Friday, February 14, 2014

ജന്‍ലോക്പാല്‍ ബില്‍ അവതരിപ്പിക്കാനായില്ല

എറെ വിവാദങ്ങള്‍ക്കും ബഹളങ്ങള്‍ക്കുമിടയില്‍ ജന്‍ലോക്പാല്‍ ബില്‍ അവതരിപ്പിക്കാനുള്ള ആം ആദ്മി സര്‍ക്കാരിന്റെ ശ്രമം പരാജയപ്പെട്ടു. ബില്ലവതരിപ്പിച്ചതായി കെജ്രിവാള്‍ അവകാശപ്പെട്ടെങ്കിലും സ്പീക്കര്‍ അംഗീകരിച്ചില്ല. വീണ്ടും ബില്ലവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ബില്ലിനെതിരെ 42 അംഗങ്ങള്‍ എതിര്‍ത്ത് വോട്ടുചെയ്തതോടെയാണ് ഇത്തരം നിലപാട് സ്പീക്കര്‍ക്ക് സ്വീകരിക്കേണ്ടിവന്നത്. ജന്‍ലോക്പാല്‍ ബില്‍ നടപ്പാക്കാന്‍ നിയമപരമായ തടസ്സമുണ്ടെന്ന വ്യക്തമാക്കി ലഫ്. ഗവര്‍ണര്‍ നജീബ് ജംഗ് സപീക്കര്‍ക്കയച്ച കത്ത് അവഗണിച്ചാണ് മുഖ്യമന്ത്രി അരവിന്ദ്് കെജ്രിവാള്‍ ബില്‍ അവതരിപ്പിക്കാനൊരുങ്ങിയതും മേശപ്പുറത്ത് വെച്ചതും. കേന്ദ്ര സര്‍ക്കാരിന്റെയും ഗവര്‍ണറുടെയും അനുമതിയില്ലാത്തതിനാല്‍ നിയമസഭാ സ്പീക്കര്‍ക്കുള്ള പ്രത്യേക അവകാശമുപയോഗിച്ചാണ് ബില്‍ അവതരിപ്പിക്കാനൊരുങ്ങിയത്. ബില്‍ അവതരിപ്പിക്കാനായില്ലെങ്കില്‍ രാജിവെക്കുമെന്നും കെജ്രിവാള്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

പ്രതിപക്ഷമായ ബിജെപിയുടേയും കോണ്‍ഗ്രസ് അംഗങ്ങളുടേയും ബഹളങ്ങള്‍ക്കിടെയാണ് ബില്‍ മേശപ്പുറത്ത് വെച്ചത്. ബില്ലവതരിപ്പിക്കുന്നതിന് മുമ്പ് ആം ആദ്മി അംഗങ്ങള്‍ക്ക് വിപ്പും നല്‍കിയിരുന്നു. 27 ന് എതിരെ 42 വോട്ടുകളാണ് ബില്ലിനെതിരെ ലഭിച്ചത്. ആംആദ്മി സര്‍ക്കാരിനെ പിന്തുണക്കുന്ന കോണ്‍ഗ്രസ് അംഗങ്ങളും ബിജെപി അംഗങ്ങളും സ്വതന്ത്ര അംഗങ്ങളും എതിര്‍ത്ത് വോട്ടുചെയ്യുകയായിരുന്നു. എന്നാല്‍ ബില്ല് നിയമസഭയില്‍ അവതരിപ്പിക്കുന്നതിനു സ്വീകരിക്കേണ്ട സാങ്കേതിക നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ പാലിച്ചിരുന്നില്ലെന്ന് പറയുന്നു. വെള്ളിയാഴ്ചയിലെ സമ്മേളന നടപടികളെക്കുറിച്ചുള്ള പട്ടികയില്‍ ജനലോക്പാല്‍ അവതരിപ്പിക്കുന്ന കാര്യം പരാമര്‍ശിക്കുന്നുമില്ല. നിയമസഭയുടെ ആദ്യ ദിനത്തില്‍ ജന്‍ലോക്പാല്‍ ബില്‍ അവതരണം അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ആംആദ്മി മന്ത്രി സോമനാഥ് ഭാരതി രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷമായ ബിജെപിയും കോണ്‍ഗ്രസ് അംഗങ്ങളും ബഹളമുണ്ടാക്കിയതിനാല്‍ ബില്ലവതരിപ്പിക്കാനായില്ല.

ജനലോക്പാല്‍ ബില്ലും, ദില്ലി സ്വരാജ് ബില്ലും പാസാക്കുന്നതിനാണു ഡല്‍ഹി സര്‍ക്കാര്‍ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ത്തിരിക്കുന്നത്. 16നു ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ ജനങ്ങളെ സാക്ഷിയാക്കി പ്രത്യേക സമ്മേളനം ചേര്‍ന്ന് ബില്ല് പാസാക്കാനുമാണ് തീരുമാനം. അതിനെ ബിജെപിയും കോണ്‍ഗ്രസും ശക്തമായി എതിര്‍ക്കുന്നുണ്ട്. ഏതെങ്കിലും വിധത്തില്‍ ബില്ല് പാസാക്കുന്നത് തടസ്സപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസിനും ബി ജെ പിക്കും ആക്കാനാണ് ആംആദ്മി പാര്‍ടിയുടെ നീക്കം.

No comments:

Post a Comment