Thursday, February 13, 2014

കെഎസ്ടിഎ സമ്മേളനത്തിന് പ്രൗഢ തുടക്കം

ചെറുകാട് നഗര്‍ (സി കേശവന്‍ സ്മാരക ടൗണ്‍ഹാള്‍, കൊല്ലം): കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍(കെഎസ്ടിഎ) 23-ാം സംസ്ഥാനസമ്മേളനത്തിന് കൊല്ലത്ത് ആവേശനിര്‍ഭരമായ തുടക്കം. "പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക, ജനകീയപോരാട്ടങ്ങള്‍ക്ക് ശക്തി പകരുക" എന്ന മുദ്രാവാക്യമാണ് സമ്മേളനം മുന്നോട്ടുവയ്ക്കുന്നത്. നഗരത്തിലെ സി കേശവന്‍ സ്മാരക ടൗണ്‍ഹാളില്‍ സജ്ജമാക്കിയ ചെറുകാട് നഗറില്‍ വൈകിട്ടു നടന്ന ചടങ്ങില്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നാലുദിവസത്തെ സമ്മേളനത്തില്‍ 1100 പ്രതിനിധികള്‍ പങ്കെടുക്കുന്നു.

ബുധനാഴ്ച രാവിലെ സംസ്ഥാനകൗണ്‍സില്‍ യോഗംചേര്‍ന്നു. പ്രസിഡന്റ് കെ എന്‍ സുകുമാരന്‍ അധ്യക്ഷനായി. സെക്രട്ടറി ടി തിലകരാജ് സ്വാഗതം പറഞ്ഞു. ജനറല്‍ സെക്രട്ടറി എം ഷാജഹാന്‍ പ്രവര്‍ത്തനറിപ്പോര്‍ട്ടും ട്രഷറര്‍ എ കെ ഉണ്ണിക്കൃഷ്ണന്‍ വരവുചെലവു കണക്കും അവതരിപ്പിച്ചു. ഉദ്ഘാടനസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ എന്‍ സുകുമാരന്‍ അധ്യക്ഷനായി. സ്വാഗതസംഘം ചെയര്‍മാന്‍ എസ് ജയമോഹന്‍ സ്വാഗതം പറഞ്ഞു. കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി, സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം കെ വരദരാജന്‍, എഐഎസ്ജിഇഎഫ് ജനറല്‍ സെക്രട്ടറി മുത്തുസുന്ദരം, എസ്ടിഎഫ്ഐ ജനറല്‍ സെക്രട്ടറി കെ രാജേന്ദ്രന്‍, എഫ്എസ്ഇടിഒ ജനറല്‍ സെക്രട്ടറി എ ശ്രീകുമാര്‍, കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവണ്‍മെന്റ് എംപ്ലോയീസ് സെക്രട്ടറി ജനറല്‍ എം കൃഷ്ണന്‍, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ടി പി ബിനീഷ് തുടങ്ങിയവര്‍ സംസാരിച്ചു. വ്യാഴാഴ്ച രാവിലെ 8.30ന് പ്രതിനിധിസമ്മേളനം തുടങ്ങും. പകല്‍ 12ന് കെ ഇ എന്‍ കുഞ്ഞഹമ്മദ് പ്രഭാഷണം നടത്തും. വിദ്യാഭ്യാസ-സാംസ്കാരികസമ്മേളനം വൈകിട്ട് 4.30ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഡോ. തോമസ് ഐസക്കും അധ്യാപകലോകം പുരസ്കാരങ്ങളുടെ വിതരണം കേരള വിദ്യാഭ്യാസസമിതി ചെയര്‍മാന്‍ പ്രൊഫ. നൈാന്‍കോശിയും ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച പകല്‍ 11ന് ട്രേഡ് യൂണിയന്‍ സൗഹൃദസമ്മേളനം സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനംചെയ്യും. മഹിളാസമ്മേളനം പകല്‍ രണ്ടിന് മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി എന്‍ സീമ ഉദ്ഘാടനംചെയ്യും. ആശ്രാമം മൈതാനത്തുനിന്ന് പകല്‍ 3.30ന് പ്രകടനം ആരംഭിക്കും. കന്റോണ്‍മെന്റ് മൈതാനത്തുചേരുന്ന പൊതുസമ്മേളനം എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഉദ്ഘാടനംചെയ്യും.

എം സുരേന്ദ്രന്‍ deshabhimani

No comments:

Post a Comment