Thursday, February 13, 2014

"ചുവന്ന കൊടിയുടെ തണലില്‍ മാറ്റക്കാഹളം ഉയരുന്നു..."

ചെറുകാട് നഗര്‍ (സി കേശവന്‍ സ്മാരക ടൗണ്‍ഹാള്‍, കൊല്ലം): നാടിന്റെ പോരാട്ടവഴികളിലെ പൂര്‍വസൂരികളെ അനുസ്മരിച്ചും വരാനിരിക്കുന്ന പോരാട്ടങ്ങളുടെ പ്രാധാന്യം ചൂണ്ടിക്കാട്ടിയും അവതരിപ്പിച്ച സ്വാഗതഗാനങ്ങള്‍ കെഎസ്ടിഎ 23-ാം സംസ്ഥാനസമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് നിറപ്പകിട്ടും ആവേശവും പകര്‍ന്നു.

"അക്ഷരമുത്തുകള്‍
അറിവിന്‍ മാലകള്‍
കോര്‍ത്തൊരു തലമുറ
ഒരുമിക്കുന്നു
ചുവന്ന കൊടിയുടെ
തണലില്‍
മാറ്റക്കാഹളം ഉയരുന്നു"

എന്ന ഗാനമാണ് ആദ്യം ആലപിച്ചത്. ദേവിപ്രസാദ് ശേഖര്‍ എഴുതി പരവൂര്‍ ജി ഉദയകുമാര്‍ ഈണമിട്ട വരികള്‍ "അരിയ കേരള ഹരിതഭൂവി- ലൊരു അമരസാഫല്യം..." എന്ന ഗാനവും തുടര്‍ന്ന് അവതരിപ്പിച്ചു. രതീഷ് ഇളമാട് ആണ് ഇത് എഴുതിയത്. ഇരു ഗാനങ്ങളും സമ്മേളനഹാളില്‍ തിങ്ങിനിറഞ്ഞവരില്‍ ആവേശത്തിന്റെ അലകള്‍ സൃഷ്ടിച്ചു. പോരാട്ടങ്ങളുടെ നിലയ്ക്കാത്ത ഓര്‍മകള്‍ അയവിറക്കുന്ന ഇരുഗാനങ്ങളും ശ്രോതാക്കളില്‍ ആവേശമായി പെയ്തിറങ്ങി. ഷാനവാസ് മുഹമ്മദ്. വി കെ രാജേശ്വരിയമ്മ, എസ് സ്വാഹാദേവി, എസ് തുളസീധരന്‍പിള്ള, ജി സുധര്‍മിണി, ആര്‍ എസ് ദീപ്തി, എന്‍ വസന്ത്, വി സുരേന്ദ്രന്‍പിള്ള, വീണ എസ് നായര്‍, വിദ്യാ എസ് നായര്‍, കെ ജി കൃഷ്ണന്‍കുട്ടി, കെ രാജീവ്, കെ ചക്രപാണി, ലക്ഷ്മി എസ് കുമാര്‍, ജെ പി ഭാഗ്യലക്ഷ്മി, പി എസ് പ്രസീദ, എന്‍ ജി ഗിരീഷ്, ആര്‍ ശ്രീരാജ് എന്നിവരാണ് സ്വാഗതഗാനം ആലപിച്ചത്. ഗസല്‍ഗാനങ്ങളും പഴയകാലഗാനങ്ങളും കോര്‍ത്തിണക്കി ഷാനവാസ്മുഹമ്മദ് ഒരുക്കിയ സംഗീതവിരുന്നും ശ്രദ്ധേയമായി.

വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം തകര്‍ക്കുന്നതിനെതിരെ പോരാടുക: കടന്നപ്പള്ളി

കൊല്ലം: വിദ്യാഭ്യാസമേഖലയുടെ സാമൂഹ്യലക്ഷ്യത്തെ തകര്‍ക്കുന്ന നയങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ കെഎസ്ടിഎയ്ക്ക് കഴിയണമെന്ന് കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. രാജ്യത്തിന്റെ ജീവല്‍പ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കുന്ന ദേശീയ ബദല്‍ രാഷ്ട്രീയസംവിധാനം അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.

കെ വരദരാജന്‍

പ്രക്ഷോഭസമരങ്ങളെ അസഹിഷ്ണുതയോടെ കാണുന്നവര്‍ അടങ്ങുന്ന ശമ്പളപരിഷ്കരണ കമീഷന്‍ ഉടച്ചുവാര്‍ക്കുകയോ പിരിച്ചുവിടുകയോ വേണമെന്ന് ദേശാഭിമാനി യൂണിറ്റ് മാനേജര്‍ കെ വരദരാജന്‍ പറഞ്ഞു. ഇടതുപക്ഷത്തിന്റെ പിന്തുണയില്‍ കേന്ദ്രത്തില്‍ സര്‍ക്കാര്‍ നിലനിന്ന സാഹചര്യത്തിലാണ് പുരോഗമനപരമായ തീരുമാനങ്ങള്‍ ഉണ്ടായതെന്നും കെ വരദരാജന്‍ പറഞ്ഞു.

മുത്തുസുന്ദരം

യാഥാര്‍ഥ്യങ്ങളെ ദേശീയമാധ്യമങ്ങള്‍ മറച്ചുപിടിക്കുകയാണെന്നും ബാങ്ക് ജീവനക്കാരുടെ സമരത്തോട് പ്രാധാന്യം നല്‍കാതെ നിലപാട് സ്വീകരിച്ചത് ഇതിന്റെ ഭാഗമാണെന്നും എഐഎസ്ജിഇഎഫ് അഖിലേന്ത്യ ജനറല്‍സെക്രട്ടറി മുത്തുസുന്ദരം പറഞ്ഞു. മോഡിയും രാഹുല്‍ഗാന്ധിയും തമ്മിലുള്ള റസലിങ് മത്സരമല്ല പാര്‍ലമെന്റ് തെരഞ്ഞെടുപ്പെന്നും ജനതയുടെ പോരാട്ടമായി മാറുമെന്നും മുത്തുസുന്ദരം പറഞ്ഞു.

deshabhimani

No comments:

Post a Comment