന്നത് കേരളത്തോടുള്ള അവഗണനയുടെ സാക്ഷ്യപത്രം. എം ബി രാജേഷ് എംപി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയിലെ അധികൃതരുമായി ചര്‍ച്ച ചെയ്തു. ഫാക്ടറി ഏറ്റെടുക്കാന്‍ അവര്‍ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും റെയില്‍വേയും കേന്ദ്രസര്‍ക്കാരും ഉരുണ്ടുകളിച്ചു. സ്വകാര്യമേഖലയില്‍ കോച്ച്ഫാക്ടറിക്ക് ആഗോളടെന്‍ഡര്‍ വിളിക്കാന്‍ തീരുമാനിച്ചു. എന്നാല്‍, ഒരു കമ്പനിയും ടെന്‍ഡര്‍ നല്‍കിയില്ല. പദ്ധതി അട്ടിമറിക്കാനുള്ള നീക്കമായിരുന്നു ഇതിനുപിന്നിലും.

ലാഭം മാത്രം ലക്ഷ്യമിട്ട് റെയില്‍വേ

റെയില്‍വേ പ്രധാനമായും ഒരു വാണിജ്യസംഘടനയാണെന്ന് ബജറ്റ് പ്രസംഗത്തില്‍ ഊന്നിപ്പറയുന്നത് റെയില്‍വേ മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ്. ലോക്സഭയില്‍ അവതരിപ്പിച്ച ഖാര്‍ഗെയുടെ കന്നി ബജറ്റിന്റെ സ്വഭാവം വ്യക്തമാകുന്നതാണ് ബജറ്റ് പ്രസംഗത്തിലെ ആറാം പേജിലുള്ള ഈ പരാമര്‍ശം. പട്ടിണിപ്പാവങ്ങള്‍വരെ ആശ്രയിക്കുന്ന റെയില്‍വേ ഇനി കൂടുതല്‍ പണം കൊടുക്കുന്നവര്‍ക്ക് മാത്രമുള്ളതാണെന്ന സന്ദേശമാണ് ഖാര്‍ഗെ നല്‍കുന്നത്. യാത്ര-ചരക്ക് ഗതാഗതം കമ്പോളാധിഷ്ഠിതമായിരിക്കുമെന്നും വളച്ചുകെട്ടില്ലാതെ മന്ത്രി പറഞ്ഞു. സാമൂഹ്യബാധ്യതകള്‍ മറന്ന് ലാഭം ലക്ഷ്യമാക്കുന്ന സ്ഥാപനമായി റെയില്‍വേ മാറുകയാണ്. കമ്പോളവല്‍ക്കരണത്തിനുള്ള നടപടികളാണ് ഇടക്കാല ബജറ്റായിട്ടുപോലും മുന്നോട്ടുവയ്ക്കുന്നത്. പ്രധാനം താരീഫ് അതോറിറ്റിയുടെ രൂപീകരണമാണ്. കമ്പോളശക്തികളുടെ സമ്മര്‍ദത്തിന് വഴങ്ങി യാത്ര-ചരക്ക് കൂലി ഇടവിട്ട് വര്‍ധിപ്പിക്കുന്നതിനാണ് റെയില്‍ താരീഫ് അതോറിറ്റി വരുന്നത്. ടെലികോം മേഖലയിലെ ട്രായ് പോലുള്ള സംവിധാനമാണിത്. പെട്രോള്‍-ഡീസല്‍ വിലവര്‍ധന പോലെ റെയില്‍വേ കൂലിയും വര്‍ധിപ്പിക്കും. റെയില്‍വേയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ താല്‍പ്പര്യങ്ങള്‍ കൂടി റെയില്‍ താരീഫ് അതോറിറ്റി പരിഗണിക്കുമെന്ന് ഖാര്‍ഗെ പറയുന്നതിന്റെ അര്‍ഥം ഇതാണ്. 80 ശതമാനവും സ്ലീപ്പര്‍ ക്ലാസ് യാത്രക്കാരാണ്. എണ്ണവിലയ്ക്ക് അനുപാതമായി ചരക്ക് കൂലിയും വര്‍ധിക്കുമെന്നും ബജറ്റ് വ്യക്തമാക്കുന്നു. അവശ്യസാധന വില ഇനിയും കുത്തനെ കൂടും.

പുതുതായി പ്രഖ്യാപിച്ച 72 തീവണ്ടികളില്‍ 17 എണ്ണം പ്രീമിയം ട്രെയിനുകളാണ്. വിമാനടിക്കറ്റുപോലെ യാത്രാതീയതി അടുക്കുന്തോറും യാത്രക്കൂലി ഉയരുന്ന ട്രെയിനാണിത്. ഡല്‍ഹി-മുംബൈ റൂട്ടിലുള്ള ഈ തീവണ്ടി വന്‍ വരുമാനമാണ് നല്‍കുന്നതെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് 17 ട്രെയിനുകളില്‍ ഈ യാത്രക്കൂലി നിരക്ക് നടപ്പാക്കുന്നത്. തത്ക്കാലിനെക്കാള്‍ ചാര്‍ജ് കൂടുതലാണ് ഈ ട്രെയിനുകളില്‍. ജനപ്രിയ ട്രെയിനുകളെ ഭാവിയില്‍ പ്രീമിയം ട്രെയിനുകളാക്കും. യുപിഎ സര്‍ക്കാരിന്റെ മുന്‍ ബജറ്റുകളെപോലെ പിപിപി മാതൃകയ്ക്കാണ് ബജറ്റില്‍ ഊന്നല്‍. റോളിങ് സ്റ്റോക്ക്, നിര്‍മാണ യൂണിറ്റുകള്‍, റെയില്‍വേ സ്റ്റേഷനുകളുടെ ആധുനികവല്‍ക്കരണം, ചരക്ക് ഗതാഗത ടെര്‍മിനലുകളുടെ പ്രവര്‍ത്തനം, ചരക്ക് തീവണ്ടികളുടെ സര്‍വീസ് എന്നിവയെല്ലാം പൊതു-സ്വകാര്യ പങ്കാളിത്തത്തിന് വിട്ടുകൊടുക്കുകയാണ്. പശ്ചാത്തലസൗകര്യങ്ങള്‍ ലോകോത്തരമാക്കുന്നതിന് വിദേശനിക്ഷേപം സ്വീകരിക്കുമെന്നും ഖാര്‍ഗെ പറയുന്നു. അതിവേഗ ട്രെയിന്‍ സര്‍വീസ് വിദേശകമ്പനികള്‍ക്ക് നല്‍കാനാണ് അണിയറനീക്കം. സുരക്ഷ വര്‍ധിപ്പിക്കാന്‍ പേരിന് ചില നടപടികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സാങ്കേതികജീവനക്കാരില്ല. നിലവിലുള്ള രണ്ടരലക്ഷം ഒഴിവുകള്‍ നികത്താനും നടപടിയൊന്നുമില്ല.

യാത്രക്കാരെ പിഴിയാന്‍ പ്രീമിയം ട്രെയിനുകള്‍

ന്യൂഡല്‍ഹി: ജയ്ഹിന്ദ് എന്ന പേരില്‍ പ്രഖ്യാപിച്ച പുതിയ പ്രീമിയം എസി എക്സ്പ്രസ് ട്രെയിനുകള്‍ റെയില്‍വേയുടെ വിപണിവല്‍ക്കരണത്തിന് പുതിയ ഉദാഹരണമാകുന്നു. തിരക്കനുസരിച്ചാകും നിരക്ക് നിശ്ചയിക്കല്‍. ടിക്കറ്റ് റിസര്‍വേഷന് ഹ്രസ്വമായ സമയമേ ഉണ്ടാകൂ. സീസണ്‍ സമയങ്ങളില്‍ വന്‍നിരക്ക് ഈടാക്കും. ഡല്‍ഹി-മുംബൈ റൂട്ടില്‍ കഴിഞ്ഞ ബജറ്റില്‍ പ്രീമിയം ട്രെയിന്‍ പ്രഖ്യാപിച്ചിരുന്നു. ഈ റൂട്ടിലെ വന്‍സാമ്പത്തികനേട്ടം കണക്കിലെടുത്താണ് കൂടുതല്‍ റൂട്ടിലേക്ക് വ്യാപിപ്പിക്കുന്നത്. തിരുവനന്തപുരം-ബംഗളൂരു ഉള്‍പ്പെടെ 17 ജയ്ഹിന്ദ് പ്രീമിയം ട്രെയിനാണ് പ്രഖ്യാപിച്ചിട്ടുള്ളത്. രാജധാനി ട്രെയിനുകളേക്കാള്‍ 48 ശതമാനം അധികവരുമാനമാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്.ഉയര്‍ന്ന ക്ലാസില്‍ ഒഴിഞ്ഞ സീറ്റുണ്ടെങ്കില്‍ വെയിറ്റിങ് ലിസ്റ്റിലുള്ള താഴ്ന്ന ക്ലാസിലെ യാത്രക്കാര്‍ക്ക് അനുവദിക്കുന്നത് സെക്കന്‍ഡ് ക്ലാസ്, എസി ചെയര്‍കാര്‍, എക്സിക്യൂട്ടീവ് ചെയര്‍കാര്‍ വിഭാഗങ്ങളിലേക്കും വ്യാപിപ്പിക്കും. ബയോ ടോയ്ലെറ്റ് സംവിധാനം വ്യാപിപ്പിക്കും. ആഗ്ര, ജയ്പുര്‍ സ്റ്റേഷനുകളില്‍ ഗ്രീന്‍കര്‍ട്ടന്‍ പദ്ധതി നടപ്പാക്കും.

മൊബൈല്‍വഴി ടിക്കറ്റെടുക്കാം

ന്യൂഡല്‍ഹി: റെയില്‍വേ സേവനങ്ങള്‍ കൂടുതല്‍ നൂതനമാക്കുന്നതിന് വിവരസാങ്കേതികവിദ്യ കൂടുതലായി പ്രയോജനപ്പെടുത്തുമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. പണമിട്ട് ടിക്കറ്റെടുക്കാവുന്ന ഓട്ടോമാറ്റിക്ക് ടിക്കറ്റ് വെന്‍ഡിങ് മെഷീനുകള്‍, റിസര്‍വേഷന്‍ ആവശ്യമില്ലാത്ത മേഖലകളില്‍ മൊബൈല്‍ ഫോണ്‍വഴി ടിക്കറ്റെടുക്കല്‍ എന്നിവ നടപ്പാക്കും. എസ്എംഎസ് വഴി പിഎന്‍ആര്‍ സ്ഥിതിവിവരം യാത്രക്കാരെ അറിയിക്കും. ട്രെയിനിന്റെ കൃത്യസമയവും മൊബൈലില്‍ സന്ദേശമായെത്തും. പ്രധാനപ്പെട്ട സ്റ്റേഷനുകളില്‍ വിശ്രമമുറികള്‍ ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യാം. തെരഞ്ഞെടുത്ത റൂട്ടുകളില്‍ ഭക്ഷണത്തിനും ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം ഏര്‍പ്പെടുത്തും.

പ്രഖ്യാപനങ്ങളുടെ ആവര്‍ത്തനം മാത്രം

ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാരിന്റെ അവസാന റെയില്‍ ബജറ്റിലെ പല പ്രഖ്യാപനങ്ങളും കഴിഞ്ഞ ബജറ്റിന്റെ ആവര്‍ത്തനംമാത്രം. കഴിഞ്ഞ രണ്ടു ബജറ്റിലായി പ്രഖ്യാപിക്കുന്ന ചരക്ക് ഇടനാഴി, അതിവേഗ ട്രെയിനുകള്‍ എന്നിവ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ആവര്‍ത്തിച്ചിട്ടുണ്ട്. മണിക്കൂറില്‍ 160-200 കിലോമീറ്റര്‍ വേഗമുള്ള ട്രെയിനുകളും പ്രഖ്യാപിച്ചിട്ടുണ്ട്. കിഴക്കന്‍ ചരക്ക് ഇടനാഴിയും പടിഞ്ഞാറന്‍ ചരക്ക് ഇടനാഴിയും പുരോഗമിക്കുന്നതായി ഖാര്‍ഗെ അവകാശപ്പെട്ടു. 1100 കിലോമീറ്റര്‍ സിവില്‍ നിര്‍മാണജോലികള്‍ക്ക് കരാര്‍ നല്‍കിയിട്ടുണ്ട്. 2014-15 വര്‍ഷത്തില്‍ 1000 കിലോമീറ്ററിനുകൂടി കരാര്‍ നല്‍കും. മുംബൈ- അഹമ്മദാബാദ് അതിവേഗ റെയില്‍ ഇടനാഴിയുടെ സാധ്യതാപഠനം തുടരുകയാണ്. 18 മാസത്തിനകം പൂര്‍ത്തീകരിക്കുമെന്ന് ഖാര്‍ഗെ പറഞ്ഞു. ഡല്‍ഹി- ആഗ്ര, ഡല്‍ഹി- ചണ്ഡീഗഢ് പാതകളിലാണ് ഇടത്തരം വേഗതാ ട്രെയിനുകള്‍ ലക്ഷ്യമിടുന്നത്.

സാധാരണക്കാര്‍ക്ക് ഭാരം: സിഐടിയു

ന്യൂഡല്‍ഹി: ഇടക്കാല റെയില്‍വേ ബജറ്റ് രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കുന്നത് നിരാശയെന്ന് സിഐടിയു. റെയില്‍ അതോറിറ്റി രൂപീകരിക്കുന്നത് ചരക്കുകൂലിയും യാത്രാനിരക്കും വിപണിമാറ്റത്തിന് അനുസൃതമായി വര്‍ധനയുണ്ടാകാന്‍ ഇടയാക്കും. ഇത് സാധാരണക്കാരായ യാത്രക്കാര്‍ക്ക് ഭാരമാകും. റെയില്‍ ശൃംഖലയുടെ വിപുലീകരണം, ആധുനികവല്‍ക്കരണം, ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ നികത്തല്‍ തുടങ്ങി എല്ലാ കാര്യങ്ങളിലും ബജറ്റ് പിന്നോക്കം പോയതായും സിഐടിയു അഖിലേന്ത്യാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

നിരാശാജനകം: പി കരുണാകരന്‍

ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാരിന്റെ അവസാന റെയില്‍വേ ബജറ്റ് നിരാശാജനകമാണെന്ന് പി കരുണാകരന്‍ എംപി. ആകെ 72 വണ്ടി പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിന് കിട്ടിയത് മൂന്നെണ്ണംമാത്രമാണ്. പുതിയ പാതകളും പാത ഇരട്ടിപ്പിക്കലും പ്രഖ്യാപിച്ചില്ല. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പലതും നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. തിരുവനന്തപുരം, എറണാകുളം റെയില്‍വേ സ്റ്റേഷനുകള്‍ ആഗോളനിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന പ്രഖ്യാപനം കടലാസില്‍ത്തന്നെയാണ്. കഞ്ചിക്കോട് കോച്ച് ഫാക്ടറിയെക്കുറിച്ചും ചേര്‍ത്തല വാഗണ്‍ ഫാക്ടറിയെക്കുറിച്ചും നിശബ്ദമാണ്. നേരത്തെ പ്രഖ്യാപിച്ച ബോട്ട്ലിങ് പ്ലാന്റ്, നേമത്തെ റിപ്പയറിങ് യാര്‍ഡ് എന്നിവയെക്കുറിച്ചും പരാമര്‍ശമില്ല. കേരളത്തിന് പുതിയ കോച്ചുകള്‍ വേണമെന്ന ആവശ്യവും പരിഗണിച്ചില്ല. റെയില്‍വേനിരക്ക് വിമാനസര്‍വീസിലെന്നപോലെ പരിഷ്കരിക്കേണ്ടി വരുമെന്ന പ്രഖ്യാപനം ഭാവിയില്‍ ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള മുന്‍കൂര്‍ ജാമ്യമെടുക്കലാണ്. പ്രത്യേക സോണുംനിരാകരിക്കപ്പെട്ടു. റെയില്‍വേയുടെ പൊതുപശ്ചാത്തല വികസനത്തിനുവേണ്ടി ഫണ്ട് നീക്കിവയ്ക്കാന്‍ തയ്യാറാകാത്ത ബജറ്റ് തീര്‍ത്തും നിരാശാജനകമാണെന്ന് അദ്ദേഹം പറഞ്ഞു.

deshabhimani

No comments:

Post a Comment